സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടലിലെ 22 പ്രതികളെയും കോടതി വെറുതെ വിട്ടു

പ്രോസിക്യൂഷന്‍ ആരോപണങ്ങള്‍ കോടതിക്ക് ബോധ്യപ്പെട്ടില്ലയെന്നു മാത്രമല്ല പ്രജാപതിയുടെ കൊലപാതകത്തില്‍ ഗൂഢാലോചന തെളിയിക്കാനും ആയില്ല.

Last Updated : Dec 21, 2018, 02:26 PM IST
സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടലിലെ 22 പ്രതികളെയും കോടതി വെറുതെ വിട്ടു

ന്യൂഡല്‍ഹി: സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ 22 പ്രതികളെ സിബിഐ കോടതി വെറുതെ വിട്ടു. കൊലപാതകവും ഗൂഢാലോചന തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വെറുതെ വിട്ടത്. 

പ്രോസിക്യൂഷന്‍ ആരോപണങ്ങള്‍ കോടതിക്ക് ബോധ്യപ്പെട്ടില്ലയെന്നു മാത്രമല്ല പ്രജാപതിയുടെ കൊലപാതകത്തില്‍ ഗൂഢാലോചന തെളിയിക്കാനും ആയില്ല. സൊഹ്റാബുദ്ദീന്‍ ശൈഖിനെയും ഭാര്യ കൗസര്‍ബിയെയും സുഹൃത്ത് തുളസിറാം പ്രജാപതിയെയും ഗുജറാത്തിന്‍റെയും രാജസ്ഥാന്‍റെയും ആന്ധ്രാപ്രദേശിന്‍റെയും പോലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് വ്യാജ ഏറ്റുമുട്ടലില്‍ വധിച്ചെന്ന കേസില്‍ അവശേഷിക്കുന്ന 22 പേര്‍ക്കെതിരായ വിചാരണയാണ് പ്രത്യേക കോടതിയില്‍ നടന്നത്.

38 പേർക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചെങ്കിലും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ അടക്കം 16 പേരെ കോടതി നേരത്തെതന്നെ കുറ്റവിമുക്തരാക്കിയിരുന്നു. ഷാ ഗുജറാത്ത് ആഭ്യന്തര സഹമന്ത്രിയായിരുന്ന കാലത്തായിരുന്നു വ്യാജ ഏറ്റുമുട്ടൽ. 21നു തന്നെ വിധിപറയാൻ പരമാവധി ശ്രമിക്കുമെന്നും ഇല്ലെങ്കിൽ 24നു പ്രഖ്യാപിക്കുമെന്നും കോടതി അറിയിച്ചിരുന്നു.

മഹാരാഷ്ട്രയിലെ സാംഗ്ലിയിലേക്ക് ബസില്‍ പോകുമ്പോഴാണ് 2005-ല്‍ സായുധരായ പൊലീസ് സംഘം സൊഹ്റാബുദ്ദീനെ പിടിച്ചുകൊണ്ടുപോയത്. പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ സൊഹ്റാബുദ്ദീന്‍ കൊല്ലപ്പെട്ടതായി പിന്നീട് വാര്‍ത്തവന്നു. സംഭവത്തിന് ദൃക്സാക്ഷികളായ കൗസര്‍ബിയും പ്രജാപതിയും പിന്നീട് കൊല്ലപ്പെട്ടു. 

ഗുജറാത്ത് സിഐഡി അന്വേഷിച്ചിരുന്ന കേസ് 2012 ലാണ് സിബിഐ ഏറ്റെടുത്തത്. ഗുജറാത്തില്‍ സ്വതന്ത്രമായ വിചാരണ നടക്കില്ലെന്ന് സിബിഐ ചൂണ്ടിക്കാണിച്ചതിനെത്തുടര്‍ന്ന് സുപ്രീംകോടതി കേസിന്‍റെ വിചാരണ മുംബൈയിലേക്ക് മാറ്റുകയായിരുന്നു.

സൊഹ്റാബുദ്ദീന്‍റെ സുഹൃത്തായിരുന്ന അസംഖാന്‍ ഈ കേസില്‍ സാക്ഷിമൊഴി നല്‍കിയിരുന്നു. മര്‍ദിച്ചവശനാക്കിയാണ് രാജസ്ഥാന്‍ പൊലീസ് ഭര്‍ത്താവിനെ കോടതിയില്‍ ഹാജരാക്കിയതെന്നും അതുകൊണ്ടുതന്നെ യഥാര്‍ഥ മൊഴി നല്‍കാനായിട്ടില്ലെന്നും അസംഖാന്‍റെ ഭാര്യ പറയുന്നു. 

വിധി സ്റ്റേ ചെയ്യണമെന്നും സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്നും ആവശ്യപ്പെട്ട് കേസിലെ പ്രധാന സാക്ഷികളില്‍ ഒരാളായ അസംഖാന്‍റെ ഭാര്യ റിസ്വാന ഖാന്‍ ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. പല സാക്ഷികളുടെയും മൊഴി പൂര്‍ണമായി രേഖപ്പെടുത്തിയിട്ടില്ലെന്നും അതുകൊണ്ട് വിചാരണ അപൂര്‍ണമാണെന്നും ചൂണ്ടിക്കാണിച്ചാണ് റിസ്വാന ഖാന്‍ ഹൈക്കോടതിയെ സമീപിച്ചത്.

Trending News