ഗുജറാത്തില്‍ ബിജെപി നേതാക്കള്‍ പാര്‍ട്ടി വിടുന്നു....

ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയപ്പോള്‍ നേതാക്കള്‍ പാര്‍ട്ടി വിടുന്നതായി റിപ്പോര്‍ട്ട്.

Last Updated : Jan 22, 2019, 06:09 PM IST
ഗുജറാത്തില്‍ ബിജെപി നേതാക്കള്‍ പാര്‍ട്ടി വിടുന്നു....

അഹമ്മദാബാദ്: ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയപ്പോള്‍ നേതാക്കള്‍ പാര്‍ട്ടി വിടുന്നതായി റിപ്പോര്‍ട്ട്.

 ഗുജറാത്തില്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ 'എതിരാളി' ഉള്‍പ്പെടെ രണ്ടു നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 

ഗുജറാത്തില്‍ ബിജെപി നേതാവും മുന്‍മന്ത്രിയുമായ ബിമല്‍ ഷായാണ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 1998ല്‍ കേശുഭായി പട്ടേലിന്‍റെ മന്ത്രിസഭയില്‍ അംഗമായിരുന്ന ബിമല്‍ ഷായ്ക്ക് കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പിലും സ്ഥാനാര്‍ഥിത്വം നിഷേധിച്ചിരുന്നു. കേശുഭായ്- നരേന്ദ്ര മോദി അധികാര വടംവലിക്കിടയില്‍ രണ്ടു ചേരിയിലായിരുന്നു ബിമല്‍ ഷായും അന്നു എംഎല്‍എയായിരുന്ന അമിത് ഷായും. 

കേശുഭായി പട്ടേല്‍ അധികാരത്തിലിരുന്നപ്പോള്‍  ബിമല്‍ ഷായ്ക്ക് പരിഗണന ലഭിച്ചിരുന്നു. എന്നാല്‍ പിന്നീട് നരേന്ദ്രമോദി മുഖ്യമന്ത്രി ആയപ്പോള്‍ ബിമല്‍ ഷാ തഴയപ്പെട്ടു. ശേഷം നടന്ന രണ്ടു തിരഞ്ഞെടുപ്പുകളിലും സീറ്റ് ലഭിച്ചിരുന്നില്ല. തനിക്ക് സീറ്റ് നിഷേധിച്ചതിന് പിന്നില്‍ അമിത് ഷായാണെന്ന്‍  ബിമല്‍ ഷാ കുറ്റപ്പെടുത്തിയിരുന്നു. 

ബിമല്‍ ഷായെക്കൂടാതെ, തെക്കന്‍ ഗുജറാത്തിലെ പ്രമുഖ ഗോത്രവിഭാഗ നേതാവും മുന്‍ എംഎല്‍എയുമായ അനില്‍ പട്ടേലും ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. തെക്കന്‍ ഗുജറാത്തിലെ ആദിവാസി മേഖലകളില്‍ സ്വാധീനമുള്ള നേതാവാണ് രാജി വച്ച അനില്‍ പട്ടേല്‍. 

ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയുടെ സ്വാധീനവും കോണ്‍ഗ്രസുമായുള്ള അവരുടെ തിരഞ്ഞെടുപ്പ് ധാരണകളും ബിജെപി പാളയത്തില്‍ ആശങ്ക പടര്‍ത്തുന്നതിനിടയിലാണു പട്ടേല്‍ പാര്‍ട്ടി വിട്ടിരിക്കുന്നത്. 

 

Trending News