ന്യൂഡല്‍ഹി: സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാനുള്ള സമയപരിധി ഡിസംബര്‍ 31 വരെ നീട്ടിയതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. നേരത്തേ സെപ്തംബര്‍ 30 വരെ ആയിരുന്നു സമയപരിധി. അതേ സമയം ആധാറുമായി ബന്ധപ്പെട്ട കേസില്‍ വാദം കേള്‍ക്കുന്നത് സുപ്രീം കോടതി നവംബറിലേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് ദീപക്ക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഇതു സംബന്ധിച്ച ഉത്തരവിട്ടത്.
വിവിധ സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാനുള്ള നീക്കത്തിനെതിരെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. ആധാര്‍ ഇല്ലാത്തിന്റെ പേരില്‍ ക്ഷേമപദ്ധതികളുടെ പ്രയോജനം നിഷേധിക്കപ്പെട്ടത് ആര്‍ക്കാണെന്ന് വ്യക്തമാകാതെ ഉത്തരവ് പുറപ്പെടുവിക്കാന്‍ കഴിയില്ലെന്നായിരുന്നു സുപ്രീം കോടതി ബഞ്ച് വ്യക്തമാക്കിയത്.
ആര്‍ക്കും ആനുകൂല്യങ്ങള്‍ നിഷേധിച്ചിട്ടില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്. ആധാര്‍ ഇല്ലാത്തവര്‍ക്ക് മറ്റ് തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഫെബ്രുവരി എട്ടിലെയും ജൂണ്‍ 22 ലെയും സര്‍ക്കാര്‍ വിജ്ഞാപനങ്ങള്‍ ചോദ്യംചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി പരിഗണിച്ചപ്പോഴായിരുന്നു സുപ്രീംകോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.