ഡല്‍ഹി സംഘര്‍ഷം: മരണം 7 ആയി, അടിയന്തിര യോഗം വിളിച്ച് അമിത് ഷാ, കെജ്‌രിവാ​ള്‍

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ തിങ്കളാഴ്ച നടന്ന സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 7 ആയി. മരിച്ചവരില്‍ ഒരു പോലീസുകാരനും ഉള്‍പ്പെടുന്നു.

Last Updated : Feb 25, 2020, 11:48 AM IST
ഡല്‍ഹി സംഘര്‍ഷം: മരണം 7 ആയി, അടിയന്തിര യോഗം വിളിച്ച് അമിത് ഷാ, കെജ്‌രിവാ​ള്‍

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ തിങ്കളാഴ്ച നടന്ന സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 7 ആയി. മരിച്ചവരില്‍ ഒരു പോലീസുകാരനും ഉള്‍പ്പെടുന്നു.

അതേസമയം, കലാപബാധിത പ്രദേശമായ ഗോകുല്‍ പുരിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഗോകുല്‍ പുരിയില്‍ നടന്ന ആക്രമത്തിലാണ് പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടത്. അക്രമത്തില്‍ DCP അമിത് ശര്‍മയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

അക്രമ സംഭവങ്ങളില്‍ 76 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഇവരില്‍ 5 പേരുടെ നില ഗുരുതരമാണ്. 2 ദിവസമായി തുടരുകയായിരുന്ന സംഘര്‍ഷം തിങ്കളാഴ്ച കൂടുതല്‍ അക്രമാസക്തമാവുകയായിരുന്നു.

സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത്, ഡല്‍ഹിയിലെ വടക്കുകിഴക്കൻ ജില്ലകളില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. കലാപബാധിത പ്രദേശങ്ങളായ ജാഫ്രാബാദ്, മൗജ്പൂർ-ബാബർപൂർ, ഗോകുൽപുരി, ജോഹ്രി എൻക്ലേവ്, ശിവ് വിഹാർ തുടങ്ങിയ സ്ഥലങ്ങള്‍ കനത്ത പോലീസ് സുരക്ഷയിലാണ്.

തിരക്കേറിയ വെല്‍ക്കം സ്റ്റേഷനടക്കം 5 മെട്രോ സ്റ്റേഷനുകള്‍ അടച്ചിരിയ്ക്കുകയാണ്. നിരവധി മെട്രോ ട്രെയിനുകള്‍ റദ്ദാക്കിയതായാണ് റിപ്പോര്‍ട്ട്.

അതേസമയം, ഡല്‍ഹിയിലെ നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടിയന്തിര യോഗം വിളിച്ചുചേര്‍ത്തിരിക്കുകയാണ്.

കൂടാതെ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാ​ളുമായും ഡല്‍ഹി ലെഫ്. ഗവര്‍ണര്‍ അനില്‍ ബൈജലുമായും ഇന്ന് 12 മണിക്ക് കൂടിക്കാഴ്ച നടത്തും.

കൂടാതെ, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാ​ളും യോഗം ചേരുകയും സംഭവം വിലയിരുത്തുകയും ചെയ്തു. മുഖ്യമന്ത്രിയുടെ വസതിയിലാണ് യോഗം ചേര്‍ന്നത്‌.

ഡല്‍ഹിയിലെ ഭജന്‍പുര, ഗോകുല്‍പുരി എന്നീ സ്ഥലങ്ങളിലാണ്‌ തിങ്കളാഴ്ച സംഘര്‍ഷമുണ്ടായത്. പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നവരെ, നിയമത്തെ പിന്തുണയ്ക്കുന്ന ഒരുവിഭാഗം ആക്രമിച്ചതോടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.

Trending News