close

News WrapGet Handpicked Stories from our editors directly to your mailbox

കെവിന്‍ പകര്‍ന്ന പ്രണയം നീനുവിന്‍റെ കയ്യില്‍ ഭദ്രം!!

കെവിനെ അടര്‍ത്തിയെടുക്കാന്‍ മാത്രമേ പ്രതികള്‍ക്കായുള്ളൂ.. അവന്‍റെ പ്രണയം അവള്‍ക്കൊപ്പം എപ്പോഴുമുണ്ട്.

Sneha Aniyan | Updated: May 27, 2019, 10:16 AM IST
 കെവിന്‍ പകര്‍ന്ന പ്രണയം നീനുവിന്‍റെ കയ്യില്‍ ഭദ്രം!!

പ്രണയിച്ച് വിവാഹം കഴിച്ചതിന്‍റെ പേരില്‍ പെണ്‍ക്കുട്ടിയുടെ വീട്ടുകാര്‍ കെവിന്‍ എന്ന ചെറുപ്പകാരനെ തട്ടിക്കൊണ്ട് പോയി കൊലപെടുത്തിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം!!

കേസിന്‍റെ വിചാരണ അന്തിമ ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെയാണ് കെവിന്‍റെ ഓർമ്മ ദിനമെത്തുന്നത്.

2018 മെയ്‌ 26നാണ് നട്ടാശ്ശേരി പ്ലാത്തറയിൽ കെവിൻ ജോസഫിനെ ഭാര്യ നീനുവിന്‍റെ സഹോദരന്‍റെയും അച്ഛന്‍റെയും നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയത്.

തുടര്‍ന്ന്, മെയ്‌ 28നു തെന്മലയ്ക്ക് സമീപത്തെ ജലാശയത്തിൽ മരിച്ച നിലയിൽ കെവിനെ കണ്ടെത്തുകയായിരുന്നു. കേസിലെ പ്രതികളായ ഷാനുവിന്‍റെയും ചാക്കോയുടെയും എതിര്‍പ്പ് വകവയ്ക്കാതെയാണ് നീനു കെവിനൊപ്പം ജീവിക്കാന്‍ തീരുമാനിച്ചത്. 

ഇതറിഞ്ഞ ഷാനുവും ചാക്കോയും ഗുണ്ടകളെയയച്ച് കെവിനെയും സുഹൃത്ത് അനീഷിനെയും തട്ടികൊണ്ട് പോകുകയായിരുന്നു. കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ അനീഷിനെ വെറുതെ വിട്ട പ്രതികള്‍ കെവിനെ കൊലപ്പെടുത്തിയെന്നാണ് കേസ്.

കെവിന്‍റെയും നീനുവിന്‍റെയും രജിസ്റ്റര്‍ വിവാഹത്തിന് പിറ്റേന്നായിരുന്നു സംഭവം. തുടര്‍ന്ന്, ഷാനുവും ചാക്കോയും ഉള്‍പ്പടെ 14 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. 

കൊലപാതകം ദുരഭിമാനക്കൊലയാണെന്ന് പ്രോസിക്യൂഷൻ വാദിച്ച കേസിന്‍റെ വിചാരണ കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയില്‍ അന്തിമ ഘട്ടത്തിലാണ്. 

പ്രധാനസാക്ഷിയായ അനീഷിന്‍റെ വിസ്താരത്തിലൂടെ ആരംഭിച്ച വിചാരണ  ജൂണ്‍ ആറ് വരെ തുടര്‍ച്ചയായിട്ടാണ് നടക്കുക. കെവിന്‍റെ വീട്ടിൽ നിന്ന് ബിരുദപഠനം പൂര്‍ത്തിയാക്കിയ നീനു ഇപ്പോള്‍ എംഎസ്‍‍ഡബ്ല്യൂവിനാണ് പഠിക്കുന്നത്. 

നീനു ആഗ്രഹിക്കുന്നത് വരെ പഠിപ്പിക്കാൻ തയ്യാറാണെന്ന് കെവിന്‍റെ കുടുംബം അറിയിച്ചിരുന്നെങ്കിലും സംസ്ഥാന സര്‍ക്കാരാണ് നീനുവിന്‍റെ പഠനച്ചെലവ് വഹിക്കുന്നത്.

കെവിന്‍റെ മരണത്തിനു ശേഷം കെവിന്‍റെ അച്ഛനും അമ്മയ്ക്കുമൊപ്പം നില്‍ക്കാനായിരുന്നു നീനുവിന് താല്‍പര്യം.

കെവിന്‍റെ മാതാപിതാക്കള്‍ക്കും അത് സമ്മതമായിരുന്നു. ഇപ്പോള്‍ കെവിന്‍റെ ഭാര്യയായി, അച്ഛനുമമ്മയ്ക്കും തുണയായി, ചേച്ചിയ്ക്ക് തണലായി നീനു ജീവിക്കുകയാണ്. 

നീനുവില്‍ നിന്നും കെവിനെ അടര്‍ത്തിയെടുക്കാന്‍ മാത്രമേ പ്രതികള്‍ക്കായുള്ളൂ.. അവന്‍റെ പ്രണയം അവള്‍ക്കൊപ്പം എപ്പോഴുമുണ്ട്...