close

News WrapGet Handpicked Stories from our editors directly to your mailbox

പ്രതിസന്ധികള്‍ക്കിടയിലും ജനകീയ വണ്ടി പ്രസ്ഥാനം എണ്‍പതിന്‍റെ നിറവില്‍

കെഎസ്ആര്‍ടിസി അതീവ പ്രതിസന്ധി നേരിടുകയാണ്,  ഇത് അടച്ചു പൂട്ടേണ്ടി വരും, പെന്‍ഷന്‍ വിതരണം തടസ്സപ്പെട്ടു, കുടിശിക അടക്കം പെൻഷൻ നൽകി തുടങ്ങി കെഎസ്ആര്‍ടിസിയെക്കുറിച്ചുള്ള നിരവധി വാര്‍ത്തകളാണ് ദിനംപ്രതി നാം കേള്‍ക്കുന്നത്. ഒടുവില്‍ നമ്മുടെ സ്വന്തം 'ആനവണ്ടി' ഓടിയോടി കിതച്ച് കിതച്ച് എണ്‍പതിലെത്തി നില്‍ക്കുകയാണ്. 

Arun Aravind | Updated: Feb 20, 2018, 05:54 PM IST
പ്രതിസന്ധികള്‍ക്കിടയിലും ജനകീയ വണ്ടി പ്രസ്ഥാനം എണ്‍പതിന്‍റെ നിറവില്‍
Courtesy Gemini Unnikrishnan

കെഎസ്ആര്‍ടിസി അതീവ പ്രതിസന്ധി നേരിടുകയാണ്,  ഇത് അടച്ചു പൂട്ടേണ്ടി വരും, പെന്‍ഷന്‍ വിതരണം തടസ്സപ്പെട്ടു, കുടിശിക അടക്കം പെൻഷൻ നൽകി തുടങ്ങി കെഎസ്ആര്‍ടിസിയെക്കുറിച്ചുള്ള നിരവധി വാര്‍ത്തകളാണ് ദിനംപ്രതി നാം കേള്‍ക്കുന്നത്. ഒടുവില്‍ നമ്മുടെ സ്വന്തം 'ആനവണ്ടി' ഓടിയോടി കിതച്ച് കിതച്ച് എണ്‍പതിലെത്തി നില്‍ക്കുകയാണ്. 

ചുവപ്പും മഞ്ഞയും നിറമുള്ള രാജരഥം അനന്തപുരിയുടെ വീഥികളെ തൊട്ടു തലോടിയിട്ട് ഇന്നേക്ക് എണ്‍പത് വര്‍ഷങ്ങള്‍ തികയുകയാണ്. തിരുവിതാംകൂര്‍ ഗവണ്‍മെന്റിന്‍റെ കാലത്ത് ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവ് 1938 ഫിബ്രുവരി 20ന് ഉദ്ഘാടനം ചെയ്ത തിരുവിതാംകൂര്‍ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റാണ് പില്‍ക്കാലത്ത് സ്വയംഭരണാധികാരത്തോടെ 1965 ഏപ്രില്‍ 1 ന് കേരളാ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ആയി മാറിയത്.

മലയാള ദേശത്തെ ആദ്യത്തെ പൊതു പബ്ലിക് ട്രാന്‍സ്പോര്‍ട്ട് സമ്പ്രദായമാണ് ശ്രീ ചിത്തിര തിരുനാളിന്‍റെ കാലത്ത് നടപ്പിലാക്കിയത്. ദിവാന്‍ സര്‍ സി. പി രാമസ്വാമി അയ്യരും ഇ. ജി സാള്‍ട്ടര്‍ സായിപ്പും അന്ന് തുടക്കം കുറിച്ച സംരംഭമാണ് ഇന്നത്തെ കെഎസ്ആര്‍ടിസി. കൊല്ലവര്‍ഷം 1113 കുംഭം ആറാം തീയതി വൈകുന്നേരം അഞ്ച് മണിക്കായിരുന്നു ഉദ്ഘാടനം. 

രൂപത്തിലും ഭാവത്തിലും വ്യത്യസ്ഥമായ 34 ബസുകള്‍. അതില്‍ ഏറ്റവും മുന്നിലുള്ള ബസില്‍ പൊന്നുതമ്പുരാനും പരിവാരങ്ങളും യാത്ര ചെയ്ത രംഗം അനന്തപുരിയിലെ പ്രജകള്‍ കൌതുകത്തോടെ നോക്കി നിന്നു.  മുന്‍പിലുള്ള ബസ് ഓടിച്ചിരുന്നത് സാള്‍ട്ടര്‍ സായിപ്പാണ്.  കിഴക്കേകോട്ട, തമ്പാനൂര്‍, മെയിന്‍ റോഡ്‌ വഴി സഞ്ചരിച്ച ബസ് യാത്ര കവടിയാര്‍ സ്ക്വയറില്‍ അവസാനിച്ചതോടെ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ടിന് പിറവിയായി.

ഉദ്ഘാടനം കഴിഞ്ഞ അടുത്ത ദിവസം തന്നെ തിരുവനന്തപുരം കന്യാകുമാരി, നാഗര്‍കോവില്‍, കുളച്ചല്‍ സര്‍വീസുകള്‍ ആരംഭിച്ചു. പക്ഷെ ആഴ്ചകള്‍ കഴിഞ്ഞാണ് തിരുവനന്തപുരം നഗരത്തെ മറ്റ് കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ചുള്ള സര്‍വ്വീസുകള്‍ തുടങ്ങുന്നത്. 

വിദ്യാസമ്പന്നരായ ജീവനക്കാരായിരുന്നു കണ്ടക്ടര്‍മാരും ഡ്രൈവര്‍മാരും. എല്ലാവരും ബിഎ പാസ്സായവര്‍. ഇവര്‍ക്ക് പ്രത്യേക യൂണിഫോം ഉണ്ടായിരുന്നു. കൃത്യനിഷ്ഠ, യാത്രക്കാരോടുള്ള മാന്യമായ പെരുമാറ്റം, നല്ല ബസ് സ്റ്റാന്‍ഡുകള്‍ എന്നിവയെല്ലാം സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ബസുകളെ പ്രിയങ്കരമാക്കി.

1970കള്‍ വരെ നല്ല നിലയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ഈ സ്ഥാപനം പിന്നീട് ലാഭനഷ്ടങ്ങളുടെ മാനേജ്‌മെന്റ് രീതിയിലേക്ക് കടന്നു. പൊതുജനങ്ങള്‍ക്ക് ചെലവ് കുറഞ്ഞ സുരക്ഷിത യാത്ര പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തില്‍ നിന്നും ലാഭത്തോടുകൂടി മുതല്‍ തിരിച്ച് പിടിക്കുക എന്ന ലക്ഷ്യത്തിലേക്ക് മാറി. ഇത് കൃത്യമായ ഒരു ചുവട് മാറ്റമായിരുന്നു. ഒപ്പം പ്രതിസന്ധിയിലേക്കുള്ള ചുവട് വെപ്പും.

മാറിമാറി അധികാരത്തില്‍ വരുന്നവരുടെയും, വലിയ മാറ്റങ്ങളില്ലാതെ തുടരുന്ന മാനേജ്‌മെന്റിന്റെയും കക്ഷി രാഷ്ട്രീയ സാമ്പത്തിക താല്പര്യങ്ങളാണ് ദീര്‍ഘകാലമായി കെഎസ്ആര്‍ടിസിയെ നിയന്ത്രിക്കുന്നത്. സങ്കുചിതവും വ്യക്തിപരവുമായ താല്പര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രതിലോമപരമായ മാനേജ്‌മെന്റ് വ്യവസ്ഥയാണ് കെഎസ്ആര്‍ടിസിയുടെ ശാപമെന്ന് സത്യസന്ധമായ ഏതൊരന്വേഷണവും വെളിവാക്കും.

ഏതായാലും തിരുവിതാംകൂര്‍ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എന്ന ജനകീയ വണ്ടി പ്രസ്ഥാനം ഉരുണ്ടുരുണ്ട്‌ കെഎസ്ആര്‍ടിസിയായി പരിണമിച്ച് കേരളത്തിനകത്തും പുറത്തും ഓട്ടം തുടങ്ങി. കണക്ക് പുസ്തകത്തില്‍ നഷ്ടത്തിന്‍റെ കണക്കിന് സ്ഥാനവലിപ്പമുള്ള പബ്ലിക് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ മത്സരിച്ചോടുമ്പോഴും കിതയ്ക്കുകയാണെങ്കിലും കഴിഞ്ഞ എണ്‍പത് വര്‍ഷക്കാലമായി ജനത്തിന്‍റെ മുഖ്യ ആശ്രയമായി ഇന്നും നിലകൊള്ളുന്നു.