ഇനി കാടിന്‍റെ മകളല്ല, നാടിന്‍റെ മകള്‍...

കൂലിപ്പണിക്കാരായ മാതാപിതാക്കളും മൂത്ത സഹോദരി സുഷിതയും അനുജന്‍ ശ്രീരാഗും അടങ്ങുന്നതാണു ശ്രീധന്യയുടെ കുടുംബം. 

Sneha Aniyan | Updated: Apr 6, 2019, 02:16 PM IST
ഇനി കാടിന്‍റെ മകളല്ല, നാടിന്‍റെ മകള്‍...

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ചരിത്ര വിജയം നേടി വയനാട്ടിലെ കുറിച്യ സമുദായാംഗമായ പൊഴുതന സ്വദേശി ശ്രീധന്യ സുരേഷ്. 

കേരളത്തില്‍ ഐഎഎസ് സ്വന്തമാക്കുന്ന ആദ്യ ആദിവാസി പെണ്‍കുട്ടിയാണ് ശ്രീധന്യ. ഇത്തവണത്തെ സിവില്‍ സര്‍വീസ് പരീക്ഷയുടെ ഫലം വന്നപ്പോള്‍ 410-ാം റാങ്കാണ് ഇരുപത്തിയഞ്ചുകാരിയായ ശ്രീധന്യയ്ക്ക് ലഭിച്ചത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയും ജീവിത പ്രാരാബ്ധങ്ങളും മറികടന്നാണ് ശ്രീധന്യ തിളക്കമാര്‍ന്ന ഈ നേട്ടം കൈവരിച്ചത്. 

കൂലിപ്പണിക്കാരായ മാതാപിതാക്കളും മൂത്ത സഹോദരി സുഷിതയും അനുജന്‍ ശ്രീരാഗും അടങ്ങുന്നതാണു ശ്രീധന്യയുടെ കുടുംബം.

അമ്പളക്കൊല്ലി സുരേഷ്- കമല ദമ്പതികളുടെ മകളായ ശ്രീധന്യ 85 ശതമാനത്തിലധികം മാര്‍ക്കോടെയാണ് എസ്.എസ്.എല്‍.സി. പരീക്ഷയില്‍ വിജയിച്ചത്. 

കോഴിക്കോട് ദേവഗിരി കോളജില്‍ നിന്നാണ് ശ്രീധന്യ ബിരുദവും ബിരുദാനന്തര ബിരുദവും സ്വന്തമാക്കിയത്. എട്ടു മാസത്തോളം വയനാട് എന്‍ ഊരു ടൂറിസം പദ്ധതിയില്‍ അസിസ്റ്റന്‍റായി ജോലി ചെയ്തു.

തുടര്‍ന്ന് രണ്ടു വര്‍ഷത്തോളം നീണ്ട സിവില്‍ സര്‍വീസ് ശ്രമങ്ങളായിരുന്നു. ജോലി ഉപേക്ഷിച്ച് ലക്ഷ്യം നേടാന്‍ ഇറങ്ങിതിരിച്ച ശ്രീധന്യ മലയാളമാണ് പരീക്ഷയില്‍ ഐശ്ചിക വിഷയമായി തിരഞ്ഞെടുത്തത്.

മൂന്നാം ശ്രമത്തില്‍ സിവില്‍ സര്‍വീസിന്‍റെ ആദ്യ ഘട്ടം താണ്ടിയ ശ്രീധന്യ ആദ്യ വര്‍ഷം തന്നെ  ഇന്‍റര്‍വ്യൂ നേടി. തിരുവനന്തപുരം സിവില്‍ സര്‍വീസ് എക്‌സിമിനേഷന്‍ ട്രെയിനിംഗ് സൊസൈറ്റിക്ക് കീഴിലായിരുന്നു ശ്രീധന്യയുടെ പരിശീലനം.