ഇന്ന് ബാങ്ക് പണിമുടക്ക്‌

കേന്ദ്ര സർക്കാരിന്‍റെ ബാങ്ക് ലയനത്തിൽ പ്രതിഷേധിച്ച് ബാങ്ക് യൂണിയനുകൾ ഇന്ന് 24 മണിക്കൂർ പണിമുടക്കിന് ആഹ്വാനം ചെയ്തു.

Last Updated : Oct 22, 2019, 10:05 AM IST
ഇന്ന് ബാങ്ക് പണിമുടക്ക്‌

ന്യൂഡല്‍ഹി: കേന്ദ്ര സർക്കാരിന്‍റെ ബാങ്ക് ലയനത്തിൽ പ്രതിഷേധിച്ച് ബാങ്ക് യൂണിയനുകൾ ഇന്ന് 24 മണിക്കൂർ പണിമുടക്കിന് ആഹ്വാനം ചെയ്തു.

നിരവധി ട്രേഡ് യൂണിയനുകള്‍ക്കൊപ്പം ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷനും (AIBOA)  പണിമുടക്കിന് പിന്തുണ നൽകി മുന്നോട്ടു വന്നിട്ടുണ്ട്. ഇന്ന് ജോലിയ്ക്ക് ഹാജരാകരുതെന്നാണ് AIBOA അതിന്‍റെ അംഗങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെതുടര്‍ന്നാണ് 24 മണിക്കൂർ നീണ്ട പണിമുടക്കിന് യൂണിയനുകള്‍ ആഹ്വാനം ചെയ്തത്. ബാങ്ക് ജീവനക്കാരുടെ യൂണിയൻ നേതാക്കള്‍ വേണ്ടിവന്നാല്‍ എടിഎമ്മുകളും അടച്ചുപൂട്ടുമെന്ന് ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ട് ഉണ്ട്.

അതേസമയം, സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ, ബാങ്കുകള്‍ പ്രവര്‍ത്തന രഹിതമായിട്ട് ഇത് മൂന്നാം ദിവസമാണ്. നിയമസഭാ തിരഞ്ഞെടുപ്പ് മൂലം തിങ്കളാഴ്ച മഹാരാഷ്ട്രയിലും ഹരിയാനയിലും ബാങ്കുകള്‍ക്ക് ഒഴിവായിരുന്നു. 

കഴിഞ്ഞ സെപ്റ്റംബര്‍ 26, 27 തീയതികളില്‍ പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ സംയുക്ത യൂണിയൻ 2 ദിവസത്തെ പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍, ലയന പ്രഖ്യാപനവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിന് ധനകാര്യ സെക്രട്ടറി രാജീവ് കുമാർ നൽകിയ ഉറപ്പിന്‍റെ അടിസ്ഥാനത്തില്‍ പണിമുടക്ക് പിന്‍വലിക്കുകയായിരുന്നു. ധനകാര്യ സെക്രട്ടറി രാജീവ് കുമാറുമായി നടത്തിയ ചര്‍ച്ചയില്‍, മെഗാ ബാങ്ക് ലയന പ്രഖ്യാപനം ഉൾപ്പെടെയുള്ള ആശങ്കകൾ പരിശോധിക്കാൻ ഒരു സമിതി രൂപീകരിക്കാൻ സർക്കാർ സമ്മതിച്ചിരുന്നു.

ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോൺഫെഡറേഷൻ (എഐബിഒസി), ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷൻ (എഐബിഒഎ), ഇന്ത്യൻ നാഷണൽ ബാങ്ക് ഓഫീസേഴ്‌സ് കോൺഗ്രസ് (ഐഎൻബിഒസി), നാഷണൽ ഓർഗനൈസേഷൻ ഓഫ് ബാങ്ക് ഓഫീസേഴ്സ് എന്നീ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 

കഴിഞ്ഞ ഓഗസ്റ്റ് 30നാണ് ധനമന്ത്രി നിർമല സീതാരാമൻ പൊതുമേഖലാ ബാങ്കുകളുടെ വൻ ലയനം പ്രഖ്യാപിച്ചത്.

Trending News