ചിക്കൻ കറി വയ്ക്കാൻ പ്ലാൻ ഉണ്ടോ? രുചികരവും ഒപ്പം ആരോഗ്യപ്രദവുമായ ഒരു ചിക്കൻ കറി ആയാലോ? പാലക് ചിക്കൻ കറി എപ്പോഴെങ്കിലും തയാറാക്കി നോക്കിയിട്ടുണ്ടോ, ഇല്ലെങ്കിൽ ഇനി ചിക്കൻ കറി ഉണ്ടാക്കുമ്പോൾ ഇനി പറയുന്ന രീതിയിൽ ഒന്ന് ഉണ്ടാക്കി നോക്കൂ. ചോറിനും ചപ്പാത്തിക്കുമൊക്കെ ഈ കറി ബെസ്റ്റാണ്.
പാലക് ചിക്കൻ കറി തയാറാക്കുന്നതെങ്ങനെയെന്ന് നോക്കാം...
ചേരുവകൾ
ചിക്കൻ - 500 ഗ്രാം
പാലക് ചീര - 2 കട്ട് (വൃത്തിയാക്കി അരിഞ്ഞത്)
സവാള - 2 എണ്ണം (അരിഞ്ഞത്)
തക്കാളി - 1 എണ്ണം (അരിഞ്ഞത്)
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - 1 വലിയ സ്പൂൺ
പച്ചമുളക് - 2-3 എണ്ണം
മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
മുളകുപൊടി - 1 ടീസ്പൂൺ
മല്ലിപ്പൊടി - 1 വലിയ സ്പൂൺ
ഗരം മസാല - 1/2 ടീസ്പൂൺ
തൈര് - 2 വലിയ സ്പൂൺ
എണ്ണ/നെയ് - ആവശ്യത്തിന്
ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം
ആദ്യം പാലക് പ്യൂരി തയ്യാറാക്കാം. അതിനായി നന്നായി കഴുകി വൃത്തിയാക്കിയ പാലക് ചീര തിളച്ച വെള്ളത്തിൽ ഒരു മിനിറ്റ് നേരം ഇട്ടുവയ്ക്കണം. ശേഷം തണുത്ത വെള്ളത്തിലിട്ട് ഊറ്റിയെടുക്കുക. അധിക നേരം പാലക് ചീര വേവിക്കരുത്. അങ്ങനെ ചെയ്താൽ അതിന്റെ പച്ചനിറം നഷ്ടപ്പെട്ടേക്കാം. പിന്നീട് ഇത് പച്ചമുളക് കൂടി ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക. ശേഷം ചിക്കനിൽ കുറച്ച് മഞ്ഞൾപ്പൊടിയും ഉപ്പും തൈരും മാരിനേറ്റ് ചെയ്ത് 15 മിനിറ്റ് നേരം വയ്ക്കുക.
ഇനി കറിക്ക് ആവശ്യമായ മസാല തയാറാക്കാം - ഇതിനായി ഒരു പാനിൽ എണ്ണയോ നെയ്യോ ചൂടാക്കുക. ഇതിലേക്ക് സവാള ചേർത്ത് വഴറ്റുക. സവാള സ്വർണ്ണനിറമാകുമ്പോൾ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് കൂടി ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റണം. ഇതിലേക്ക് ഇനി മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് ചെറുതീയിൽ പച്ചമണം മാറുന്നത് വരെ മൂപ്പിക്കുക. ശേഷം തക്കാളി ചേർക്കാം. തക്കാളി നന്നായി ഉടയുന്നത് വരെ വേവിക്കുക.
തയാറാക്കിയ മസാലയിലേക്ക് മാരിനേറ്റ് ചെയ്ത് വച്ചിരിക്കുന്ന ചിക്കൻ കഷ്ണങ്ങൾ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ഇതിൽ പാകത്തിന് ഉപ്പും അല്പം വെള്ളവും ചേർത്ത് അടച്ചുവെച്ച് ചിക്കൻ പകുതി വേവാകുന്നത് വരെ വേവിക്കുക. ചിക്കൻ പകുതി വെന്തുകഴിഞ്ഞാൽ അതിലേക്ക് തയ്യാറാക്കിവെച്ചിരിക്കുന്ന പാലക് പ്യൂരി ചേർക്കാവുന്നതാണ്. ശേഷം എല്ലാം കൂടി നന്നായി ഇളക്കി ചിക്കൻ പൂർണ്ണമായും വേവുന്നത് വരെ വേവിക്കുക. തീ കുറച്ച് വയ്ക്കാൻ ശ്രദ്ധിക്കുക.

ഇനി കറി ആയി വരുമ്പോൾ അല്പം ഗരം മസാലയും വേണമെങ്കിൽ ഒരു ടീസ്പൂൺ കസ്തൂരി മേത്തിയും ചേർക്കാവുന്നതാണ്. കറിക്ക് കൂടുതൽ രുചി കിട്ടാൻ അവസാനം അല്പം ഫ്രഷ് ക്രീമോ വെണ്ണയോ കൂടി നിങ്ങൾക്ക് ചേർക്കാം.
ഇപ്പോൾ നിങ്ങളുടെ രുചികരവും ആരോഗ്യപ്രദവുമായ പാലക് ചിക്കൻ കറി റെഡിയായിക്കഴിഞ്ഞു. നല്ല സോഫ്റ്റ് ചപ്പാത്തിക്കൊപ്പമോ ചോറിനൊപ്പമോ ഇത് നിങ്ങൾക്ക് കഴിക്കാം...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









