രാജ്യം കണ്ടതില്‍ ഏറ്റവും മികച്ച റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് വേദിയാവുകയാണ് ഇന്ന് രാജ്യതലസ്ഥാനം. ചരിത്രത്തിലാദ്യമായി 10 രാഷ്ട്രത്തലവന്മാര് ചടങ്ങില്‍ പങ്കെടുക്കുന്നു. രാജ്യത്തിന്റെ സൈനിക ശക്തിയും സാംസ്കാരിക വൈവിധ്യവും വിളിച്ചോതുന്ന വിപുലമായ പരിപാടികള്‍, വന്‍ സുരക്ഷാ വലയം... ലോകം ഇന്ത്യയെ ഉറ്റു നോക്കുന്ന ദിവസം.
1950, ജനുവരി 26ന് രാജ്യത്തിന്റെ പ്രഥമ രാഷ്ട്രപതി ഡോ.രാജേന്ദ്രപ്രസാദ് ആദ്യ റിപ്പബ്ലിക് ദിന പരിപാടികളില്‍ പങ്കെടുത്തപ്പോള്‍ ഇങ്ങനെയായിരുന്നില്ല സംവിധാനങ്ങള്‍. ഇപ്പോഴത്തെ ധ്യാന്‍ ചന്ദ് സ്റ്റേഡിയം നില്ക്കുന്നിടത്തായിരുന്നു അന്നത്തെ ആഘോഷപരിപാടികള്‍. മൂവായിരത്തോളം സൈനികരും നൂറോളം വൈമാനികരും പങ്കെടുത്ത ലളിതമായ സൈനിക അഭ്യാസമായിരുന്നു അന്നത്തെ പ്രധാന ആകര്‍ഷണമായിരുന്നത്.
1955 മുതലാണ് രാജ്പഥിലേക്ക് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ എത്തുന്നത്. ഇപ്പോള്‍ കാണുന്ന രീതിയിലുള്ള ആഘോഷങ്ങള്‍ ആരംഭിക്കുന്നത് അന്ന് മുതലാണ്. രാജ്പഥ് സ്ഥിരം വേദിയാക്കി. രാജ്യത്തിന്റെ സൈനികശക്തി, സാംസ്കാരിക വൈവിധ്യം, നേട്ടങ്ങള്‍ എന്നിവയൊക്കെ പങ്കു വയ്ക്കുന്ന പരിപാടിയായി റിപ്പബ്ലിക് ദിന പരേഡ്.
എല്ലാ വര്‍ഷവും ഏതെങ്കിലും ഒരു രാഷ്ട്രത്തലവനെ ആഘോഷപരിപാടികളില്‍ അതിഥിയായി ക്ഷണിക്കാറുണ്ട്. ആദ്യ റിപ്പബ്ലിക് ദിന ആഘോഷങ്ങളില്‍ അതിഥിയാകാന്‍ ക്ഷണിക്കപ്പെട്ടത് ഇന്തോനേഷ്യയായിരുന്നു. ഇതുവരെ 44 രാഷ്ട്രത്തലവന്മാര് റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. എന്നാല്‍, ഇത്തവണ 10 രാഷ്ട്രത്തലവന്മാരാണ് ആഘോഷങ്ങളില്‍ പങ്കെടുക്കുന്നത്.
ആസിയാന്‍ രൂപീകരണത്തിന്റെ അന്‍പതാം വാര്‍ഷികവും ആസിയാനില്‍ ഇന്ത്യ അംഗത്വം എടുത്തതിന്റെ ഇരുപത്തിയഞ്ചം വാര്‍ഷികവും പ്രമാണിച്ചാണ് ഇത്തരമൊരു നടപടി. ഇത്തവണ ചരിത്രത്തിലാദ്യമായി റിപ്പബ്ലിക് ദിന പരേഡിന് മുന്നോടിയായി ആകാശത്ത് ആസിയാന്‍ പതാക പാറിക്കും. വ്യോമസേനയുടെ അഞ്ച് ഹെലികോപ്റ്ററുകൾ പറക്കുന്നത്തിൽ ആദ്യത്തേതിൽ ആസിയാന്റെ പതാകയും രണ്ടാമത്തേതിൽ ദേശീയ പതാകയും പിന്നീടുള്ളവയിൽ കര, നാവിക വ്യോമ സേനയുടെയും പതാകകളുമാണ് പറക്കുക.
ചരിത്രത്തിലേക്ക് ഒട്ടേറെ പുതിയ കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷം കടന്നുപോകുന്നത്. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ശ്രദ്ധേയ ശക്തിയായി വളരുന്ന ഇന്ത്യയുടെ നിലപാടുകളുടെ പ്രഖ്യാപനം കൂടിയാവുകയാണ് ഇന്നത്തെ ആഘോഷചടങ്ങുകള്‍.