മഹാരാഷ്ട്രയില്‍ നാല് പ്രതിപക്ഷ എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു
മുബൈയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസാണ് ഇവര്‍ക്ക് പാര്‍ട്ടി അംഗത്വം നല്‍കിയത്.

മുംബൈ: മഹാരാഷ്ട്രയില്‍ രാജിവെച്ച നാല് പ്രതിപക്ഷ എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ്-എന്‍സിപി എംഎല്‍എമാരാണ് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബിജെപിയില്‍ ചേര്‍ന്നത്.
എന്‍സിപി എംഎല്‍എമാരായ ശിവേന്ദ്ര രാജെ ഭോസലെ, വൈഭവ് പിച്ചാദ്, സന്ദീപ് നായിക് എന്നിവരും കോണ്‍ഗ്രസ് എംഎല്‍എ കാളിദാസ് കൊലാംബകര് എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്.
ഇന്നലെയാണ് ഇവര്‍ സ്പീക്കര്‍ക്ക് രാജിക്കത്ത് കൈമാറിയത്. ഇവര്‍ക്ക് പുറമേ, എന്‍സിപിയിലെ മുതിര്‍ന്ന നേതാവ് മധുകര്‍ പിച്ചഡ്, മഹിളാ വിഭാഗം അധ്യക്ഷ പദം രാജിവച്ച ചിത്ര വാഗ് എന്നിവരും ബിജെപിയില്‍ ചേര്‍ന്നു.
എന്‍സിപി നേതാവും മുന്‍ മന്ത്രിയുമായ മധുകര്‍ പിച്ചാദിന്റെ മകനാണ് വൈഭവ് പിച്ചാദ്.
മുബൈയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസാണ് ഇവര്‍ക്ക് പാര്‍ട്ടി അംഗത്വം നല്‍കിയത്. എന്‍സിപി നേതാവായ ഗണേശ് നായികും 52 നവി മുംബൈ കൗണ്‍സിലര്‍മാരും ഇന്ന് ബിജെപിയില്‍ ചേരുമെന്ന് സൂചന ഉണ്ടായിരുന്നുവെങ്കിലും ഇവര്‍ ചടങ്ങിന് എത്തിയില്ല.