കേരളപ്പിറവി: ഐക്യകേരളത്തിന് ഇന്ന് 63 വയസ്

നേട്ടങ്ങളും കോട്ടങ്ങളും അതിലേറെ വെല്ലുവിളികളും നിറഞ്ഞ പിന്നിട്ട വര്‍ഷങ്ങളുടെ ഓര്‍മ്മ പങ്കുവെക്കുകയാണ് ഇന്ന് കേരളം.   

Ajitha Kumari | Updated: Nov 1, 2019, 07:48 AM IST
കേരളപ്പിറവി: ഐക്യകേരളത്തിന് ഇന്ന് 63 വയസ്

ഐക്യകേരളത്തിന് ഇന്ന് 63 വയസ്. നേട്ടങ്ങളും കോട്ടങ്ങളും അതിലേറെ വെല്ലുവിളികളും നിറഞ്ഞ പിന്നിട്ട വര്‍ഷങ്ങളുടെ ഓര്‍മ്മ പങ്കുവെക്കുകയാണ് ഇന്ന് കേരളം. 1956 നവംബര്‍ ഒന്നിനാണ് കേരളം രൂപം കൊണ്ടത്. 

ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടി ഇന്ത്യൻ യൂണിയൻ രൂപീകൃതമായിട്ടും മലബാറും തിരുകൊച്ചിയും തിരുവിതാംകൂറുമായി ഭിന്നിച്ചു നിൽക്കുകയായിരുന്നു മലയാളികൾ. 

1947ൽ തുടങ്ങിയ ഭാഷാ സംസ്ഥാന രൂപീകരണമെന്ന ആശയം ശക്തമായപ്പോഴാണ് 5 ജില്ലകളെ കോർത്തിണക്കി ഐക്യ കേരളത്തിന്‍റെ പിറവി. അങ്ങനെ 1956 നവംബർ ഒന്നിന് കേരളം യാഥാർത്ഥ്യമായി. 

തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേശങ്ങളുടെ കൂടിച്ചേരല്‍. അവതാര ഐതീഹ്യത്തോളം പഴക്കമുള്ള ദേശം ഐക്യരൂപം കൊണ്ടത് മലയാളഭാഷയുടെ പേരില്‍. 

മലയോരവും തീരവും ഇടനാടും ചേര്‍ന്ന വൈവിദ്ധ്യമാര്‍ന്ന ഭൂപ്രകൃതിക്കൊപ്പം സന്തുലിത കാലാവസ്ഥ കൂടി ചേര്‍ന്നപ്പോള്‍ ദൈവത്തിന്‍റെ സ്വന്തം നാടായി നമ്മുടെ കേരളം. ഐക്യകേരളത്തിനു വേണ്ടി നെടുനാളായി മലയാളികള്‍ ശബ്ദമുയര്‍ത്തുകയായിരുന്നു.

ഭാഷാ സംസ്ഥാനങ്ങള്‍ക്കുവേണ്ടി ഇന്ത്യയില്‍ പലയിടത്തും പോരാട്ടങ്ങളും അരങ്ങേറി. അവയുടെയെല്ലാം വിജയം കൂടിയായിരുന്നു കേരളപ്പിറവി. 

1955 സെപ്റ്റംബറില്‍ കമ്മീഷന്‍ കേന്ദ്ര ഗവണ്‍മെന്റിനു റിപ്പോര്‍ട്ടു സമര്‍പ്പിച്ചു. അതില്‍ കേരളസംസ്ഥാനരൂപവത്കരണത്തിനും ശുപാര്‍ശയുണ്ടായിരുന്നു. 

സംസ്ഥാന പുന:സംഘടനാ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തി പതിമൂന്നു മാസം കഴിഞ്ഞാണ് ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം തയ്യാറാക്കിയത്. 

തിരുവിതാംകൂറിലെ തോവാള, അഗസ്തീശ്വരം, കല്‍ക്കുളം, വിളവങ്കോട് താലൂക്കുകളും ചെങ്കോട്ടത്താലൂക്കിന്‍റെ ഒരു ഭാഗവും വേര്‍പെടുത്തി മദിരാശി സംസ്ഥാനത്തോടു ചേര്‍ത്തു. 

ശേഷിച്ച തിരുകൊച്ചി സംസ്ഥാനത്തോടു മലബാര്‍ ജില്ലയും തെക്കന്‍ കാനറാ ജില്ലയിലെ കാസര്‍കോടു താലൂക്കും ചേര്‍ക്കപ്പെട്ടു. ഫലത്തില്‍ കന്യാകുമാരി ജില്ലകേരളത്തിനു നഷ്ടപ്പെടുകയും ഗൂഡല്ലൂര്‍ ഒഴികെയുള്ള മലബാര്‍ പ്രദേശം കേരളത്തോടു ചേര്‍ക്കപ്പെടുകയും ചെയ്തു. 

കേരള സംസ്ഥാനത്തിന്‍റെ ആദ്യരൂപത്തില്‍ മൊത്തം അഞ്ചു ജില്ലകളാണുണ്ടായിരുന്നത്. നവംബര്‍ ഒന്നിന് പഴയ തിരുവിതാംകൂര്‍ രാജാവ് ചിത്തിര തിരുനാള്‍ ബാല രാമ വര്‍മ്മ തിരുകൊച്ചി രാജപ്രമുഖ സ്ഥാനത്തുനിന്നു വിരമിച്ചു. 

ബി. രാമകൃഷ്ണ റാവു ഗവര്‍ണറായി തിരു കൊച്ചിയില്‍ പ്രസിഡന്റ് ഭരണം നിലവിലിരിക്കുമ്പോഴാണ്‌ സംസ്ഥാന പുന:സംഘടന നടന്നത്. 

കേരള സംസ്ഥാനത്തിലെ ആദ്യ പൊതുതെരഞ്ഞെടുപ്പ് 1957 ഫെബ്രുവരി 28നായിരുന്നു. ആ തെരഞ്ഞെടുപ്പിലൂടെ ഇഎംഎസ് മുഖ്യമന്ത്രിയായുള്ള കേരള സര്‍ക്കാര്‍ അധികാരത്തില്‍ വന്നു.

തിരു കൊച്ചി, തിരുവിതാംകൂർ രാജവംശങ്ങളുടെ ഭരണത്തിനും അതോടെ അറുതിയായി. ആദ്യ തിരഞ്ഞെടുപ്പും കേരളത്തെ ലോകത്തിന് മുന്നിൽ വ്യത്യസ്തരാക്കി. 

ബാലറ്റിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന രണ്ടാമത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ എന്ന റെക്കോർഡ് ഇഎംഎസിന്‍റെ നേതൃത്വത്തിലുള്ള സർക്കാരിന് ലഭിച്ചു. പിന്നീട് സംഭവ ബഹുലമായ അര നൂറ്റാണ്ടിന്‍റെ രാഷ്ട്രീയ ചരിത്രത്തിലൂടെയാണ് കേരളം കടന്നുപോയത്.

സംസ്ഥാനം പിറവിയെടുക്കുമ്പോള്‍ പകുതിയിലധികം ജനങ്ങളും കര്‍ഷകരായിരുന്നു.  പരിഷ്‌കരണത്തിന്‍റെ പേരില്‍ വീതം വയ്ക്കപ്പെട്ട ഭൂമിയില്‍ ഇന്ന് കൃഷിയിറക്കുന്നത് വിരലിലെണ്ണാവുന്ന ശതമാനം ആളുകള്‍ മാത്രം. 

മാറിമാറി വന്ന സര്‍ക്കാരുകള്‍ നയങ്ങള്‍ കൊട്ടിഘോഷിച്ചെങ്കിലും ഭൂമിയുടെ അവകാശത്തിനായി വനവാസികളടക്കമുളളവരുടെ പോര് ഇന്നും തുടരുന്നു. 

സാംസ്കാരിക രംഗത്തും വിദ്യാഭ്യാസ ആരോഗ്യ മേഖലയിലെല്ലാം രാജ്യത്തെ മുന്നോട്ട് നയിക്കാനും മാതൃകയാക്കാനും അന്നും ഇന്നും മലയാളികൾ മത്സരിച്ചുകൊണ്ടിരിക്കുന്നു. 

നിഷേധാത്മക സമീപനങ്ങള്‍ വ്യാവസായിക മേഖലയ്ക്ക് വിഘാതമായപ്പോള്‍ മലയാളി ആശ്രയിച്ചത് പ്രവാസജീവിതത്തെ. അതാകട്ടെ നമുക്ക് സമ്മാനിച്ചത് പുതിയ സാമൂഹിക സാമ്പത്തിക ഘടനയും.

മറ്റൊരു പ്രത്യേകത കേരളത്തിലെ സാക്ഷരതയാണ്. സമ്പൂര്‍ണ സാക്ഷരതയിലൂടെയാണ് കേരളം രാജ്യത്തിന് വഴികാട്ടിയാകുന്നത്.

എല്ലാ മലയാളികര്‍ക്കും സീ ന്യൂസിന്‍റെ കേരളപ്പിറവി ആശംസകള്‍.