ഒടുവില്‍ ആ അമ്മയുടെ പോരാട്ടത്തിന് ഫലമുണ്ടായി...

ശിക്ഷ ഇനിയും വൈകിപ്പിക്കാനുള്ള നീക്കത്തെ കോടതി ഇല്ലാതാക്കിയെന്ന്‍ പ്രതികരിച്ച ആശ ദേവി നീതി പീഠത്തിനും, സര്‍ക്കാരിനും, രാഷ്ട്രപതിയ്ക്കും നന്ദി അറിയിച്ചു.   

Ajitha Kumari | Updated: Mar 20, 2020, 08:44 AM IST
ഒടുവില്‍ ആ അമ്മയുടെ പോരാട്ടത്തിന് ഫലമുണ്ടായി...

ന്യൂഡല്‍ഹി: ഒടുവില്‍ നിര്‍ഭയയുടെ അമ്മയായ ആശ ദേവിയ്ക്ക് നീതി ലഭിച്ചു. ഏഴുവര്‍ഷം മൂന്നുമാസം എട്ടു ദിവസം നീണ്ട നിയമപോരാട്ടത്തിനാണ് ഇന്ന് നീതി ലഭിച്ചത്. 

ശിക്ഷ ഇനിയും വൈകിപ്പിക്കാനുള്ള നീക്കത്തെ കോടതി ഇല്ലാതാക്കിയെന്ന്‍ പ്രതികരിച്ച ആശ ദേവി നീതി പീഠത്തിനും, സര്‍ക്കാരിനും, രാഷ്ട്രപതിയ്ക്കും നന്ദി അറിയിച്ചു. നിര്‍ഭയയുടെ അനുഭവം ഇനി ആര്‍ക്കും ഉണ്ടാകരുതെന്നും വൈകിയാണെങ്കിലും അവള്‍ക്ക് നീതി ലഭിച്ചുവെന്നും ആശ ദേവി പറഞ്ഞു. 

നാടകീയരംഗങ്ങള്‍ക്കൊടുവില്‍ നിര്‍ഭയ കേസിലെ പ്രതികളായ അക്ഷയ് സിംഗ്, വിനയ് ശര്‍മ്മ, പവന്‍ ഗുപ്ത, മുകേഷ് സിംഗ് എന്നിവരുടെ വധശിക്ഷ ഇന്ന് പുലര്‍ച്ചെ 5:30 ന് തിഹാര്‍ ജയിലില്‍ പ്രത്യേകം തയ്യാറാക്കിയ സെല്ലില്‍ നടപ്പിലാക്കി.

നിര്‍ഭയയ്ക്ക് നീതി ലഭിച്ച ദിവസമായ ഇന്ന് വനിതകളുടെതാണെന്നും ആശ ദേവി കൂട്ടിച്ചേര്‍ത്തു. മകളുടെ ഘാതകരെ തൂക്കിലേറ്റിയെങ്കിലും ആ അമ്മയുടെ ഉള്ളിലെ നീറ്റലിന് ഒരിക്കലും അവസാനമുണ്ടാകില്ല.

മരണത്തോട് മല്ലടിച്ച് നിര്‍ഭയ ആശുപത്രിയില്‍ കിടന്ന സമയത്ത് ഒരു ഞരക്കത്തോടെ അവള്‍ തന്നോട് വെള്ളം ചോദിച്ചിരുന്നുവെങ്കിലും തനിക്കത് നല്‍കാന്‍ കഴിഞ്ഞില്ലല്ലോ എന്ന നീറ്റല്‍  ആ അമ്മയുടെ ഉള്ളില്‍ നിന്നും ഒരിക്കലും മാഞ്ഞുപോകില്ല.

ഇപ്പോഴും ചോരവാര്‍ന്നു കിടക്കുന്ന മകളുടെ രൂപമാണ്‌ തന്‍റെ മനസ്സില്‍ എന്നു പറയുന്ന ആ അമ്മയുടെ വേദന പറഞ്ഞറിയിക്കാന്‍ കഴിയില്ല. ഓരോ ദിവസവും ഇരുട്ടിവെളുക്കുമ്പോഴും നിര്‍ഭയയുടെ മാതാപിതാക്കളുടെ ഉള്ളില്‍ എന്ന് വിധി നടപ്പിലാക്കും എന്ന ചിന്ത മാത്രമായിരുന്നു.

തന്‍റെ മകള്‍ക്ക് നീതി ലഭിക്കണമെങ്കില്‍ കുറ്റവാളികളുടെ വധശിക്ഷ തന്നെയാണ് വേണ്ടതെന്ന്‍ ആ മാതാപിതാക്കള്‍ ഉറച്ച് വിശ്വസിക്കുകയും അതിനുവേണ്ടി നിരന്തരം പോരാടുകയും ചെയ്തു. 

പോരാട്ടത്തില്‍ മുന്നില്‍ നിന്നത് നിര്‍ഭയയുടെ അമ്മ ആശ ദേവിയാണ്. നിര്‍ഭയ കൊല്ലപ്പെട്ട ഡിസംബര്‍ 16 ന് തന്നെ പ്രതികളെയും തൂക്കിലേറ്റണമെന്ന് നിര്‍ഭയയുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പുന:പരിശോധനാ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുന്നതിന്‍റെ ഭാഗമായി നീണ്ടു പോകുകയായിരുന്നു.

ഡിസംബര്‍ 18 ന് കേസ് പരിഗണിച്ചപ്പോള്‍ വൈകാരിക രംഗങ്ങളാണ് കോടതിയില്‍ അരങ്ങേറിയത്. വധശിക്ഷ നടത്തുന്നതിനു മുന്‍പ് പ്രതികളുടെ നിയമപരമായ അവകാശങ്ങള്‍കൂടി പരിഗണിക്കേണ്ടതുണ്ടെന്ന്‍ ചൂണ്ടിക്കാട്ടിയ കോടതിയോട് പ്രതികള്‍ക്ക് മാത്രമേ അവകാശങ്ങള്‍ ഉള്ളോയെന്നും ഞങ്ങള്‍ക്ക് അവകാശമില്ലെയെന്നും വികാരാധീനയായി നിര്‍ഭയയുടെ അമ്മ ആശ ദേവി ചോദിച്ചു.

അതിന് മറുപടിയായി നിങ്ങളുടെ കാര്യങ്ങള്‍ കേള്‍ക്കാനും പിന്തുണയ്ക്കാനുമാണ് കോടതി ഉള്ളതെന്ന് ചൂണ്ടിക്കാണിക്കുകയും എങ്കിലും നിയമങ്ങള്‍ പിന്തുടരുകയെന്നത് കോടതിയുടെ ബാധ്യതയാണെന്നും ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. 

കൂടാതെ ഇതിനു മുന്‍പ് പ്രതികളിലൊരാളുടെ അമ്മ കോടതി മുറിയില്‍ നിര്‍ഭയയുടെ അമ്മയോട് മകന്‍റെ ജീവനുവേണ്ടി യാചിച്ചപ്പോഴും ഇതിലൊന്നും എന്‍റെ മനസ്സ് അലിയില്ലെന്നും നിങ്ങളെപ്പോലെ എനിക്കും ഒരു മകള്‍ ഉണ്ടായിരുന്നുവെന്നുമായിരുന്നു ആശ ദേവി പ്രതികരിച്ചത്.

എന്തായാലും വര്‍ഷങ്ങള്‍ നീണ്ടു നിന്ന നിയമയുദ്ധത്തിനൊടുവില്‍ നീതിപീഠത്തില്‍ നിന്നും പ്രതീക്ഷിച്ച വിധിതന്നെ ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് ആ അമ്മ ഇന്ന്.  ഇത് നിര്‍ഭയയുടെ അമ്മയുടെ മാത്രം പോരാട്ടത്തിന്‍റെ വിജയമല്ല മറിച്ച് പെണ്‍കുട്ടികള്‍ ഉള്ള ഓരോ അമ്മമാരുടെയും വിജയമാണ് എന്നുതന്നെ പറയാം.

ഇന്ന് പുലര്‍ച്ചെ സുപ്രീംകോടതി വധശിക്ഷ നടപ്പിലാക്കാന്‍ വിധിച്ചപ്പോള്‍ മകളുടെ ചിത്രമെടുത്ത് നെഞ്ചോട്‌ ചേര്‍ത്തുപിടിച്ച് ആ അമ്മ പറഞ്ഞത് മകളെ... നിനക്കിന്ന് നീതി ലഭിച്ചുവെന്നാണ്.

ഇനി ഒരു പെണ്‍കുട്ടിയ്ക്കും അല്ലെങ്കില്‍ ഒരു അമ്മയ്ക്കും ഇങ്ങനൊരു വിധി കൊടുക്കരുതേയെന്ന്‍ നമുക്ക് ഏവര്‍ക്കും പ്രാര്‍ത്ഥിക്കാം.