അഹമ്മദാബാദ്: എയർ ഇന്ത്യ വിമാനം തകർന്നുവീണതിനെ തുടർന്ന് ജീവൻ നഷ്ടപ്പെട്ട ബി.ജെ. മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്കും, അപകടത്തിൽ പരിക്കേറ്റവർക്കുമുള്ള ആറ് കോടി രൂപയുടെ സഹായ പാക്കേജ് ഡോ. ഷംഷീർ വയൽ കൈമാറി. ഡീൻ ഡോ. മീനാക്ഷി പരീഖ്, ആശുപത്രി സൂപ്രണ്ട് ഡോ. രാകേഷ് എസ്. ജോഷി, ജൂനിയർ ഡോക്ടേഴ്സ് അസോസിയേഷൻ നേതാക്കൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സഹായ വിതരണ ചടങ്ങ്.
അഹമ്മദാബാദ്: അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ച ബിജെ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളുടെ കുടുംബാംഗങ്ങൾക്കും പരിക്കേറ്റവർക്കുമുള്ള ഡോ ഷംഷീർ വയലിന്റെ സഹായം കൈമാറി. ആറ് കോടി രൂപയുടെ സഹായ പാക്കേജ് ആണ് കൈമാറിയത്. മെഡിക്കൽ കോളേജ് ഡീൻ ഡോ മീനാക്ഷി പരീഖ്, ആശുപത്രി സൂപ്രണ്ട് ഡോ രാകേഷ് എസ് ജോഷി, ജൂനിയർ ഡോക്ടേഴ്സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ദുരന്തത്തിനിരയായവരുടെ കുടുംബങ്ങൾക്ക് സഹായം നൽകിയത്. വിമാനപാപകത്തിലെ ഇരകൾക്ക് ആദ്യമായി ലഭിക്കുന്ന സാമ്പത്തിക സഹായം ആണിത്. വിപിഎസ്ഇ സ്ഥാപകനും ചെയർമാനും ആണ് ഡോ ഷംഷീർ വയലിൽ.
അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ടേക്ക് ഓഫിന് തൊട്ടുപിറകെ തകർന്നുവീഴുക ആയിരുന്നു. വിമാനം വീണത് ബിജെ മെഡിക്കൽ കോളേജ് കെട്ടിടത്തിൽ ആയിരുന്നു. ഇങ്ങനെയാണ് മെഡിക്കൽ വിദ്യാർത്ഥികൾ കൊല്ലപ്പെട്ടത്. ദുരന്തത്തിൽ ജീവൻ നഷ്ടപെട്ട നാല് യുവ മെഡിക്കൽ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപയുടെ ചെക്ക് ആണ് കൈമാറിയത്. ആര്യൻ രജ്പുത് (ഗ്വാളിയോർ), മാനവ് ഭാദു (ശ്രീഗംഗാനഗർ), ജയപ്രകാശ് ചൗധരി (ബാർമർ), രാകേഷ് ഗോബർഭായ് ദിയോറ (ഭാവ്നഗർ) എന്നിവരുടെ കുടുംബങ്ങളാണ് സഹായം സ്വീകരിച്ചത്
അപകടത്തിൽ ഉറ്റവരെ നഷ്ടമായ ഡോക്ടർമാർക്കും സഹായം നൽകി. ന്യൂറോ സർജറി റസിഡന്റ് ഡോ പ്രദീപ് സോളങ്കി (ഇദ്ദേഹത്തിന്റെ ഭാര്യയും ഭാര്യാസഹോദരനും മരണപ്പെട്ടു), സർജിക്കൽ ഓങ്കോളജി റസിഡന്റ് ഡോ നീൽകാന്ത് സുത്താർ (ഇദ്ദേഹത്തിന്റെ മൂന്ന് ബന്ധുക്കൾ മരിച്ചു), ബിപിടി വിദ്യാർത്ഥിയായ ഡോ. യോഗേഷ് ഹദാത്ത് (ഇദ്ദേഹത്തിന് സഹോദരനെ നഷ്ടപ്പെട്ടു) എന്നിവർക്കാണ് പ്രത്യേകമായി 25 ലക്ഷം രൂപ വീതം നൽകിയത്.
അഞ്ചോ അതിലധികമോ ദിവസങ്ങൾ ആശുപത്രിയിൽ കഴിയേണ്ടി വന്ന 14 പേർക്ക് മൂന്നര ലക്ഷം രൂപയുടെ സഹായവും നൽകി. പരാതികൾക്ക് ഇടനൽകാതെ, കോളേജ് ഡീനുമായുള്ള കൂടിയാലോചനക്ക് ശേഷം ജൂനിയർ ഡോക്ടേർസ് അസോസിയേഷൻ നിർദേശിച്ചവർക്കാണ്ഈ തുക നൽകിയത്.
ഈ ദുരന്തത്തിൽ ആരും ഒറ്റയ്ക്കല്ല. മെഡിക്കൽ സമൂഹം മുഴുവനായും ഒപ്പമുണ്ട് എന്നും കുടുംബാംഗങ്ങൾക്ക് നൽകിയ കത്തിൽ ഡോ ഷംഷീർ ഉറപ്പ് നൽകി. ഡോ ഷംഷീറിന്റെ ഐക്യദാർഢ്യത്തെ ഡോ. മീനാക്ഷി പരീഖും ജൂനിയർ ഡോക്ടേഴ്സ് അസോസിയേഷനും അനുമോദിച്ചു.
സഹായ വിതരണ ചടങ്ങിന് ശേഷം ദുരന്തത്തിൽ മരിച്ചവർക്കായി പ്രത്യേക പ്രാർത്ഥനയും നടത്തി.
ജൂൺ 12- നാണ് ബി.ജെ. മെഡിക്കൽ കോളേജിലെ അതുല്യം ഹോസ്റ്റൽ സമുച്ചയത്തിലേക്ക് എയർ ഇന്ത്യ ഫ്ലൈറ്റ് 171 തകർന്നുവീണത്. സഹായ സന്നദ്ധത അറിയിച്ച് ആരോഗ്യ സംരംഭകനായ ഡോ ഷംഷീർ ജൂൺ 17-ന് തന്നെ രംഗത്ത് വന്നിരുന്നു. പ്രഖ്യാപനം കഴിഞ്ഞ് ഒരാഴ്ചക്കകം തന്നെ സഹായം എത്തിക്കുകയും ചെയ്തു.









