രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ; ജനവിധി തേടി നിരവധി പ്രമുഖര്‍

പതിനേഴാമത് ലോക്‌സഭ തിരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ. ഇന്ന് നിശബ്ദ പ്രചാരണം. 12 സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമായി 95 മണ്ഡലങ്ങളിലാണ് നാളെ പോളിം​ഗ് നടക്കുക. 

Updated: Apr 18, 2019, 09:22 AM IST
രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ; ജനവിധി തേടി നിരവധി പ്രമുഖര്‍

ന്യൂഡല്‍ഹി: പതിനേഴാമത് ലോക്‌സഭ തിരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ. ഇന്ന് നിശബ്ദ പ്രചാരണം. 12 സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമായി 95 മണ്ഡലങ്ങളിലാണ് നാളെ പോളിം​ഗ് നടക്കുക. 

രണ്ടാംഘട്ട വോട്ടെടുപ്പില്‍ ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളുള്ളത് തമിഴ്‌നാട്ടിലാണ്. സംസ്ഥാനത്തെ ആകെയുള്ള 39 മണ്ഡലങ്ങളില്‍ വെല്ലൂര്‍ ഒഴികെ 38 മണ്ഡലങ്ങളിലും വ്യാഴാഴ്ച ജനം വിധിയെഴുതും. കണക്കില്‍പെടാത്ത പണം പിടിച്ചെടുത്തതിനെ തുടര്‍ന്ന് തമിഴ്നാട്ടിലെ വെല്ലൂര്‍ സീറ്റിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശുപാര്‍ശ പ്രകാരം രാഷ്ട്രപതിയാണ് തിരഞ്ഞെടുപ്പ് റദ്ദാക്കിയത്. 

കൂടാതെ, 18 നിയമസഭാ മണ്ഡലങ്ങളിലേയ്ക്കും നാളെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒഡീഷയിലും നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടം നാളെയാണ് നടക്കുക. 35 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. 
 
കര്‍ണാടക 14, ഉത്തര്‍പ്രദേശ് 8, മഹാരാഷ്ട്ര 10, അസം 5, ബീഹാര്‍ 5, ഒഡീഷ 5, ഛത്തീസ്ഗഢ് 3, ബംഗാള്‍ 3, ജമ്മുകശ്മീര്‍ 2, മണിപ്പൂര്‍ -1, ത്രിപുര 1, പുതുച്ചേരി 1 എന്നിങ്ങനെയാണ് രണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങള്‍.

നിരവധി പ്രമുഖരാണ് നാളെ ജനവിധി തേടുന്നത്. മുന്‍ പ്രധാനമന്ത്രി എച്ച്‌. ഡി. ദേവഗൗഡ, നിഖില്‍ കുമാരസ്വാമി, പ്രജ്വല്‍ രേവണ്ണ, സദാനന്ദ ഗൗഡ, വീരപ്പ മൊയ്‍ലി തുടങ്ങിയവരാണ് കര്‍ണാടകത്തില്‍ ജനവിധി തേടുന്ന പ്രമുഖര്‍. 

കനിമൊഴി, കാര്‍ത്തി ചിദംബരം, എ രാജ, എച്ച്‌ രാജ, പൊന്‍ രാധാകൃഷ്ണന്‍, അന്‍പുമണി രാംദോസ് തുടങ്ങിയവര്‍ തമിഴ്നാട്ടിലെ പ്രമുഖ സ്ഥാനാര്‍ത്ഥികളില്‍ ഉള്‍പ്പെടുന്നു. ഹേമമാലിനി, ഡാനിഷ് അലി, സുഷ്മിതാ ദേവ്, താരിഖ് അന്‍വര്‍ തുടങ്ങിയ നേതാക്കളും രണ്ടാംഘട്ടത്തില്‍ മത്സരരംഗത്തുണ്ട്.

ഇത്തവണത്തെ തിരഞ്ഞെടുപ്പ് തമിഴ്നാടിനെ സംബന്ധിച്ചിടത്തോളം അതിപ്രധാനമാണ്. രാഷ്ട്രീയത്തിലെ രണ്ട് പ്രമുഖര്‍, കരുണാനിധിയും ജയലളിതയും വിട ചൊല്ലിയതിനുശേഷം നടക്കുന്ന ആദ്യതിരഞ്ഞെടുപ്പാണ് ഇത്.