അവള്‍ക്കൊപ്പം ഒരാണ്ട്! ദിലീപ് അറസ്റ്റിലായിട്ട് ഇന്ന് ഒരുവര്‍ഷം

ഒരുവര്‍ഷക്കാലത്തിനിടയില്‍ എന്തെല്ലാം സംഭവിച്ചു എന്നതിനെക്കുറിച്ച് സീ ന്യൂസ്‌ ടീമിന്‍റെ അന്വേഷണം... അവള്‍ക്കൊപ്പം... ഒരാണ്ട്!

Arun Aravind | Updated: Jul 10, 2018, 08:17 PM IST
അവള്‍ക്കൊപ്പം ഒരാണ്ട്! ദിലീപ് അറസ്റ്റിലായിട്ട് ഇന്ന് ഒരുവര്‍ഷം

2017 ജൂലൈ 10

ചരിത്രത്തിലെ തന്നെ ആദ്യ 'ക്വട്ടേഷന്‍ മാനഭംഗക്കേസ്' എന്ന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രൊസിക്യൂഷന്‍ വിധിച്ച നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപ് അറസ്റ്റിലാകുന്നു.

ദിലീപ് അറസ്റ്റിലായി ഒരു വര്‍ഷം പിന്നിടുമ്പോഴും വിചാരണ വൈകിപ്പിക്കുന്നതുള്‍പ്പടെയുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കുകയാണ് പ്രതിഭാഗം.

2017 ഫെബ്രുവരി 17
തന്‍റെ ഏറ്റവും പുതിയ ചിത്രത്തിന്‍റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കി കാറില്‍ കൊച്ചിയിലേക്ക് മടങ്ങുകയായിരുന്ന നടിയെ നെടുമ്പാശ്ശേരി പറമ്പുഴ ഭാഗത്തുവെച്ച് മറ്റൊരു വാഹനത്തിലെത്തിയ സംഘം കാര്‍ തടഞ്ഞുനിര്‍ത്തി അതിക്രമിച്ചുകടന്ന് ശാരീരികമായി ഉപദ്രവിക്കുകയും, അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു.

2017 ഫെബ്രുവരി 23ന് കേസിലെ മുഖ്യപ്രതി പെരുമ്പാവൂര്‍ നെടുവേലിക്കുടി വീട്ടില്‍ സുനില്‍ കുമാര്‍, തലശേരി സ്വദേശി വിജീഷ് എന്നിവരെ കോടതിമുറിയില്‍ നിന്ന്‍ പൊലീസ് നാടകീയമായി അറസ്റ്റുചെയ്തു.

ഏപ്രില്‍ 20ന് സുനില്‍ കുമാറിന്‍റെ സഹതടവുകാരന്‍ വിഷ്ണു, തന്നെ സംഭവവുമായി ബന്ധപ്പെടുത്താതിരിക്കാന്‍ ഫോണില്‍ വിളിച്ച് ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടതായി ദിലീപ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി.

ജൂണ്‍ 25, ദിലീപിനെ ബ്ലാക്മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസില്‍ സഹതടവുകാരായ വിഷ്ണു, സനല്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. സുനില്‍ കുമാര്‍ ജയിലില്‍വെച്ച് കത്തെഴുതിയതായി അന്വേഷണ സംഘത്തിന് മൊഴി നല്‍കി.

ദിലീപിന്‍റെ സഹായികൂടിയായിരുന്ന സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനിയുടെ മൊബൈല്‍ഫോണ്‍ രേഖകള്‍ പരിശോധിച്ച പൊലീസിന് കേസില്‍ ദിലീപിന്‍റെ പങ്ക് വ്യക്തമാവുകയായിരുന്നു.

ജയിലിലായിരുന്നപ്പോള്‍ പള്‍സര്‍ സുനി ദിലീപിന് കത്ത് എഴുതിയതിന്റെയും മറ്റ് വെളിപ്പെടുത്തലുകളുടേയും അടിസ്ഥാനത്തില്‍ ജൂണ്‍ 28ന് ദിലീപ്, നാദിര്‍ഷ, ദിലീപിന്‍റെ സഹായി അപ്പുണ്ണി എനിവരെ അന്വേഷണസംഘം തുടച്ചയായ 13 മണിക്കൂര്‍ ചോദ്യം ചെയ്തു.

ദിലീപ് നായകനായി അഭിനയിച്ച രാമലീലയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ മുഖ്യപ്രതിയായ പള്‍സര്‍ സുനി എത്തിയിരുന്നതായി പൊലീസിന് തെളിവ് ലഭിച്ചു. തുടര്‍ന്ന്‍ ജൂലായ്‌ 10ന് ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

ക്രിമിനല്‍ ഗൂഡാലോചന, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, പ്രകൃതി വിരുദ്ധ പീഡനം, നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ ചുമത്തി ദിലീപിനെ പതിനൊന്നാം പ്രതിയാക്കിയാണ് അറസ്റ്റ് ചെയ്തത്.

ഒടുവില്‍ 85 ദിവസത്തെ ജയില്‍വാസം
കുറ്റപത്രം സമര്‍പ്പിക്കാന്‍ നാല് ദിവസം മാത്രം ശേഷിക്കേ വിചാരണത്തടവുകാരനായി ജയിലറയ്ക്കുള്ളില്‍ കിടക്കാതെ ഒക്ടോബര്‍ 3ന് ദിലീപ് പുറത്തിറങ്ങി.

നിരന്തര നിയമ പോരാട്ടങ്ങളിലൂടെയാണ് ദിലീപ് ജാമ്യം നേടിയെടുത്തത്. വിചാരണക്കോടതിയിലും ഹൈക്കോടതിയിലുമായി അഞ്ചുതവണ ദിലീപ് ജാമ്യം തേടിയെത്തി.

ജാമ്യത്തിലിറങ്ങി ഒന്‍പത് മാസം പിന്നിടുമ്പോള്‍ ഇതിനോടകം പല ആവശ്യങ്ങള്‍ ഉന്നയിച്ച് 11 ഹര്‍ജികളാണ് ദിലീപ് വിവിധ കോടതികളില്‍ നല്‍കിയിരിക്കുന്നത്. കേസ് സിബിഐ അന്വേഷിക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്.

പക്ഷേ, ഏതു ഏജന്‍സി കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെടാന്‍ പ്രതിയ്ക്ക് അവകാശമില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. സിബിഐ അന്വേഷണമെന്ന പ്രതിയുടെ ആവശ്യം വിചാരണ വൈകിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും സര്‍ക്കാര്‍ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചു.

ആക്രമണത്തിനിരയായ നടിയെ ബുദ്ധിമുട്ടിക്കാന്‍ ദിലീപ് മന:പൂര്‍വ്വം ശ്രമിക്കുകയാണ്. ഇരയായ നടിക്കും മുന്‍ ഭാര്യ മഞ്ചുവാര്യര്‍ക്കുമെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ദിലീപ് ഉന്നയിക്കുന്നതെന്നും പ്രൊസിക്യൂഷന്‍ നിലപാടെടുത്തു.

ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് 'അവള്‍ക്കൊപ്പം' എന്ന്‍ വിളംബരം ചെയ്ത് ആളെക്കൂട്ടിയ WCC എന്ന പെണ്‍കൂട്ടങ്ങള്‍ പോലും കടന്നാക്രമിക്കപ്പെടുന്ന ഈ സാഹചര്യത്തില്‍ ഇരയ്ക്ക് നീതികിട്ടുമോ എന്ന് നമുക്ക് കണ്ടറിയാം.

ZEE NEWS VIDEO