ഇന്ന് ഉത്രാടം; ഇത്തവണ മലയാളിയ്ക്ക് ആഘോഷമില്ലാത്ത ഓണം

അത്തം മുതല്‍ തകര്‍ത്തു പെയ്ത് മഴയും പ്രളയവും കേരളത്തെ പാടെ തകര്‍ത്തു. 

Ajitha Kumari | Updated: Aug 24, 2018, 11:53 AM IST
ഇന്ന് ഉത്രാടം; ഇത്തവണ മലയാളിയ്ക്ക് ആഘോഷമില്ലാത്ത ഓണം

ഇന്ന് ഉത്രാടം. പ്രളയ ദുരിതത്തിനിടയില്‍ ആഘോഷമില്ലാതെ കേരളം ഓണത്തെ വരവേല്‍ക്കുകയാണ്. സാധാരണ ഇന്ന് തിരുവോണത്തിനായുള്ള അവസാനവട്ട ഒരുക്കമായ ഊത്രാടപാച്ചിലിന്‍റെ തിരക്കിലാകേണ്ടതാണ് മലയാളി. എന്നാല്‍ അത്തം മുതല്‍ തകര്‍ത്തു പെയ്ത് മഴയും പ്രളയവും കേരളത്തെ പാടെ തകര്‍ത്തു. പ്രളയക്കെടുതി കേരളത്തിലെ ഓണവിപണിയെ വന്‍ നഷ്ടത്തിലേക്കാണ് തള്ളി വിട്ടത്.

അത്തം തുടങ്ങുമ്പോള്‍ മുതല്‍ മലയാളികള്‍ എണ്ണി തുടങ്ങും തിരുവോണത്തിനെ വരവേല്‍ക്കാന്‍ എന്നാല്‍ ഇത്തവണ അത്തം തുടങ്ങിയതു മുതല്‍ മലയാളിയ്ക്ക് മഴവെള്ള പാച്ചില്‍ ആയിരുന്നു. ഒരു അന്തവും കുന്തവുമില്ലാത്ത പാച്ചില്‍. 

'കാണം വിറ്റും ഓണം ഉണ്ണണം' എന്നാണല്ലോ ചൊല്ല് എന്നാല്‍ വില്‍ക്കാനോന്നും ഇല്ലാത്ത അവസ്ഥയാണ്‌ ഇന്ന് മലയാളിയ്ക്ക്. വീടും സ്വത്തും ജീവനും നഷ്ടമായ നിരവധി കുടുംബങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ ഇപ്പോഴും കഴിയുന്നത്. വീടുകൾ വൃത്തിയാക്കാനും ക്യാമ്പിലുള്ളവരെ വീട്ടിലേക്ക് തിരിച്ചെത്തിക്കാനുമുള്ള പ്രവർത്തനങ്ങളും നടന്ന് വരികയാണ്. 

കടകളില്‍ സാധനങ്ങളെല്ലാം സ്‌റ്റോക്കെത്തിയ ശേഷമായിരുന്നു മഴയും പ്രളയവും വീശിയടിച്ചത്. ഇതോടെ കടകളിലെല്ലാം തിരക്കൊഴിഞ്ഞു. ലക്ഷക്കണക്കിന് കുടുംബങ്ങള്‍ അവരുടെ ജീവിതം തിരിച്ചു പിടിക്കാനുള്ള നെട്ടോട്ടത്തിലാണ്. പ്രളയം നേരിട്ട് ബാധിക്കാത്ത മലയാളികള്‍ ഓണാഘോഷങ്ങള്‍ ഒഴിവാക്കി പ്രളയബാധിതരെ സഹായിക്കുകയാണ്. 

ക്ലബുകളും സംഘടനകളും നടത്താനിരുന്ന ആഘോഷങ്ങളും ഒഴിവാക്കിയിട്ടുണ്ട്. മിക്കയിടത്തും ഓണം ഒരു ചടങ്ങ് മാത്രമായാണ് ആചരിക്കുക. കേരളത്തില്‍ മുന്‍പും മഴക്കെടുതികള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഓണാഘോഷം പ്രളയത്തില്‍ ഒലിച്ചു പോകുന്നത് ഇതാദ്യമായാണ്. 

എന്നാലും നമ്മള്‍ മലയാളികള്‍ ഒത്തൊരുമിച്ച് വീണ്ടും നമ്മുടെ കേരളത്തെ തിരിച്ചു കൊണ്ടുവരാനുള്ള പാച്ചിലിലാണ്.  സപ്തവർണ്ണങ്ങൾ ഉള്ള പൂക്കൾ നിറച്ചു കൊണ്ടൊരു നവകേരളം പണിയുവാനുള്ള പാച്ചിൽ ....