എയര്‍കണ്ടീഷണറുകളുടെ താപനില 24 ഡിഗ്രി സെല്‍ഷ്യസാക്കി നിജപ്പെടുത്തും

  

Last Updated : Jun 23, 2018, 09:48 AM IST
എയര്‍കണ്ടീഷണറുകളുടെ താപനില 24 ഡിഗ്രി സെല്‍ഷ്യസാക്കി നിജപ്പെടുത്തും

ന്യൂഡല്‍ഹി: രാജ്യത്തെ എയര്‍കണ്ടീഷണറുകളുടെ താപനില 24 ഡിഗ്രി സെല്‍ഷ്യസാക്കി നിജപ്പെടുത്താൻ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഡിഫാള്‍ട്ട് സെറ്റിങ്ങ് 24 ഡിഗ്രി സെല്‍ഷ്യസാക്കുന്നത് പരിഗണിക്കുമെന്ന് ഊര്‍ജ മന്ത്രി ആര്‍കെ സിങ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു. എസി ഉപയോഗിക്കുന്നത് കൊണ്ടുള്ള ഊര്‍ജ്ജത്തിന്‍റെ അളവ് കുറയ്ക്കാന്നാണ് ഈ പദ്ധതി കൊണ്ടുവരുന്നത്. 

എസി ഉത്പാദകര്‍ ഉപഭോക്താക്കളുടെ ആരോഗ്യവും സമ്പത്തും പരിഗണിച്ച് അനുയോജ്യമായ ഊഷ്മാവ് എസിയുടെ മുകളില്‍ രേഖപ്പെടുത്തണമെന്ന് കൂടിക്കാഴ്ചയില്‍ ഊര്‍ജ മന്ത്രി കമ്പനികളോട് ആവശ്യപ്പെട്ടു. 24 ഡിഗ്രിക്കും 26നുമിടയില്‍ ഊഷ്മാവ് സെറ്റ് ചെയ്യാനാണ് തീരുമാനം.

ഓരോ ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ത്തുന്നതിലൂടെ ഉപയോഗിക്കുന്ന വൈദ്യുതിയുടെ ആറ് ശതമാനം ലാഭിക്കാനാവുമെന്ന് ഊര്‍ജമന്ത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

മനുഷ്യ ശരീരരോഷ്മാവ് 36നും 37 ഡിഗ്രി സെല്‍ഷ്യസിനുമിടയിലാണ്. എന്നാല്‍ വ്യവസായിക സ്ഥാപനങ്ങളും ഹോട്ടലുകളുമെല്ലാം 18നും 21ഡിഗ്രിക്കുമിടയില്‍ എസി ഊഷ്മാവ് ക്രമപ്പെടുത്തുന്നത്. ഇത് അസൗകര്യം മാത്രമല്ല ആനാരോഗ്യവും ഉണ്ടാക്കുന്നു. പല സ്ഥാപനങ്ങളും 18നും 21നുമിടയില്‍ ഊഷ്മാവ് ക്രമപ്പെടുത്തുന്നതിനാല്‍ അവിടെ കഴിയുന്ന ആളുകള്‍ പുതപ്പും സ്വെറ്ററുകളും ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാവുന്നു. ശരിക്കും ഇത് ഊര്‍ജത്തിന്‍റെ ദുര്‍വ്യയമാണെന്നും മന്ത്രി പറഞ്ഞു.

ജപ്പാന്‍ പോലുള്ള രാജ്യങ്ങളില്‍ ഡിഫോള്‍ട്ട് സെറ്റിങ്ങില്‍ 28 ഡിഗ്രി ആയാണ് എസി ഊഷ്മാവ് ക്രമപ്പെടുത്തിയിരിക്കുന്നത്. ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി നടത്തിയ പഠനം പരിഗണിച്ചാണ് എസിയുടെ ഡിഫാള്‍ട്ട് താപനില 24 ഡിഗ്രി സെല്‍ഷ്യസാക്കണമെന്ന നിര്‍ദേശം ഊര്‍ജ്ജ മന്ത്രാലയം മുന്നോട്ടു വെച്ചിരിക്കുന്നത്.

പൊതുജനങ്ങളില്‍ നിന്ന് ഈ തീരുമാനത്തില്‍ അഭിപ്രായം ആരായുകയും ഉത്പാദകര്‍ക്ക് ആറ് മാസം സമയം നല്‍കിയ ശേഷം ഇത് പൂര്‍ണ്ണമായും നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു. ഉത്പാദകര്‍ ഈ തിരുമാനം നടപ്പിലാക്കുകയാണെങ്കില്‍ പ്രതിവര്‍ഷം രണ്ട് കോടി യൂണിറ്റ് വൈദ്യുതി ലാഭിക്കാനാവുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

Trending News