തെലങ്കാനയില്‍ ടിആര്‍എസ് സര്‍ക്കാരിനെതിരെ പ്രചാരണം ശക്തമാക്കാന്‍ നിര്‍ദേശം; ലക്ഷ്യം 60 സീറ്റ്

തിരഞ്ഞെടുപ്പില്‍ 60 സീറ്റ് നേടുകയെന്ന ദൗത്യമാണ് പ്രവര്‍ത്തകര്‍ക്ക് മുന്നിലുള്ളതെന്നും അമിത് ഷാ പറഞ്ഞു.   

Updated: Oct 11, 2018, 03:28 PM IST
തെലങ്കാനയില്‍ ടിആര്‍എസ് സര്‍ക്കാരിനെതിരെ പ്രചാരണം ശക്തമാക്കാന്‍ നിര്‍ദേശം; ലക്ഷ്യം 60 സീറ്റ്

ഹൈദരാബാദ്: തെലങ്കാനയില്‍ യുവാക്കള്‍, ദലിതര്‍, കൃഷിക്കാര്‍ തുടങ്ങി സമൂഹത്തിലെ വിവിധ വിഭാഗങ്ങളില്‍പെട്ടവര്‍ ടിആര്‍എസ് സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളില്‍ അസംതൃപ്തരാണെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. 

തിരഞ്ഞെടുപ്പില്‍ 60 സീറ്റ് നേടുകയെന്ന ദൗത്യമാണ് പ്രവര്‍ത്തകര്‍ക്ക് മുന്നിലുള്ളതെന്നും അമിത് ഷാ പറഞ്ഞു. തിരഞ്ഞെടുപ്പു ചുമതലയുള്ള പ്രവര്‍ത്തകരുടെ യോഗത്തില്‍ അമിത് ഷാ പങ്കെടുത്തു.

തെലങ്കാനയില്‍ ടിആര്‍എസ് സര്‍ക്കാരിനെതിരെ പ്രചാരണം ശക്തമാക്കാന്‍ പാര്‍ട്ടി അണികള്‍ക്ക് ഷാ നിര്‍ദേശം നല്‍കി. ടിആര്‍എസ്-ബിജെപി രഹസ്യധാരണയുണ്ടെന്ന ആരോപണം നിലനില്‍ക്കെയാണ് ഇത്. 

അടുത്ത രണ്ടു മാസത്തിനുള്ളില്‍ എല്ലാ വീടുകളിലും നേരിട്ടെത്തി ചന്ദ്രശേഖര റാവു സര്‍ക്കാരിന്‍റെ വീഴ്ചകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നാണ് അമിത് ഷാ പ്രാദേശിക നേതാക്കളുടെ യോഗത്തില്‍ നല്‍കിയിട്ടുള്ള നിര്‍ദേശം. 

കേന്ദ്രസര്‍ക്കാരിന്‍റെ ഭരണനേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഓരോ നിയമസഭാ മണ്ഡലത്തിലും ഒരൊറ്റ വീടു പോലും പ്രവര്‍ത്തകര്‍ സന്ദര്‍ശിക്കാതെ വിട്ടുപോകരുതെന്ന് അമിത് ഷാ നിര്‍ദേശിച്ചു.

മഹാരാജ അഗ്രസെന്‍ ജയന്തി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഹൈദരാബാദിലെത്തിയ അമിത് ഷാ മുപ്പതോളം സന്യാസിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.