സത്യപ്രതിജ്ഞ ചെയ്ത് 24 മണിക്കൂറിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കും: എച്ച്.ഡി കുമാരസ്വാമി

  

Last Updated : May 20, 2018, 12:43 PM IST
സത്യപ്രതിജ്ഞ ചെയ്ത് 24 മണിക്കൂറിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കും: എച്ച്.ഡി കുമാരസ്വാമി

ബംഗളൂരു: സത്യപ്രതിജ്ഞ ചെയ്ത് 24 മണിക്കൂറിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന് നിയുക്ത മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി.

നാളെ ഡല്‍ഹിയിലെത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുമായും കുമാര സ്വാമി കൂടിക്കാഴ്ച നടത്തും. മന്ത്രിസഭ രൂപീകരിക്കാനൊരുങ്ങുന്ന ജെഡിഎസ് കോണ്‍ഗ്രസ് സഖ്യത്തില്‍ മന്ത്രിമാരെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്.

കര്‍ണാടക മന്ത്രിസഭാ രൂപവത്കരണത്തില്‍ കോണ്‍ഗ്രസ് ജെഡിഎസ് ധാരണയായതായാണ് സൂചന. കോണ്‍ഗ്രസിന് 20 ഉം ജെഡിഎസിന് 13 ഉം മന്ത്രി സ്ഥാനങ്ങള്‍ നല്‍കാന്‍ ഇരു കക്ഷികളുടെയും നേതാക്കന്‍മാര്‍ തമ്മില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. വകുപ്പുകള്‍ സംബന്ധിച്ച് തീരുമാനമുണ്ടാക്കുന്നതിന് ഇരു പാര്‍ട്ടികളുടെയും സംയുക്ത നേതൃയോഗം ഇന്ന് ചേരുന്നുണ്ട്.

മുതിര്‍ന്ന നേതാക്കള്‍ക്കായിരിക്കും മന്ത്രിസ്ഥാനത്തിന്‍റെ കാര്യത്തില്‍ മുഖ്യപരിഗണന ലഭിക്കുകയെന്നാണ് സൂചന. മുഖ്യമന്ത്രിയാവുന്ന കുമാരസ്വാമി ധനകാര്യവകുപ്പ് കൂടി കൈകാര്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ജി. പരമേശ്വര ഉപമുഖ്യമന്ത്രി ആയേക്കും. എന്നാല്‍ കോണ്‍ഗ്രസിന് ലഭിക്കുന്ന രണ്ടാമത്തെ ഉപമുഖ്യമന്ത്രി പദം ആര്‍ക്കായിരിക്കും എന്നതു സംബന്ധിച്ച് ധാരണയിലെത്തിയിട്ടില്ലെന്നാണ് വിവരം. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉപമുഖ്യമന്ത്രി പദം ഏറ്റെടുക്കാന്‍ തയ്യാറാകുമോ എന്നത് വ്യക്തമല്ല. ഡി.കെ ശിവകുമാറിന്‍റെ പേരും ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയരുന്നുണ്ട്.

Trending News