ചില ആളുകളിൽ പെട്ടെന്ന് ശരീര ഭാരം കൂടാറുണ്ട്. ക്രമേണയാണ് ഭാരം കൂടുന്നതെങ്കിൽ അതിൽ ഭയപ്പെടണ്ട. എന്നാൽ പെട്ടെന്ന് കാരണം ഒന്നും കൂടാതെ ശരീര ഭാരം കൂടുകയാണെങ്കിൽ ശ്രദ്ധിക്കണം. കാരണം അത് ഏതെങ്കിലും രോഗങ്ങളുടെ ലക്ഷണമാകാനും സാധ്യതയുണ്ട്. സാധാരണയായി കൂടുതൽ ഭക്ഷണം കഴിക്കുന്നത് മൂലവും, വ്യായാമം ഇല്ലാത്തത് കൊണ്ടും, ഡീഹൈഡ്രേഷൻ മൂലവുമൊക്കെ ശരീരഭാരം കൂടാറുണ്ട്. മറ്റ് കാരണങ്ങൾ എന്തൊക്കെയെന്ന് നോക്കാം
മരുന്നുകൾ കഴിക്കുന്നത്
ചില രോഗങ്ങൾക്കുള്ള മരുന്ന് കഴിക്കുന്നത് പലപ്പോഴും പെട്ടെന്ന് ശരീരഭാരം കൂടാൻ കാരണമാകാറുണ്ട്. പ്രമേഹം, രക്തസമ്മർദ്ദം, വിഷാദം, മാനസിക വൈകല്യങ്ങൾ എന്നിവയ്ക്കുള്ള മരുന്നുകൾ ശരീര ഭാരം കൂടാൻ കാരണമാകാറുണ്ട്. എന്നാൽ ഡോക്ടറുടെ നിർദ്ദേശമില്ലാതെ ഒരിക്കലും ഈ മരുന്നുകൾ കഴിക്കുന്നത് നിർത്തരുത്.
ഉറക്കക്കുറവ്
ഉറക്കക്കുറവ് പലപ്പോഴും ശരീരഭാരം കൂടാൻ കരണമാകാറുണ്ടെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഉറങ്ങുന്ന സമയത്തിന് പെട്ടെന്ന് മാറ്റം വരുന്നത് ആളുകൾ കൂടുതൽ ഭക്ഷണം കഴിക്കാൻ കാരണമാകുമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. 2013 ലെ ഒരു പഠനം അനുസരിച്ച് ഉറക്കക്കുറവ് ഉള്ളവർ അവരുടെ ശരീരത്തിന് ആവശ്യമായതിലധികം കാര്ബോഹൈഡ്രേറ്റുകൾ കഴിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
പുകവലി നിർത്തുന്നത്
പുകവലി നിർത്തുന്നത് ശരീരഭാരം കൂടാൻ കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന് കാരണമായി ആരോഗ്യ വിദഗ്ദ്ധർ പറയുന്നത് നിക്കോട്ടിൻ പലപ്പോഴും വിശപ്പ് കുറവുള്ളതായി തോന്നിക്കാറുണ്ട്. കൂടാതെ പുകവലി നിർത്തുന്നത് സ്ട്രെസ്സിനും കാരണമാകും. ഇതെല്ലം തന്നെ സാധാരണ കഴിക്കുന്നതിലും കൂടുതൽ ഭക്ഷണം കഴിക്കാനും കാരണമാകും. അതിനാലാണ് പുകവലി നിർത്തുമ്പോൾ ശരീര ഭാരം വർധിക്കുന്നത്.
ഹൃദ്രോഗം
പെട്ടെന്ന് ശരീരഭാരം കൂടുന്നതും, ശരീരത്തിൽ നീര് ഉണ്ടാകുന്നതും പലപ്പോഴും ഹൃദ്രോഗത്തിന്റെ ലക്ഷണമാകാം. വിദഗ്ദ്ധർ പറയുന്നത് അനുസരിച്ച് 24 മണിക്കൂറിനുള്ളിൽ ഒരു കിളയിൽ കൂടുതൽ ശരീര ഭാരം കൂടുന്നത് ഹൃദ്രോഗം മൂലമാകാം. എന്നാൽ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവനുസരിച്ചും, വ്യായാമത്തിന് അനുസരിച്ചും ഒരാൾക്ക് ഒരു ദിവസം ശരീരഭാരത്തിൽ മാറ്റം വരുന്നത് സാധാരണയാണ്.
വൃക്ക രോഗം
പെട്ടെന്ന് ശരീരഭാരം കൂടുന്നതും, ശരീരത്തിൽ നീര് ഉണ്ടാകുന്നതും വൃക്ക രോഗത്തിന്റെ ലക്ഷണങ്ങൾ ആകാനും സാധ്യതയുണ്ട്. വൃക്കകൾക്ക് ശരീരത്തിന്റെ മാലിന്യങ്ങൾ കൃത്യമായി ഒഴിവാക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് ശരീരത്തിൽ അടിഞ്ഞ് കൂടുകയും, ശരീര ഭാരം വർധിക്കുകയും ചെയ്യും. കാലുകൾ, കണങ്കാൽ, പാദങ്ങൾ എന്നിവിടങ്ങളിലാണ് വൃക്ക രോഗം ഉള്ളവരിൽ സാധാരണയായി നീര് ഉണ്ടാകാറുള്ളത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.