കമിതാക്കള്‍ ടെഡി ബിയര്‍ കൈമാറുന്നതിന് പിന്നില്‍!!

''മാനത്തുനിന്നടരുന്ന

Updated: Feb 10, 2020, 06:48 PM IST
കമിതാക്കള്‍ ടെഡി ബിയര്‍ കൈമാറുന്നതിന് പിന്നില്‍!!

''മാനത്തുനിന്നടരുന്ന
മഴ മുഴുവൻ
കടലിൽ പതിച്ചെന്നിരിക്കാം.
അതിലൊരു കണിക പോലും
മുത്തായി മാറുകയില്ല;
പ്രണയമില്ലെങ്കിൽ..''

ജലാലുദ്ധീന്‍ റൂമിയുടെ ഈ വാക്കുകള്‍ എത്ര മനോഹരമായി പ്രണയത്തെ വര്‍ണ്ണിക്കുന്നു. പ്രണയം കാല്‍പ്പനികമാണെന്നും ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ഒരു മനോഹര അനുഭവമാണെന്നും പലപ്പോഴും നമ്മളെ ഓര്‍മ്മിപ്പിക്കുന്നത് ഇത് പോലെയുള്ള ചില വരികളാണ്. 

അങ്ങനെ പ്രണയത്തെ ആഘോഷമാക്കുന്നവര്‍ക്ക് ലഭിക്കുന്ന അംഗീകാരമാണ് പ്രണയ വാരം അഥവാ വാലന്റൈൻസ് വീക്ക്. ഫെബ്രുവരി 7 മുതല്‍ 14 വരെയാണ് പ്രണയ വാരം. ഇതില്‍ ഓരോ ദിവസത്തിനും ഓരോ പ്രത്യേകതയാണുള്ളത്. ഇതില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് ടെഡി ബേര്‍ ഡേ. 

ഈ പ്രത്യേക ദിവസത്തിൽ പ്രണയമുള്ള എല്ലാവരും തന്നെ തങ്ങളുടെ പ്രണയിനിക്കായി നല്ല ഒരു ടെഡി ബേര്‍ സമ്മാനിക്കണം എന്നാണ് പറയപ്പെടുന്നത്. നിങ്ങളുടെ പ്രണയത്തിന്റെ തീവ്രത പ്രകടിപ്പിക്കാനായി പങ്കാളിക്ക് ഇഷ്ടമുള്ള പാവകൾ വാങ്ങി നൽകുന്നത് മികച്ച മാർഗമാണ്. 

ഒരു ടെഡി ബേര്‍ നൽകുന്ന മനോഹാരിതകൾ നിങ്ങൾക്കിടയിൽ പ്രണയനിർഭരമായ പ്രഭാവലയങ്ങൾ സൃഷ്ടിക്കുക മാത്രമല്ല ചെയ്യുന്നത്. നിങ്ങളുടെ പങ്കാളി നിങ്ങൾക്ക് ഏറ്റവും പ്രത്യേകതയുള്ള ഒരാളാണെന്ന തോന്നൽ അവർക്ക് നൽകാൻ സഹായിക്കുകയും ചെയ്യുന്നു.

എന്തുകൊണ്ടായിരിക്കാം പ്രണയികളെപ്പോഴും ടെഡി ബേറുകളെ തെരഞ്ഞെടുക്കുന്നത്? ഇതിന് പിന്നിലെ മനശാസ്ത്രമെന്താകാം? 

പ്രണയിക്കുമ്പോള്‍ എപ്പോഴും പങ്കാളികള്‍ ഒരുമിച്ച് ഉണ്ടാകണമെന്നില്ല. അതേസമയം കൂടെ അയാള്‍ വേണമെന്ന് നമ്മള്‍ ആഗ്രഹിക്കുകയും ചെയ്യുന്നുണ്ട്. ഈ ആവശ്യം പരിഹരിക്കുകയാണ് പങ്കാളി സമ്മാനിച്ച ടെഡി ബേറിന്റെ ധര്‍മ്മമത്രേ. 

അതായത് പങ്കാളിയുടെ അസാന്നിധ്യം മറികടക്കാനുള്ള വഴി. ഒരുപക്ഷേ പ്രണയിക്കുന്നവര്‍ പരസ്പരം ടെഡി ബേറുകള്‍ സമ്മാനിക്കുന്നതിന് പിന്നിലെ ഏക മനശാസ്ത്രം ഇതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.

കെട്ടിപ്പിടിക്കാനാവുന്ന ടെഡി ബേറുകള്‍ക്കാണ് വാലന്റൈന്‍സ് ഡേ മാര്‍ക്കറ്റുകളില്‍ ഏറ്റവും ഡിമാന്‍ഡുള്ളത്. ഒരു തമാശയെന്നതിനെക്കാള്‍ പ്രധാനമായ, മാനുഷികമായ, വൈകാരികമായ വശമാണെന്നാണ് മനശാസ്ത്ര വിദഗ്ധര്‍ പറയുന്നത്. 

ഓമനത്വമുള്ള ടെഡിയുടെ മുഖം സമാധാനവും സന്തോഷവും പ്രണയിനികൾക്കിടയിൽ നിറയ്ക്കും. എത്ര അകലെയാണെങ്കിലും ആ ടെഡി നിങ്ങളുടെ പ്രണയം ഓർമ്മപ്പെടുത്തി കൊണ്ടേയിരിക്കും.