തിരുവനന്തപുരം: ലോക പുകയില വിരുദ്ധ ദിനത്തിൽ ബോധവത്കരണവുമായി ആരോഗ്യവകുപ്പ്. മറ്റ് കാൻസറുകളെ പോലെ വായിലെ കാൻസറും നേരത്തെ തന്നെ രോഗനിർണയം നടത്തി ചികിത്സ ഉറപ്പാക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു.
ആരോഗ്യവകുപ്പിന്റെ ആർദ്രം ആരോഗ്യം ജീവിതശൈലി രോഗനിർണയ സ്ക്രീനിംഗിൽ 1.55 കോടി വ്യക്തികളെ ഒന്നാംഘട്ടത്തിലും 1.28 കോടി വ്യക്തികളെ രണ്ടാംഘട്ടത്തിലും സ്ക്രീനിംഗ് നടത്തിയിരുന്നു. ഇവരിൽ 9,13,484 പേർക്കാണ് കാൻസർ സംശയിച്ചത്.
ഇതിൽ കൂടുതലും സ്തനാർബുദവും ഗർഭാശയഗളാർബുദവുമാണ്. ഓറൽ കാൻസർ സാധ്യത കണ്ടെത്തിയത് 41,660 പേർക്കാണ്. മേയ് 31 ലോക പുകയില വിരുദ്ധ ദിനത്തിന്റെ ഭാഗമായി ഓറൽ കാൻസറിനെ പ്രതിരോധിക്കാൻ ആരോഗ്യവകുപ്പ് ശക്തമായ നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്.
ലഹരി വ്യാപനം ഗുരുതരമായ ആഗോള പ്രശ്നമായിരിക്കുകയാണ്. പുകയില എല്ലാത്തരം ലഹരിയിലേക്കും ഉള്ള പ്രവേശന കവാടമാണ്. കൗമാരക്കാലത്ത് ആരംഭിക്കുന്ന പുകയില ശീലം ഭാവിയിൽ മറ്റ് ലഹരികളിലേക്ക് വ്യാപിക്കും. മയക്കുമരുന്നിനൊപ്പം തന്നെ ഗുരുതരമായ ആരോഗ്യ സാമൂഹ്യ പ്രശ്നമായാണ് പുകയിലയെയും വിലയിരുത്തുന്നത്.
പുകയില ഉപയോഗത്തിനെതിരെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിപുലമായ ബോധവത്കരണ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും മേയ് 31 മുതൽ ബോധവത്കരണം ശക്തമാക്കും. തൊഴിലിനിടയിൽ പുകയില പദാർത്ഥങ്ങൾ ഉപയോഗിക്കുന്ന രീതിക്കെതിരെയും ബോധവത്കരണം ശക്തമാക്കും.
സംസ്ഥാനത്തെ വിദ്യാലയങ്ങളെ പുകയിലരഹിതമാക്കുക എന്ന ലക്ഷ്യത്തോടെ 'പുകയിലരഹിതം ലഹരിമുക്തം എന്റെ വിദ്യാലയം' എന്ന മുദ്രാവാക്യമുയർത്തി വിദ്യാലയങ്ങളുമായി ചേർന്ന് പദ്ധതികൾ നടപ്പാക്കും. സംസ്ഥാനത്തെ വിദ്യാലയങ്ങൾ പുകയിലരഹിതമായി പ്രഖ്യാപിക്കുകയാണ് ലക്ഷ്യം.
പുകയില ഉപഭോഗം നിർത്താൻ പ്രേരിപ്പിക്കുന്ന കൗൺസിലിംഗ് സെഷനുകൾ ജില്ലാ, താലൂക്ക് ആശുപത്രികളിൽ ശക്തമാക്കും. വിമുക്തി, ക്ഷയരോഗ നിവാരണ പദ്ധതി, മാനസിക ആരോഗ്യ പദ്ധതി എന്നിവയുടെ കൂടി സഹകരണത്തോടെ ടുബാക്കോ സെസ്സെഷൻ ക്ലിനിക്ക് സംവിധാനം എല്ലാ താലൂക്കുകളിലും വ്യാപിപ്പിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.