അമിത് ഷായെ "വിലക്കി" മമത... ഹെലികോപ്റ്റര്‍ ഇറക്കാന്‍ അനുവദിക്കാതെ ബംഗാള്‍ സര്‍ക്കാര്‍!!

ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ റോഡ് ഷോയ്ക്കും ഹെലികോപ്റ്റര്‍ ഇറക്കാനും വിലക്കേര്‍പ്പെടുത്തി ബംഗാള്‍ സര്‍ക്കാര്‍.

Updated: May 13, 2019, 12:38 PM IST
അമിത് ഷായെ "വിലക്കി" മമത... ഹെലികോപ്റ്റര്‍ ഇറക്കാന്‍ അനുവദിക്കാതെ ബംഗാള്‍ സര്‍ക്കാര്‍!!

ന്യൂഡല്‍ഹി: ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ റോഡ് ഷോയ്ക്കും ഹെലികോപ്റ്റര്‍ ഇറക്കാനും വിലക്കേര്‍പ്പെടുത്തി ബംഗാള്‍ സര്‍ക്കാര്‍.

കൊല്‍ക്കത്തയിലെ ജാദവ്പൂര്‍ ജില്ലയില്‍ അമിത് ഷാ നടത്തുന്ന റോഡ് ഷോയ്ക്കാണ് വിലക്ക്. അതിനാല്‍ അമിത് ഷായുടെ ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വ്യക്തമാക്കി. 

അതേസമയം, ജാദവ്പുരില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന റോഡ് ഷോയ്ക്ക് സര്‍ക്കാര്‍ അനുമതി നിഷേധിച്ചതായി ബിജെപി വൃത്തങ്ങള്‍ അറിയിച്ചു. ബംഗാളില്‍ ജയ്‌നഗര്‍, ജാദവ്പൂര്‍, ബരാസത് തുടങ്ങിയ മണ്ഡലങ്ങളിലാണ് റോഡ് ഷോ നിശ്ചയിച്ചിരുന്നത്. ഇതില്‍ ജാദവ്പുരിലെ റോഡ് ഷോയ്ക്കാണ് അനുമതി നിഷേധിച്ചിട്ടുള്ളത്. 

ആദ്യം ഹെലികോപ്റ്റര്‍ ഇറക്കുന്നതിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍ അവസാനനിമിഷം വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. തിരഞ്ഞെടുപ്പിന്‍റെ അവസാനഘട്ടത്തിലാണ് ജാദവ്പൂര്‍ ഉള്‍പ്പെടെയുളള മണ്ഡലങ്ങള്‍ ജനവിധി തേടുന്നത്. ഇതിന്‍റെ ഭാഗമായി പ്രചാരണത്തിന് എത്തിയതാണ് അമിത് ഷാ.

ഇത് ആദ്യമായല്ല അമിത് ഷായുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മമത സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തുന്നത്. കഴിഞ്ഞ ജനുവരിയിലും ഇതേ രീതിയില്‍ ബിജെപി ദേശീയ നേതാക്കള്‍ക്ക് ബംഗാള്‍ സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. സംസ്ഥാനത്തെ ക്രമസമാധാനം തകരുമെന്നായിരുന്നു അന്ന് സര്‍ക്കാര്‍ വാദിച്ചത്. എന്നാല്‍ അതിനെതിരെ പോരാടിയ ബിജെപി സുപ്രിംകോടതിയില്‍ വരെ ശരണം തേടിയിരുന്നു.