)
ഓണം ഇങ്ങെത്തി കഴിഞ്ഞിരിക്കുകയാണ്. പൂക്കളവും ഓണസദ്യയുമൊക്കെയായി ആഘോഷിക്കാൻ തയാറെടുക്കുകയാണ് ഓരോ മലയാളിയും. ഇന്ന് ഉത്രാടമാണ്. അതായത് ഒന്നാം ഓണം. ആഘോഷങ്ങൾ ദിവസങ്ങൾക്ക് മുൻപ് തന്നെ എല്ലാവരും തുടങ്ങി കഴിഞ്ഞു.
നാളെ തിരുവോണത്തിന് സദ്യ ഒരുക്കാനുള്ള സാധനങ്ങളും ഇതിനോടകം എല്ലാ വീടുകളിലും റെഡിയായിട്ടുണ്ടാകും. പച്ചടി, കിച്ചടി, സാമ്പാർ, ഓലൻ കാളൻ, പായസം തുടങ്ങി വിഭവസമൃദ്ദമായിരിക്കും നാളത്തെ സദ്യ. എങ്കിൽ ഇവയ്ക്കൊപ്പം അൽപം കൂട്ടുകറി കൂടിയായാലോ? കൂട്ടുകറി കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒരുപാട് പേർ നമുക്കിടയിലുണ്ട്. എങ്കിൽ ഒരു കൂട്ടുകറി റെസിപ്പി നോക്കിയാലോ? കൂട്ടുതെറ്റാതെ രുചിയുള്ള കറിയുണ്ടാക്കാൻ ഈ റെസിപ്പി ഒന്ന് നോക്കിക്കോളൂ...
വ്യത്യസ്ത പച്ചക്കറികളും ധാന്യങ്ങളും ചേർത്ത് ഒരുക്കുന്ന വിഭവമാണ് കൂട്ടുകറി. ഇതിൽ പ്രധാനമായും നമ്മൾ ചേർക്കുന്നത് ചേന, പച്ചക്കായ കടല, കടലപ്പരിപ്പ്, തേങ്ങ തുടങ്ങിയവയൊക്കെയാണ്.
ചേരുവകൾ
ചേന: അര കിലോ
പച്ചക്കായ: 2 എണ്ണം
പുഴുങ്ങിയെടുത്ത കടല: അര കപ്പ്
കടലപരിപ്പ്: 3 ടേബിൾ സ്പൂൺ
തേങ്ങ ചിരകിയത്: ഒരു കപ്പ്
വറുക്കാനായി വേണ്ട തേങ്ങ: ഒന്നര കപ്പ്
മുളകുപൊടി: അര ടീസ്പൂൺ
മഞ്ഞൾപൊടി : കാൽ ടീസ്പൂൺ
ജീരകം: അര ടീസ്പൂൺ
കുരുമുളകുപൊടി: അര ടീസ്പൂൺ
കടുക്: ഒരു ടീസ്പൂൺ
ശർക്കര: ഒരു ടേബിൾ സ്പൂൺ
ഉണക്കമുളക്: 4 എണ്ണം
ഉഴുന്ന്: ഒരു ടീസ്പൂൺ
വെളിച്ചെണ്ണ - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
കൂട്ടുകറിക്കായി തേങ്ങ വറുത്തെടുക്കേണ്ടതെങ്ങനെ - ഒരു പാനിലേക്ക് അല്പം വെളിച്ചെണ്ണ ഒഴിച്ച് അത് ചൂടായ ശേഷം ഉഴുന്ന്, വറ്റൽമുളക് എന്നിവ ചേർക്കുക. പിന്നീട് അതിലേക്ക് തേങ്ങ ചിരകിയത് ചേർക്കുക. നല്ല ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ ഇളക്കണം. ഇതിലേക്ക് കറിവേപ്പിലയും ചേർക്കുക.
തയാറാക്കുന്ന വിധം
നാളെ കൂട്ടുകറി തയാറാക്കുന്നതിനായി ഇന്ന് രാത്രി തന്നെ ഒരു കപ്പ് കടല എടുത്ത് വെള്ളത്തിലിട്ട് കുതിർക്കാനായി വയ്ക്കുക. തുടർന്ന് പിറ്റേദിവസം രാവിലെ ഇതെടുത്ത് അതിനൊപ്പം കടലപരിപ്പും അല്പം ഉപ്പ് ചേർത്ത് വേവിച്ചെടുക്കുക. ചേനയും പച്ചക്കായയും ചെറിയ കഷണങ്ങളാക്കി അരിഞ്ഞെടുക്കുക. ചേനയും പച്ചക്കായയും അൽപം മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് വേവിക്കുക. വെന്ത് ഉടയാതിരിക്കാൻ ശ്രദ്ധിക്കുക.
ശേഷം ഒരു കപ്പ് തേങ്ങയും ജീരകവും അല്പം വെള്ളവും ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക. അടി കട്ടിയുള്ള ഒരു പാത്രം എടുത്ത് അതിലേക്ക് വേവിച്ചുവെച്ച കടലയും പച്ചക്കറികൾ എന്നിവ ചേർക്കുക. ഇതിലേക്ക് അരച്ചുവച്ച തേങ്ങയും ചേർക്കുക. ഇവ എല്ലാം കൂടി നന്നായി കൂട്ടി യോജിപ്പിച്ച ശേഷം ഒരു ടേബിൾ സ്പൂൺ ശർക്കരയും വറുത്തു വെച്ച തേങ്ങ മിശ്രിതവും ഇതിലേക്ക് ചേർക്കുക. എല്ലാം കൂടെ നന്നായി കൂട്ടിയോജിപ്പിച്ച ശേഷം അൽപം കുരുമുളകുപൊടിയും ചേർക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല് സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.