close

News WrapGet Handpicked Stories from our editors directly to your mailbox

ചക്കയും ചക്കക്കുരുവും വിടൂ, ഇനിയല്‍പ്പം പ്ലാവില തോരനാകാം!!

പണ്ട് കാലത്ത് പ്രസവ ശേഷം പ്ലാവിലയുടെ മുകുളം നല്ലെണ്ണയില്‍ വാട്ടി സ്ത്രീകള്‍ക്ക് നല്‍കുമായിരുന്നു.

Updated: Jun 25, 2019, 02:28 PM IST
 ചക്കയും ചക്കക്കുരുവും വിടൂ, ഇനിയല്‍പ്പം പ്ലാവില തോരനാകാം!!

പ്ലാവില എന്ന് പറഞ്ഞാല്‍ ആദ്യം ഓര്‍മ്മ വരിക പണ്ട് കുമ്പിള്‍ കുത്തി കഞ്ഞി കുടിച്ചിരുന്ന ആ കാലമാണ്. അല്ലേ?

പ്ലാവില കഞ്ഞി കുടിക്കാന്‍ മാത്രമല്ല, കൊത്തിയരിഞ്ഞ് തോരന്‍ വയ്ക്കാനും നല്ലതാണെന്ന് എത്ര പേര്‍ക്കറിയാം? സ്വാദ് കൊണ്ട് മാത്രമല്ല, ഗുണമേന്മ കൊണ്ടും പ്ലാവില തോരന്‍ മികച്ചതാണ്. 

ഇലക്കറികളില്‍ മികച്ച ഇനങ്ങളില്‍ ഒന്നാണ് പ്ലാവില തോരന്‍. കോട്ടയം ഉഴവൂരിലെ കെ.ആര്‍.നാരായണന്‍ ബയോടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് 
നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 

പ്രമേഹം, നെഞ്ച് രോഗം, ആന്തരീക ക്ഷതങ്ങള്‍ എന്നിവക്ക് പ്ലാവില തോരന്‍ ഉത്തമമാണ്. പ്ലാവില തളിര് തനിയെയും - ചെറുപയര്‍ പുഴുങ്ങി സമം ചേര്‍ത്തും അതീവ സ്വാദിഷ്ടമാണ് പ്ലാവില തോരന്‍.

പണ്ട് കാലത്ത് പ്രസവ ശേഷം പ്ലാവിലയുടെ മുകുളം നല്ലെണ്ണയില്‍ വാട്ടി സ്ത്രീകള്‍ക്ക് നല്‍കുമായിരുന്നു. പ്രസവ സമയുത്തുണ്ടായ എല്ലാ ക്ഷതങ്ങളും അതിവേഗം ഉണങ്ങാന്‍ വേണ്ടിയായിരുന്നു ഇത്. 

അസിഡിറ്റി മൂലം വയറിനുണ്ടാകുന്ന എല്ലാ ബുദ്ധിമുട്ടുകള്‍ക്കും വയറിലെ പുണ്ണിനും വായ് പുണ്ണിനും ഏറ്റവും നല്ല മരുന്നാണ് പ്ലാവില. പ്ലാവില തോരന്‍ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ചേരുവകള്‍

പ്ലാവില (പ്ലാവിന്‍റെ തൂമ്പില മുതല്‍ അധികം മൂപ്പെത്താത്ത എല്ലാ ഇലയും ഉപയോഗിക്കാം) ഇലയുടെ ഞെട്ട് കളഞ്ഞ് വളരെ ചെറുതായി അരിഞ്ഞത്  2 കപ്പ്

തേങ്ങ  അര കപ്പ് 
ചുവന്നുള്ളി  3 എണ്ണം 
പച്ചമുളക് -2 എണ്ണം 
കടുക്  അര ടീസ്പൂണ്‍ 
വെളിച്ചെണ്ണ  2 വലിയ സ്പൂണ്‍ 
ഉപ്പ്  പാകത്തിന് 

തയ്യാറാക്കുന്ന വിധം

അരിഞ്ഞു വെച്ച പ്ലാവില പുട്ടു കുറ്റിയിലോ മറ്റോ ഇട്ട് ഏകദേശം പത്തു മിനിട്ടു നേരം ആവി കയറ്റിയെടുക്കുക. തേങ്ങ ചുവന്നുള്ളിയും, പച്ചമുളകും ഉപ്പും ചേര്‍ത്ത് മിക്‌സിയില്‍ ചതച്ച്‌ എടുക്കുക. 

ഇനി ഒരു പാത്രത്തില്‍ വെളിച്ചെണ്ണ ഒഴിച്ചു ചൂടായ ശേഷം കടുകിട്ടു പൊട്ടിക്കുക. ശേഷം ആവി കയറ്റി എടുത്ത പ്ലാവില ചേര്‍ത്ത് കുറച്ചു 
നേരം ഇളക്കി, അരച്ചു വെച്ച തേങ്ങയും ചേര്‍ത്ത് അടച്ചു വെച്ച് വേവിക്കുക. 

ഇടയ്ക്കിടെ കൈകൊണ്ട് അല്പം വെള്ളം തളിച്ച് കൊടുക്കുക. ഇല നന്നായി വെന്ത ശേഷം ഇറക്കാം.