തിരുവനന്തപുരം: നാലല്ലിവർ ഒന്നാണ്...ഈ കുട്ടിപട്ടാളം ഒന്നിച്ചാൽ പിന്നെ വീട്ടിൽ കളി ചിരി മേളങ്ങൾ കൊണ്ട് നിറയും. ഊണിലും, ഉറക്കത്തിലും ഒന്നിച്ച ഈ നാല് പൊന്മണികൾ ഇനി അറിവിന്റെ ലോകത്തേക്കും ഒന്നിച്ചു പിച്ചവെക്കുകയാണ്. അമ്മ ചൊല്ലികൊടുത്ത ബാലപാഠങ്ങൾ മാത്രമാണ് ഈ മിടുക്കന്മാർക്കിപ്പോൾ കൈമുതലായുള്ളത്.
സ്കൂളിലേക്ക് ആദ്യമായി പോകുന്നതിന്റെ സന്തോഷവും ആകാംശയുമെല്ലാം ഈ കുരുന്നു ചട്ടമ്പികളുടെ മുഖത്ത് കാണാം. ഒറ്റ പ്രസവത്തിൽ ജനിച്ച വിധാൻ വൈശാഖ്, വിഹാൻ വൈശാഖ്, വിയാൻ വൈശാഖ്, വിവാൻ വൈശാഖ് എന്നീ സഹോദരങ്ങൾ ഒന്നിച്ച് നഴ്‌സറിയിൽ പോകാനുള്ള തയ്യാറെടുപ്പിലാണ്.
ആദി, കിച്ചു, ബോബി, കുഞ്ഞു എന്നീ വിളിപ്പേരുകളുമുണ്ട് ഈ മിടുക്കൻമാർക്ക്.ആക്കുളം എം.ജി.എം. സെൻട്രൽ പബ്ളിക് സ്‌കൂളിലെ നഴ്‌സറിയിലാണ് പ്രവേശനം നേടിയത്. ഒരേ പോലെയുള്ള യൂണിഫോമും ബാഗും ബുക്കും പുസ്തകവുമൊക്കെയായി സ്‌കൂൾ തുറക്കുന്നത് കാത്തിരിക്കുകയാണിവർ.
വീട്ടിലെ ചട്ടമ്പികൾ സ്കൂളിലെത്തിയാൽ പിന്നെ എന്താകും എന്ന ആശങ്കയിലാണ് അമ്മ ട്രീസയും അച്ഛനും അച്ഛമ്മയും അച്ഛച്ചനുമെല്ലാം. അച്ഛൻ വൈശാഖ് ജിദ്ദയിൽ നഴ്‌സാണ്. ഏഴ് വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷമാണ് തിരുവനന്തപുരം ഉള്ളൂർ സ്വദേശികളായ ട്രീസ, വൈശാഖ് എന്നീ ദമ്പതികൾക്ക് കുഞ്ഞുങ്ങൾ പിറക്കുന്നത്. സൗദി അറേബ്യയിലെ ഷെക്കാറയിൽ നഴ്‌സായിരുന്ന ട്രീസ അവിടെ വെച്ചാണ് ഇവരെ പ്രസവിച്ചത്. 2020-ൽ കൊറോണ കാലത്തായിരുന്നു ജനനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...









