ഇവര്‍ ഇന്ത്യയുടെ അഭിമാന വനിതകള്‍!!

വനിതാ ദിനത്തില്‍ നമ്മുടെ രാജ്യത്തിനു അഭിമാനമായി നിലകൊണ്ട ചില വനിതകളെ അറിയണ്ടേ..

Sneha Aniyan | Updated: Mar 8, 2019, 12:48 PM IST
 ഇവര്‍ ഇന്ത്യയുടെ അഭിമാന വനിതകള്‍!!

ലോകത്തെമ്പാടുമുള്ള വനിതകള്‍ക്കായി ഒരു ദിനം എന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ച ഒരു ദിവസം.

സ്ത്രീകളുടെ ഉന്നമനത്തിനും സാമൂഹ്യസുരക്ഷക്കും വിദ്യാഭ്യാസത്തിനും വേണ്ടി വനിതകൾ നടത്തിയ സമരവും പ്രക്ഷോഭവു൦ ഇന്നുള്ള സ്ത്രീകള്‍ക്ക് എല്ലാം നേടി കൊടുത്ത വനിതാ ദിനത്തില്‍ നമ്മുടെ രാജ്യത്തിനു അഭിമാനമായി നിലകൊണ്ട ചില വനിതകളെ അറിയണ്ടേ..

സോണിയ ഗാന്ധി

ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ പെണ്‍സിംഹം. കോൺഗ്രസിന്‍റെ അദ്ധ്യക്ഷപദവി ഏറ്റവും കൂടുതൽ കാലം വഹിച്ചത് ഒരു വനിതാ നേതാവാണെന്ന് പറയുന്നതില്‍ സ്ത്രീകളായ എല്ലാവര്‍ക്കും അഭിമാനിക്കാം. 

കൂടാതെ, 2004ലെ ഫോബ്സ് കണക്കുകള്‍ പ്രകാരം, ലോകത്തിലെ 'ഏറ്റവും സ്വാധീനശേഷിയുള്ള വനിത'കളിൽ മൂന്നാം സ്ഥാന൦ വഹിച്ചിരുന്ന വ്യക്തി കൂടിയാണ് സോണിയ ഗാന്ധി.

ഇപ്പോൾ ആറാം സ്ഥാന൦ വഹിക്കുന്ന സോണിയയുടെ സ്വാധീന൦ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മാത്രമല്ല, വളര്‍ന്നു വരുന്ന ഓരോ പെണ്‍കുട്ടിയിലുമുണ്ട്. 

സുഷ്മ സ്വരാജ്

ഡല്‍ഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രി,  മികച്ച പ്രാസംഗിക എന്നിങ്ങനെ വിശേഷണങ്ങള്‍ ഏറെ. 16-മത് ലോകസഭയിലെ ക്യാബിനറ്റ് മന്ത്രിയും ഭാരതീയ ജനതാ പാര്‍ട്ടി അംഗവും, 15-മത് ലോകസഭയില്‍ പ്രതിപക്ഷനേതാവുമായിരുന്ന സുഷ്മ ഹരിയാന നിയമസഭ കണ്ട ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി കൂടിയായിരുന്നു. 

1977 ല്‍ ദേവിലാലിന്‍റെ നേതൃത്വത്തിലുള്ള ഹരിയാന മന്ത്രിസഭയില്‍ തൊഴില്‍ വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ കേവലം 25 വയസ്സായിരുന്നു സുഷ്മയുടെ പ്രായ൦. നിലവില്‍ ഇന്ത്യയുടെ വിദേശകാര്യ മന്ത്രികൂടിയാണ് സുഷമ സ്വരാജ്.

ഡോ.ശോഭ

പാക് പട്ടാളത്തിന്‍റെ തോക്കിന്‍ മുനയില്‍ പതറാതെ പേടിയ്ക്കാതെ രാജ്യത്തിന് വേണ്ടി നിലകൊണ്ട ധീര സൈനികന്‍ അഭിനന്ദന്‍ വര്‍ത്തമാന്‍റെ മാതാവ്. 'സിംഹക്കുട്ടിയുടെ മകന്‍ കരളുറപ്പുള്ള ചുണക്കുട്ടി' അഭിനന്ദന് നല്‍കിയ ടാഗ് ഇതായിരുന്നു. എന്നാല്‍, അഭിനന്ദന് ആ ധീരത അച്ഛനില്‍ നിന്ന് മാത്രം ലഭിച്ചതല്ല. അമ്മ ഡോ. ശോഭയില്‍ നിന്ന് കൂടിയാണ്. 

രാജ്യാന്തര സന്നദ്ധ സംഘടനയായ മെഡിസിന്‍സ് സാന്‍സ് ഫ്രണ്ടിയേഴ്‌സിന്‍റെ (എംഎസ്എഫ്) വൊളന്‍റിയറായിരുന്ന ശോഭ സേവനമനുഷ്ഠിച്ചത് ലൈബീരിയ, നൈജിരിയ, ഹെയ്തി, ഇറാഖ്, ഐവറികോസ്റ്റ്, പാപുവ ന്യൂ ഗിനി തുടങ്ങി കലാപവും യുദ്ധവും ദുരിതം വിതച്ച രാജ്യങ്ങളിലായിരുന്നു‍. 

യുദ്ധം കൊടുമ്പിരിക്കൊണ്ട രാജ്യങ്ങളില്‍ സുരക്ഷ വകവയ്ക്കാതെ സേവനം നടത്തിയ ശോഭ ചെന്നൈയിലെ ജല്‍വായു വിഹാറില്‍ സ്ഥിരതാമസമാക്കിയ ശേഷവും സേവന പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. അഭിനന്ദനുള്ള ഓരോ സല്യൂട്ടും ഈ അമ്മയ്ക്കു കൂടി അവകാശപ്പെട്ടതാണ്.

ശോഭയുടെ ആദ്യ ദൗത്യം ആഭ്യന്തര കലാപം രൂക്ഷമായ ഐവറി കോസ്റ്റിലായിരുന്നു. രണ്ടാം ഗള്‍ഫ് യുദ്ധകാലത്ത് മെഡിക്കല്‍ ക്യാംപിനു സമീപമുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ നിന്നു തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. 

മദര്‍ തെരേസ 

അല്‍ബേനിയയില്‍ ജനിച്ച്‌ ഇന്ത്യ പ്രവര്‍ത്തന കേന്ദ്രമാക്കി ഉപവിപ്രവര്‍ത്തനങ്ങളിലൂടെ ലോകശ്രദ്ധ നേടിയ ക്രൈസ്തവ സന്യാസിനിയായിരുന്നു മദര്‍ തെരേസ. 

മിഷണറീസ് ഓഫ് ചാരിറ്റി എന്ന കത്തോലിക്കാ സന്യാസിനീ സഭ സ്ഥാപിച്ച്‌ കൊല്‍ക്കത്തയിലെ പാവപ്പെട്ടവരുടെയും അനാഥരുടെയും രോഗികളുടെയും ഇടയില്‍ പ്രവര്‍ത്തിച്ച മദര്‍ തെരേസയ്ക്ക് പ്രസ്തുത സേവനപ്രവര്‍ത്തനങ്ങളുടെ പേരില്‍ 1979-ല്‍ സമാധാനത്തിനുള്ള നോബല്‍ പുരസ്കാരം നല്‍കപ്പെട്ടു. 

2016 സെപ്റ്റംബര്‍ 4-ന് മദര്‍ തെരേസയെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു.

പ്രതിഭ പാട്ടീല്‍

പ്രതിഭാ ദേവീ സിംഗ് പാട്ടില്‍ ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ആദ്യത്തെ വനിതയാണ്. യുണൈറ്റഡ് പ്രോഗ്രസീവ് അലയന്‍സ്, ഇടത് മുന്നണി എന്നിവരുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായിരുന്ന ഇവര്‍ 2007 ജൂലൈ 25-നാണ്‌ രാഷ്ട്രപതിയായി സ്ഥാനമേറ്റത്. 

ഒരു അഭിഭാഷകയായ പ്രതിഭ രാഷ്ട്രപതി സ്ഥാനത്തെത്തുന്നതിനു മുന്‍പ് രാജസ്ഥാനിലെ 16-ആമത് ഗവര്‍ണര്‍ ആയിരുന്നു. രാജസ്ഥാനിലെ ആദ്യ വനിതാ ഗവര്‍ണ്ണര്‍ കൂടിയാണ് പ്രതിഭ. 1986 മുതല്‍ 1988 വരെ രാജ്യസഭാ ഉപാദ്ധ്യക്ഷയുമായിരുന്നു.