സത്കര്‍മ്മത്തിന്‍റെ പ്രധാന്യം വിളിച്ചോതി അക്ഷയതൃതീയ

വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ ദിനമാണ് അക്ഷയതൃതീയ എന്ന് അറിയപ്പെടുന്നത്. വർഷത്തിലെ ഏറ്റവും പുണ്യം നിറഞ്ഞ ദിവസങ്ങളില്‍ ഒന്നും കൂടിയാണ് ഇത്. 

Last Updated : May 7, 2019, 05:04 PM IST
സത്കര്‍മ്മത്തിന്‍റെ പ്രധാന്യം വിളിച്ചോതി അക്ഷയതൃതീയ

വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ ദിനമാണ് അക്ഷയതൃതീയ എന്ന് അറിയപ്പെടുന്നത്. വർഷത്തിലെ ഏറ്റവും പുണ്യം നിറഞ്ഞ ദിവസങ്ങളില്‍ ഒന്നും കൂടിയാണ് ഇത്. 

അക്ഷയ എന്ന വിശേഷണം ചില പ്രത്യേകവിശ്വാസങ്ങളെ ആധാരമാക്കിയാണ് ഈ ദിനത്തിന് ലഭിച്ചിരിക്കുന്നത്. ഈ ദിവസത്തില്‍ ചെയ്യുന്ന പുണ്യകർമങ്ങളുടെ ഫലം ക്ഷയമില്ലാത്തതാണെന്ന സങ്കല്പമാണ് ഈ സംജ്ഞകൾക്ക് ആസ്പദം. 

അക്ഷയതൃതീയനാളിൽ ചെയ്യുന്ന സത്കർമ്മങ്ങളുടെ ഫലം ക്ഷയിക്കില്ല എന്ന് പുരാതനകാലം മുതൽക്കേ വിശ്വാസമുണ്ട്. അന്ന് ദാനധർമ്മങ്ങൾ നടത്തുന്നത് വലിയ പുണ്യമായി പലരും കരുതുന്നു. ഈ ദിനത്തില്‍ പ്രകൃതി പോലും ഒരുങ്ങി നില്‍ക്കുന്നതായി ജ്യോതിഷ പണ്ഡിതര്‍ പറയുന്നു. അക്ഷയ തൃതീയ ദിവസം സൂര്യന്‍ അതിന്‍റെ പൂര്‍ണ പ്രഭയില്‍ നില്‍ക്കുന്നു. ജ്യോതിഷപ്രകാരം ചന്ദ്രനും അതിന്‍റെ ഏറ്റവും ഉത്തമമായ സ്‌ഥാനത്താണ്‌ ഈ ദിവസം നില്‍ക്കുന്നത്‌.
 
ദേവൻമാർക്കുപോലും വന്ദനീയമായ ദിവസമാണ് ഇത് എന്ന് കണക്കാക്കപ്പെടുന്നു. വരൾച്ചയിൽ വേവുന്ന ഭൂമിക്കു സാന്ത്വനസ്പർശമായി ഭഗീരഥമുനിയുടെ തപസ്സിലൂടെ ഗംഗാനദി സ്വർഗത്തിൽ നിന്നു ഭൂമിയിലേക്ക് ഒഴുകിയെത്തിയത് അക്ഷയ തൃതീയ ദിനത്തിലാണെന്നാണ് വിശ്വാസം. കൂടാതെ ബലഭദ്രൻ ജനിച്ച ദിവസം കൂടിയാണത്. പരശുരാമൻ ജനിച്ചത് അക്ഷയതൃതീയയിലായതിനാല്‍ പരശുരാമരൂപമുണ്ടാക്കി പൂജിക്കുന്ന സമ്പ്രദായം ഭാരതത്തിന്‍റെ ചില ഭാഗങ്ങളില്‍ കാണാന്‍ കഴിയും. 

കേരളത്തിലെ ഗുരുവായൂർക്ഷേത്രത്തിലും നമ്പൂതിരിഗൃഹങ്ങളിലും പ്രത്യേക പൂജകള്‍ നടത്താറുണ്ട്‌.

അക്ഷയതൃതീയ എന്ന ഉത്തമമായ ഈ ദിനത്തില്‍ ചെയ്യുന്ന ദാന പ്രവൃത്തികളുടെ ഫലം ദിനത്തിന്‍റെ പേരു സൂചിപ്പിക്കുന്നതുപോലെ അനന്തവുമായിരിക്കും. 

അതേസമയം ഈ വിശ്വാസത്തിന് കളങ്കം സംഭവിച്ചുവോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. കാരണം ഈ ദിനം സ്വര്‍ണം വാങ്ങുന്നതിന്‍റെ സവിശേഷത ഒന്ന്‌ വേറെതന്നെ എന്ന്‌ വിശ്വസിക്കുന്നവര്‍ ധാരാളമാണിപ്പോള്‍. ഈ ദിവസത്തില്‍ എന്തു വാങ്ങിയാലും അത് ഇരട്ടിക്കുമെന്ന വിശ്വാസവും ആളുകളില്‍ പ്രബലപ്പെട്ടു വരികയാണ്. 

 

Trending News