നീയും ഞാനുമല്ല, ഇനി നമ്മളെന്ന് തോന്നും!!

2018ല്‍ പുറത്തിറങ്ങിയ മികച്ച പ്രണയ ഗാനങ്ങള്‍ ഇവയാണ്..

Sneha Aniyan | Updated: Feb 14, 2019, 04:14 PM IST
നീയും ഞാനുമല്ല, ഇനി നമ്മളെന്ന് തോന്നും!!

''മാനത്തുനിന്നടരുന്ന
മഴ മുഴുവൻ
കടലിൽ പതിച്ചെന്നിരിക്കാം.
അതിലൊരു കണിക പോലും
മുത്തായി മാറുകയില്ല;
പ്രണയമില്ലെങ്കിൽ..''

ജലാലുദ്ധീന്‍ റൂമിയുടെ ഈ വാക്കുകള്‍ എത്ര മനോഹരമായി പ്രണയത്തെ വര്‍ണ്ണിക്കുന്നു.  

പ്രണയം കാല്‍പ്പനികമാണെന്നും ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ഒരു മനോഹര അനുഭവമാണെന്നും പലപ്പോഴും നമ്മളെ ഓര്‍മ്മിപ്പിക്കുന്നത് ഇത് പോലെയുള്ള ചില വരികളാണ്. 

കവിതകള്‍ക്കപ്പുറം ഇന്നത്തെ തലമുറ പ്രണയത്തെ തിരിച്ചറിയുന്നത് ചലച്ചിത്ര ഗാനങ്ങളിലൂടെയാണ്. 2018ല്‍ പുറത്തിറങ്ങിയ മികച്ച പ്രണയ ഗാനങ്ങള്‍ ഇവയാണ്..

മാണിക്യ മലരായ പൂവി... - അഡാര്‍ ലവ്

മര്‍ ലുലു സംവിധാനം ചെയ്ത 'ഒരു അഡാര്‍ ലവ്' എന്ന ചിത്രത്തിലെ 'മാണിക്യ മലരായ പൂവീ' എന്ന ഗാനം 2018ലെ മികച്ച ഹിറ്റുകളില്‍ ഒന്നായിരുന്നു. ഷാൻ റഹ്​മാ​ൻ ഈണമിട്ട്​ വിനീത്​ ശ്രീനിവാസൻ ആലപിച്ചിരിക്കുന്ന ഗാനത്തി​​​ന്‍റെ വരികൾ പി.എം.എ ജബ്ബാറി​​​ന്‍റേറതാണ്​.

പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രമാക്കി ഔസേപ്പച്ചൻ മൂവി ഹൗസി​​​ന്‍റെ ബാനറിൽ ഔസേപ്പച്ചൻ വാലക്കുഴിയാണ്​ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 

കൊണ്ടോരാം കൊണ്ടോരാം കൈതോല പായ കൊണ്ടോരാം....- ഒടിയന്‍

മോഹന്‍ലാലിനെ നായകനാക്കി വി.എ ശ്രീകുമാര്‍ സംവിധാനം ചെയ്ത ഒടിയനിലെ ഗാനമാണ് കൊണ്ടോരാം കൊണ്ടോരാം..വ്യത്യസ്തമായ കഥാ പ്രമേയം കൊണ്ടും സമ്പന്നമായ താരനിരകൊണ്ടും ശ്രദ്ധ നേടിയ ചിത്രമാണ് ഒടിയന്‍ . 

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ഒടിയന്‍ നിര്‍മ്മിച്ചിരിക്കുന്നത്.  മഞ്ജു വാര്യരായിരുന്നു നായിക. പാലക്കാട് പ്രദേശത്തെ പഴയകാല നാടന്‍ കഥ പറയുന്ന ചിത്രത്തില്‍, മോഹന്‍ലാല്‍ ഒടി വിദ്യ വശമുള്ള മാണിക്യന്‍ എന്ന കഥാപാത്രമായി എത്തുന്നു.

പ്രകാശ്‌ രാജ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന് തിരക്കഥ തയാറാക്കിയിരിക്കുന്നത് ദേശീയ പുരസ്കാര ജേതാവായ ഹരികൃഷ്ണനാണ്.

ജീവാംശമായി താനേ നീയെന്നിൽ കാലങ്ങൾ മുന്നേ വന്നൂ.. -തീവണ്ടി

ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ഫെലിനി ടിപി സംവിധാനം ചെയ്ത 'തീവണ്ടി' എന്ന ചിത്രത്തിലെ ഈ ഗാനം യൂട്യൂബില്‍ തരംഗമായി മാറിയിരുന്നു.

ശ്രേയാ ഘോഷാലും ഹരിശങ്കര്‍ കെ.എസും ചേര്‍ന്ന് ആലപിച്ചിരിക്കുന്ന ഗാനത്തിന്‍റെ വരികള്‍  ബി.കെ ഹരിനാരായണന്‍റേതാണ്. കൈലാസ് മേനോനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

പുതുമുഖതാരം സംയുക്ത മേനോനായിരുന്നു ചിത്രത്തില്‍ നായിക. സുരഭി ലക്ഷ്മി, സുരാജ് വെഞ്ഞാറമ്മൂട്, സൈജു കുറുപ്പ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍.

കാറ്റില്‍ ശലഭങ്ങള്‍ പോലെ നാം.... - മായാനദി

ടോവിനോയെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്ത മായനദിയിലെ ഗാനമാണ് കാറ്റില്‍.. 

കാറ്റില്‍ ശലഭങ്ങള്‍ പോലെ നാം മധുരങ്ങള്‍ തേടി പോകുന്നു എന്ന് തുടങ്ങുന്ന പ്രണയാര്‍ദ്രമായ ഗാനം ആലപിച്ചിരിക്കുന്നത് ഷഹബാസ് അമന്‍ ആണ്. 

സംവിധായകരായ ലിജോ ജോസ് പെല്ലിശ്ശേരി, ബേസില്‍ ജോസഫ് എന്നിവര്‍ക്ക് പുറമെ അപര്‍ണ ബാലമുരളി, ഐശ്വര്യ ലക്ഷ്മി എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു.

മിഴി മിഴി ഇടയണ നേരം - മൈ സ്റ്റോറി

പൃത്വിരാജിനെ നായകനാക്കി നവാഗതയായ രോഷ്നി ദിനകര്‍ സംവിധാനം ചെയ്ത മൈ സ്റ്റോറിയിലെ ഗാനമാണ് മിഴി മിഴി ഇടയണ നേരം.

ശ്രേയ ഘോഷാലും, ഹരിചരണും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. പൃഥ്വിയും പാര്‍വ്വതിയും തീര്‍ത്തും റൊമാന്‍റിക്കായി പ്രത്യക്ഷപ്പെട്ട ഗാനത്തില്‍ ഇരുവരുടെയും ലിപ്പ്‍ലോക്ക് രംഗവുമുണ്ടായിരുന്നു.

യുവ സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനായിരുന്നു ഈ ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.