67ന്‍റെ യുവത്വത്തില്‍ മമ്മൂക്ക!

കോട്ടയം ജില്ലയിലെ വൈക്കത്ത്, ഒരു സാധാരണ മുസ്ലിം കുടുംബത്തില്‍ ആ കുഞ്ഞിന്‍റെ നിലവിളി ഉയര്‍ന്നപ്പോള്‍ ആരും കരുതിക്കാണില്ല അവന്‍ ലോകം അറിയപ്പെടുന്ന ഒരു  നടനാകുമെന്ന്. 

Sneha Aniyan | Updated: Sep 7, 2018, 02:38 PM IST
67ന്‍റെ യുവത്വത്തില്‍ മമ്മൂക്ക!

കോട്ടയം ജില്ലയിലെ വൈക്കത്ത്, ഒരു സാധാരണ മുസ്ലിം കുടുംബത്തില്‍ ആ കുഞ്ഞിന്‍റെ നിലവിളി ഉയര്‍ന്നപ്പോള്‍ ആരും കരുതിക്കാണില്ല അവന്‍ ലോകം അറിയപ്പെടുന്ന ഒരു  നടനാകുമെന്ന്. 

ഏതൊരു സാധാരണ കുട്ടിയും വളര്‍ന്നു വരുന്ന ചുറ്റുപാടുകളിലൂടെയാണ് അവനും വളര്‍ന്നത്. എല്‍എല്‍ബി പൂര്‍ത്തിയാക്കി വക്കീലായി ജോലിയില്‍ പ്രവേശിച്ചതും ആ സാധാരണ ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ വേണ്ടിയാണ്.  എന്നാല്‍, ആ ചെറുപ്പക്കാരന് മലയാള സിനിമ കരുതി വെച്ച വിധി മറ്റൊന്നായിരുന്നു.   

ഭാവ ശബ്ദ രൂപ പരിണാമങ്ങളിലൂടെ മലയാള സിനിമയിലേക്ക് തുടക്കകാരനായി ചുവട് വെച്ച മമ്മൂട്ടി എന്ന മുഹമ്മദ്‌ കുട്ടിയ്ക്ക് പിന്നീടങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 

അഭിനയത്തിന്‍റെ ആഴപ്പരപ്പുകളെ അളന്നെടുത്ത് തന്നിലെ പ്രതിഭ മലയാളികള്‍ക്ക് മുന്നിലെത്തിച്ച മമ്മൂട്ടിയെ നെഞ്ചിലേറ്റാന്‍ അവര്‍ക്ക് അധികം സമയം വേണ്ടിവന്നില്ല.   

അങ്ങനെ ഭാവോജ്ജ്വലങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമ കണ്ട മികച്ച നടന്മാരില്‍ ഒരാളായി മമ്മൂട്ടി വളര്‍ന്നു. അംഗവിക്ഷേപങ്ങള്‍ കൊണ്ടും വാഗ്‌‌വിലാസം കൊണ്ടും നന്മയുള്ള നാട്ടിന്‍പുറത്തുകാരനായി മലയാളിയുടെ മനസ്സില്‍ ചേക്കേറിയ മമ്മൂക്ക അഭിനയത്തിന്‍റെ ഓക്സ്ഫോഡായി മാറിയതും വളരെ വേഗത്തിലായിരുന്നു.  നായകന്‍റെ മന:ശാസ്ത്രവും ഭൂമിശാസ്ത്രവും ചരിത്രവുമെല്ലാം അവിടെ ഭദ്രം. 

ഇതിനൊക്കെ അപ്പുറം അസാധാരണമായ പ്രയത്നവും സമര്‍പ്പണവും കൈമുതലാക്കിയിരുന്നതും മമ്മൂക്കയുടെ വളര്‍ച്ചയ്ക്കും താര രാജാവെന്ന പദവിയ്ക്കും കാരണമായി. സിനിമയില്‍ മറ്റൊരാള്‍ക്കും അവകാശപ്പെടാനാകാത്ത മികവിലേക്ക് മമ്മൂട്ടി എന്ന നടന്‍ വളര്‍ന്നതും ഈ പ്രയത്നം കൊണ്ടാണ്. 

മൂന്നു പതിറ്റാണ്ടുകളിലേറെയായി സജീവ അഭിനയ രംഗത്തുള്ള മമ്മൂക്ക മികച്ച നടനുള്ള ദേശീയ പുരസ്കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. ഇതിന് പുറമേ അഞ്ചു തവണ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും, 12 തവണ ഫിലിംഫെയർ (ദക്ഷിണേന്ത്യൻ) പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 

മലയാളികളുടെ അഭിമാനവും അഹങ്കാരവുമായ ഈ 67കാരന്‍ കാമ്പും കരുത്തുമുള്ള കഥാപാത്രങ്ങള്‍ക്കായി ഇപ്പോഴും തിരയുകയാണ്, ഒരു തുടക്കകാരന്‍റെ കൗതുകത്തോടെ.