മീൻ എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു വിഭവമാണ്. മീൻ വറുത്തത് കൂടിയാണെങ്കിൽ പിന്നെ പറയണ്ടല്ലോ. ചോറുണ്ണുന്നതിന് ചിലപ്പോ ചിലർക്ക് തയ്യും കണക്കുമുണ്ടാകില്ല. കായൽ മത്സ്യങ്ങളിൽ മുന്നിൽ നിൽക്കുന്നതാണ് കരിമീൻ. നല്ല വിലയാണെങ്കിലും ഒരിക്കലെങ്കിലും അതിന്റെ സ്വാദൊന്ന് അറിയണമെന്ന് പലർക്കും ആഗ്രഹം കാണും. ചിലർ റെസ്റ്റോറന്റുകളിലും മറ്റും പോയി വലിയ വില കൊടുത്ത് ഇത് കഴിക്കാറുണ്ട്. കരിമീൻ പൊള്ളിച്ചത് ഉണ്ടേൽ പിന്നെ ചോറിന് മറ്റ് കറികളൊന്നും വേണ്ടി വരില്ല.
എന്നാൽ പിന്നെ ഈ സാധനം വീട്ടിൽ തന്നെ ഒന്ന് തയാറാക്കി നോക്കിയാലോ? നല്ല രുചികരമായ കരിമീൻ പൊള്ളിച്ചതിന്റെ റെസിപ്പി നോക്കാം.
ചേരുവകൾ:
കരിമീൻ മാരിനേറ്റ് ചെയ്യാൻ ആവശ്യമായവ -
കരിമീൻ - 2 എണ്ണം
മുളക് പൊടി - 1 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
കുരുമുളക് പൊടി - 1/2 ടീസ്പൂൺ
നാരങ്ങാനീര് - 1 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
കരിമീൻ പൊള്ളിച്ചതിനുള്ള മസാല തയ്യാറാക്കുന്നതിനായി വേണ്ട സാധനങ്ങൾ:
ചുവന്നുള്ളി (അരിഞ്ഞത്) - 1 കപ്പ്
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾസ്പൂൺ
പച്ചമുളക് - 3-4 എണ്ണം
തക്കാളി - 1 വലുത് (അരിഞ്ഞത്)
മുളക് പൊടി - 1 ടീസ്പൂൺ
മല്ലിപ്പൊടി - 1 ടീസ്പൂൺ
തേങ്ങാപ്പാൽ (കട്ടിയുള്ളത്) - 1/4 കപ്പ്
കറിവേപ്പില, വെളിച്ചെണ്ണ - ആവശ്യത്തിന്
വാഴയില - മീൻ പൊതിയാൻ
ഇനി തയാറാക്കുന്ന വിധം നോക്കാം...
ആദ്യം കഴുകി വൃത്തിയാക്കി വരഞ്ഞെടുത്ത കരിമീനിൽ മാരിനേറ്റ് ചെയ്യാനായി എടുത്തുവച്ചിരിക്കുന്ന ചേരുവകൾ ചേർത്ത് ഒരു 20 മിനിറ്റ് നേരം വെക്കുക. ഇനി ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി പുരട്ടി വെച്ചിരിക്കുന്ന മീൻ പകുതി വേവിൽ വറുത്തെടുക്കുക. അധികം മൊരിയാൻ പാടില്ല.
മസാല തയ്യാറാക്കുന്നതിനായി എണ്ണ ചൂടാക്കി കറിവേപ്പില, ചുവന്നുള്ളി, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് എന്നിവ വഴറ്റിയെടുക്കുക. ഉള്ളി നന്നായി വഴന്നാൽ ഇതിലേക്ക് എടുത്ത് വച്ചിരിക്കുന്ന പൊടികൾ ചേർക്കാം. പൊടികളുടെ പച്ചമണം മാറുമ്പോൾ അതിലേക്ക് തക്കാളി ചേർത്ത് നന്നായി ഉടയ്ക്കുക. ശേഷം തേങ്ങാപ്പാൽ ഒഴിച്ച് നന്നായി കുറുകി വരുമ്പോൾ തീ ഓഫ് ചെയ്യുക.
പൊള്ളിച്ചെടുക്കുന്നതിനായി വാഴയില ചെറുതായി തീയിൽ കാട്ടി വാട്ടിയെടുക്കുക. ഇലയിൽ അല്പം മസാല വെച്ച ശേഷം അതിന് മുകളിലേക്ക് പകുതി വേവിൽ വറുത്തെടുത്ത മീൻ വെക്കുക. പിന്നീട് മീനിന് മുകളിലായി കുറച്ച് മസാല തേച്ച് ഇല നന്നായി പൊതിഞ്ഞു നൂല് കൊണ്ട് കെട്ടണം. ശേഷം ഒരു തവയിൽ അല്പം വെളിച്ചെണ്ണ ഒഴിച്ച് കെട്ടിവെച്ചിരിക്കുന്ന മീൻ ഓരോ വശവും 5 മുതൽ 8 മിനിറ്റ് വീതം കുറഞ്ഞ തീയിൽ ചുടുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









