ഭക്ഷണക്രമത്തില്‍ ശ്രദ്ധിക്കൂ... ആരോഗ്യം നിലനിര്‍ത്തൂ...

Last Updated : Jan 13, 2019, 06:48 PM IST
ഭക്ഷണക്രമത്തില്‍ ശ്രദ്ധിക്കൂ... ആരോഗ്യം നിലനിര്‍ത്തൂ...

ഇന്നത്തെ തിരക്കേറിയ ജീവിത സാഹചര്യത്തില്‍ സമയത്തിന് ഭക്ഷണം കഴിക്കുക എന്നത് അത്യന്താപേക്ഷിതവും എന്നാല്‍ വലിയ ഒരു പ്രശ്നവുമാണ്. കാരണം, തിരക്ക് തന്നെ. ജോലിക്കാരെ സംബന്ധിച്ച് ഓഫീസിലെ തിരക്ക്, എന്നാല്‍ വീട്ടമ്മമാര്‍ക്ക് കുടുംബഭാരം. അപ്പോ ഒഴിവാക്കാന്‍ പറ്റുന്ന ഒന്നേയുള്ളൂ, സമയത്തിനുള്ള ഭക്ഷണം കഴിക്കല്‍...

എന്നാല്‍, തിരക്കില്‍ നാം മറക്കുന്ന ഒരു കാര്യമുണ്ട്. സമയത്തിന് ഭക്ഷണം കഴിച്ചില്ലെങ്കില്‍ നഷ്ടപ്പെടുന്നത് നമ്മുടെ ആരോഗ്യമാണെന്ന വസ്തുത... 

ജോലിത്തിരക്ക് മൂലമോ തടി കുറയ്ക്കാനെന്ന പേരിലോ നമ്മളില്‍ പലരും പ്രഭാത ഭക്ഷണം ഉപേക്ഷിക്കാറുണ്ട്. 
എന്നാല്‍ ഇത് ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കുകയെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.
അതായത് പ്രഭാതഭക്ഷണം വേണ്ടെന്ന് വച്ചാല്‍ തടികൂടുമെന്നും ചെറു പ്രായത്തില്‍ത്തന്നെ ഡയബറ്റിസ് പിടികൂടുമെന്നുമാണ് പുതിയ കണ്ടെത്തല്‍. 

അതു പോലെ തന്നെ ആരോഗ്യത്തിന് ദോഷം ചെയ്യുന്ന സംഗതിയാണ് ഉറങ്ങുന്നതിന് തൊട്ട് മുന്‍പ് അത്താഴം കഴിക്കുന്നത്. 

ഡസല്‍ഡോര്‍ഫിലെ ജര്‍മന്‍ ഡയബറ്റിസ് സെന്‍ററിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പുതിയ വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇത് പ്രകാരം ബ്രേക്ക് ഫാസ്റ്റ് ഉപേക്ഷിക്കുന്നവരില്‍ ടൈപ്പ് 2 ഡബയറ്റിസ് വരുന്നതിനുള്ള സാധ്യത 33% കൂടുതലാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതുമാത്രമല്ല, ശരീരഭാരം വര്‍ദ്ധിക്കുകയും ചെയ്യും. അതായത്, നന്നായി പ്രഭാത ഭക്ഷണം കഴിക്കുന്നവര്‍ക്ക് മികച്ച ആരോഗ്യവും കഴിക്കാത്തവര്‍ക്ക് അനാരോഗ്യവും ഉണ്ടാകുമെന്ന് ചുരുക്കം. പ്രഭാത ഭക്ഷണം കഴിക്കുന്നവര്‍ നല്ല ആരോഗ്യമുള്ളവരും തടി കൂടുതലില്ലാത്തവരാണെന്നും കണ്ടെത്തിയിട്ടുണ്ട്. 

പ്രഭാത ഭക്ഷണം സമയത്തിന് കഴിക്കുന്നവര്‍ക്ക് ആരോഗ്യകരമായ ശീലങ്ങള്‍ തുടരാന്‍ സാധിക്കുമെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇത്തരക്കാര്‍ പുകവലി, മദ്യപാനം, എന്നിവയ്ക്ക് അടിപ്പെടുന്നത് കുറവായിരിക്കും. കൂടാതെ, ഇവര്‍ താരതമ്യേന ഊര്‍ജ്ജസ്വലതയുള്ളവരായിരിക്കും. 

പ്രഭാത ഭക്ഷണം കഴിക്കുന്നവരേയും പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരേയും തമ്മില്‍ താരതമ്യപ്പെടുത്തി ഒരു പഠനം അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷ്യനില്‍ പ്രസിദ്ധീകരിച്ചിരുന്നു. അതനുസരിച്ച് പ്രഭാത ഭക്ഷണം കഴിക്കുന്നവരില്‍ തടി കുറയുമെന്നും ഒഴിവാക്കുന്നവരില്‍ തടി കൂടുമെന്നും വെളിപ്പെട്ടിട്ടുണ്ട്. ഇതിന് കാരണവുമുണ്ട്, പ്രഭാത ഭക്ഷണം  ഒഴിവാക്കുന്നവര്‍ക്ക് പിന്നീട് വിശപ്പ് കൂടാനിടയാവുകയും തല്‍ഫലമായി മറ്റ് നേരങ്ങളില്‍ കൂടുതല്‍ ഭക്ഷണം കഴിക്കുകയും ചെയ്യും. ഇത് ശരീര ഭാരം കൂടുന്നതിന് ഇടയാക്കുകയുമാണ് ചെയ്യുന്നത്. 

ഇതു പോലെ തന്നെ കിടക്കുന്നതിന് തൊട്ട് മുന്‍പ് രാത്രി ഭക്ഷണം കഴിക്കുന്നതും കടുത്ത ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് വ്യക്തമായിട്ടുണ്ട്. നമ്മുടെ ഇന്റേണല്‍ ബോഡി ക്ലോക്ക് വിശ്രമത്തിനായി സജ്ജമാകുന്ന വേളയില്‍ ഭക്ഷണം കഴിച്ചാല്‍ അത് ദഹിപ്പിക്കാന്‍ ശരീരം ഏറെ പാടുപെടേണ്ടി വരുമെന്നതാണ് വസ്തുത. 

 

 

Trending News