തെളിനീരിനായി കടവത്തൊരു തോണി; പാട്ടില്‍ നിന്ന് നാട്ടിലേക്കൊരു ഹരിത ക്യാമ്പയിന്‍

നമ്മുടെ നാട്ടിലൂടെ തലങ്ങും വിലങ്ങും ഒഴുകിക്കൊണ്ടിരുന്ന, നമ്മുടെ കളിതമാശകള്‍ക്ക് സാക്ഷിയായിരുന്ന പുഴകളും തോടുകളും കുളങ്ങളും തിരിച്ചു പിടിക്കണമെന്ന സ്വപ്നവുമായാണ് കടവത്ത് ഈ തോണി ഇരിക്കുന്നത്. ക്യാമ്പയിനെക്കുറിച്ച് ലീല എൽ ഗിരികുട്ടൻ  സീ മലയാളവുമായി സംസാരിക്കുന്നു. 

Last Updated : Apr 25, 2018, 01:00 PM IST
തെളിനീരിനായി കടവത്തൊരു തോണി; പാട്ടില്‍ നിന്ന് നാട്ടിലേക്കൊരു ഹരിത ക്യാമ്പയിന്‍
മുഖപുസ്തകത്തിലെ ഹാഷ്ടാഗ് പ്രളയങ്ങള്‍ക്കിടയില്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരു ഒഴുക്ക് സ്വപ്നം കണ്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടവത്തൊരു തോണി എന്ന ഹാഷ്ടാഗും സജീവമാണ്. നമ്മുടെ നാട്ടിലൂടെ തലങ്ങും വിലങ്ങും ഒഴുകിക്കൊണ്ടിരുന്ന, നമ്മുടെ കളിതമാശകള്‍ക്ക് സാക്ഷിയായിരുന്ന പുഴകളും തോടുകളും കുളങ്ങളും തിരിച്ചു പിടിക്കണമെന്ന സ്വപ്നവുമായാണ് കടവത്ത് ഈ തോണി ഇരിക്കുന്നത്. പാട്ടിലൂടെ ഈ വലിയ വിഷയത്തിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത് ഗായകനും സംഗീത സംവിധായകനുമായ ലീല എല്‍ ഗിരികുട്ടനാണ്. കടവത്തൊരു തോണി എന്ന ക്യാമ്പയിനെക്കുറിച്ച് ലീല എല്‍ ഗിരികുട്ടന്‍ സീ മലയാളവുമായി സംസാരിക്കുന്നു. 
 
ക്യാമ്പയിന്റെ തുടക്കം
 
തികച്ചും വ്യക്തിപരമായ അനുഭവങ്ങളില്‍ നിന്ന് ഒരു പാട്ടിന്റെ ഈണം ഒഴുകി വരുന്നതു പോലെ സ്വാഭാവികമായിട്ടാണ് കടവത്തൊരു തോണി എന്ന ക്യാമ്പയിന്‍ പരുവപ്പെട്ടതെന്ന് ലീല എല്‍ ഗിരികുട്ടന്‍ പറയുന്നു. ഒന്നു കുളിച്ച് തോര്‍ത്തുമ്പോഴേക്കും വിയര്‍ത്ത് തുടങ്ങുന്നു. ചൂട് കാരണം രാത്രിയിലെ ഉറക്കം നഷ്ടപ്പെടുന്നു. പ്രകൃതിയെ കരുതലോടെ ഉപയോഗിച്ചില്ലെങ്കില്‍ വരും തലമുറയ്ക്ക് ഒന്നും ബാക്കിയുണ്ടാവില്ലെന്ന് പറയുന്നത് പോലും മാറ്റി പറയേണ്ടി വരുന്നു. വരും തലമുറയ്ക്കല്ല, ഇപ്പോഴുള്ളവര്‍ക്ക് പോലും ഇങ്ങനെ പോയാല്‍ ഒന്നും അവശേഷിക്കില്ല. ഇവിടെ നിന്നാണ് കടവത്തൊരു തോണി എന്ന ക്യാമ്പയിന്‍ തുടങ്ങുന്നത്. 
 
എന്താണ് ക്യാമ്പയിന്‍?
 
നാം കേടാക്കിയ പുഴകളും , കുളങ്ങളും, വനങ്ങളും ഒക്കെ വീണ്ടെടുക്കാനുള്ള പരിശ്രമം. ഇനിയും ബാക്കിയുള്ള ജല സ്രോതസ്സുകളെ കുടിവെള്ള സ്രോതസ്സുകളായി കണ്ട് പരിരക്ഷിക്കണം എന്നതാണ് കടവത്തൊരുതോണി മുന്നോട്ടു വയ്ക്കുന്ന ആശയം. നിങ്ങളുടെ പ്രദേശത്ത് മുന്‍പ് ഉപയോഗിച്ചിരുന്നതും ഇപ്പോള്‍ ഉപയോഗ ശൂന്യവുമായ ഒരു ജലാശയം ഉണ്ടെങ്കില്‍ അതിന്റെ കരയില്‍ നിന്നോ അല്ലാതെയോ അതിന്റെ മുന്‍പത്തെ അവസ്ഥയും ഇപ്പോഴത്തെ അവസ്ഥയും പറയുന്ന ഒരു സെല്‍ഫി വീഡിയോയോ, ഫോട്ടോസഹിതമുള്ള എഴുത്തു വിവരണമോ കടവത്തൊരുതോണി ഹാഷ് ടാഗില്‍ പോസ്റ്റ് ചെയ്യുക. ഇതാണ് ക്യാമ്പയിന്റെ ആദ്യഘട്ടം. 
 
'മണ്ണിലിറങ്ങുക തന്നെ വേണം'
 
നമുക്ക് ചുറ്റുമുള്ള ജലസ്രോതസുകളെ അറിയുന്നതിനും പരിചയപ്പെടുന്നതിനും അതിലേക്ക് ശ്രദ്ധ കൊണ്ടുവരുന്നതിനും വേണ്ടിയാണ് ഹാഷ്ട്ടാഗ് ക്യാമ്പയിന്‍. അതിന് ശേഷം മണ്ണിലിറങ്ങുക തന്നെ വേണം. ഓരോ ജലസ്രോതസും സംരക്ഷിക്കാന്‍ തദ്ദേശീയമായ കൂട്ടായ്മകള്‍ രൂപപ്പെടണം. അതിനാവശ്യമായ ഏകോപനവും കണ്ണിചേര്‍ക്കലുകളും അടുത്ത ഘട്ടത്തില്‍ നടക്കും. സര്‍ക്കാര്‍ തലത്തിലുള്ള സഹായങ്ങളും ഇടപെടലുകളും തേടേണ്ടതുണ്ട്. അതും ക്യാമ്പയിന്റെ ഭാഗമായി നടക്കും. ഇപ്പോള്‍ പ്രാഥമിക ഘട്ടത്തിലാണ് കടവത്തൊരു തോണി എന്ന ക്യാമ്പയിന്‍.
 
 
കയ്യേറ്റങ്ങള്‍ക്കെതിരെ നിയമനടപടി
 
നമ്മുടെ ജലാശയങ്ങള്‍ വലിയ തോതില്‍ കയ്യേറ്റം ചെയ്യപ്പെടുന്നുണ്ട്. അത്തരം വിഷയങ്ങളില്‍ നിയമപരമായ ഇടപെടലുകള്‍ നടത്തേണ്ടി വരും. അത്തരം കാര്യങ്ങളും കൂടി മുന്നില്‍ കണ്ടുകൊണ്ടാണ് ക്യാമ്പയിന്‍ തുടങ്ങിയിരിക്കുന്നത്. 
 
'മണ്ണ് കൂടി സംരക്ഷിച്ചാലേ, വെള്ളമുണ്ടാകൂ'
 
ജലസ്രോതസുകള്‍ വൃത്തിയാക്കുന്നതിലും സംരക്ഷിക്കുന്നതിലും മാത്രം ഒതുങ്ങുന്നതല്ല ഈ ക്യാമ്പയിന്‍. വെള്ളം ജലസ്രോതസുകളില്‍ നിലനില്‍ക്കമെങ്കില്‍ വെള്ളം സംഭരിക്കാനുള്ള കഴിവ് മണ്ണിനും ഉണ്ടാകണം. അത്തരത്തില്‍ മണ്ണു കൂടി സംരക്ഷിച്ചാലേ നല്ല കുടിനീരുണ്ടാകൂ. ഈ അറിവുകള്‍ പ്രാദേശിക കൂട്ടായ്മകളിലേക്ക് പകര്‍ന്നു നല്‍കിയാലേ നമ്മുടെ ജലാശയങ്ങളില്‍ വെള്ളമുണ്ടാകൂ. ഇങ്ങനെയുള്ള ഇടപെടലുകളിലൂടെ മുന്നോട്ടു പോകാനാണ് ക്യാമ്പയിന്‍ ഉദ്ദേശിക്കുന്നത്. 
 
ലഭിക്കുന്നത് മികച്ച പ്രതികരണം
 
ഫേസ്ബുക്കില്‍ ക്യാമ്പയിന്‍ തുടങ്ങിയിട്ട് കുറച്ച് ദിവസമേ ആയിട്ടുള്ളൂ. എങ്കിലും പ്രതീക്ഷിച്ചതിലും മികച്ച പ്രതികരണമാണ് ലഭിച്ചത്. പ്രശസ്തരായ വ്യക്തികള്‍ മാത്രമല്ല വളരെ സാധാരണക്കാരായ ആളുകള്‍ പോലും ഈ ക്യാമ്പയിന്‍ കണ്ട് അതില്‍ പങ്ക് ചേരുന്നുണ്ട്. വീഡിയോ എടുത്ത് പങ്ക് വച്ചില്ലെങ്കിലും പലരും ഫോണ്‍ വഴിയും മറ്റും ഇത്തരം കാര്യങ്ങള്‍ പങ്കു വയ്ക്കുന്നുണ്ട്. വീഡിയോ കണ്ട് പിറവം പഞ്ചായത്ത് ഒരു പരിപാടിക്ക് ക്ഷണിച്ചിട്ടുണ്ട്. കൂടാതെ ചലച്ചിത്രതാരമായ ഗോകുലന്‍ ഈ ക്യാമ്പയിനില്‍ പങ്കെടുത്ത് പോസ്റ്റ് ചെയ്ത വീഡിയോ അവരുടെ നാട്ടില്‍ വലിയ ചര്‍ച്ചയാവുകയും വീഡിയോയില്‍ പരിചയപ്പെടുത്തിയ ആനക്കുളം വൃത്തിയാക്കാന്‍ നാട്ടുകാര്‍ തന്നെ മുന്നോട്ട് വന്നിട്ടുണ്ട്. ഇത്തരം ഇടപെടലുകള്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. 
 
പാട്ടിന്റെ രാഷ്ട്രീയം
 
ഏകദേശം പത്തു വര്‍ഷങ്ങള്‍ക്ക് മുന്നാണ് കടവത്തൊരു തോണി എന്ന പാട്ടുണ്ടാകുന്നത്. സുഹൃത്തായി അജീഷ് ദാസാണ് ഇതിന്റെ വരികള്‍ എഴുതിയത്. പാട്ടിന്റെ വരികളില്‍ പറയുന്ന വിഷയങ്ങള്‍ക്ക് ഓരോ വര്‍ഷം ചെല്ലുന്തോറും പ്രാധാന്യം കൂടി വരികയാണ്. അത് മനസിലാക്കിയാണ് വിഷുദിനത്തില്‍ ഈ ക്യാമ്പയിന്‍ തുടക്കമിട്ടത്. പാട്ടുകള്‍ക്ക് വലിയൊരു രാഷ്ട്രീയമുണ്ട്. ആ തലത്തില്‍ ഈ പാട്ട് പറഞ്ഞൊരു ദൗത്യം ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ ഞാനേറ്റെടുക്കുന്നു എന്ന് മാത്രം. 
 
ഫേസ്ബുക്കില്‍ ലീല എല്‍ ഗിരികുട്ടന്‍ കടവത്തൊരു തോണി എന്ന പേരില്‍ ഒരു പേജ് തുടങ്ങിയിട്ടുണ്ട്. ക്യാമ്പയിനിന്റെ വിവരങ്ങളും ചിത്രങ്ങളും വീഡിയോകളും ഈ പേജിലൂടെ പങ്കു വയ്ക്കുന്നു. ഹാഷ്ടാഗ് ക്യാമ്പയിനിലൂടെ വിവരങ്ങള്‍ ശേഖരിച്ച് വിഷയങ്ങള്‍ മനസിലാക്കി ജനകീയ പങ്കാളിത്തത്തോടെ മുന്നോട്ട് പോകാനാണ് ലീല എല്‍ ഗിരികുട്ടന്റെ തീരുമാനം. നമ്മുടെ മണ്ണും പ്രകൃതിയും ഇന്നേക്ക് പോലുമില്ലാതെ നാളെക്ക് എങ്ങനെ കരുതി വയ്ക്കുമെന്ന ചോദ്യത്തിന്റെ ചൂടാണ് ഈ കൂട്ടായ്മയെ മുന്നോട്ട് നയിക്കുന്നത്. ഈ ചോദ്യത്തിന്റെ ചൂട് നിങ്ങളെയും പൊള്ളിച്ചിട്ടുണ്ടെങ്കില്‍, 'വരൂ... കൂട്ടു ചേരൂ... നല്ല കുടിനീരിനായി, നല്ല മണ്ണിനായി ഒരുമിച്ചു നീങ്ങാം...', ലീല എല്‍ ഗിരികുട്ടന്‍ കൂട്ടിച്ചേര്‍ത്തു. 

Trending News