ബിജെപി നേതാവ് വെടിയേറ്റു മരിച്ചു, പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ്‌‍?

പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ ബിജെപിയുടെ പ്രാദേശിക നേതാവിനെ അജ്ഞാതര്‍ വെടിവെച്ചു കൊന്നു. 

Last Updated : Oct 13, 2019, 01:14 PM IST
ബിജെപി നേതാവ് വെടിയേറ്റു മരിച്ചു, പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ്‌‍?

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ ബിജെപിയുടെ പ്രാദേശിക നേതാവിനെ അജ്ഞാതര്‍ വെടിവെച്ചു കൊന്നു. 

55കാരനായ ഹരാല ദേബ്‌നാഥിനെയാണ് അജ്ഞാതര്‍ കൊലപ്പെടുത്തിയത്. സ്വന്തം പലചരക്ക് കടയ്ക്ക് മുന്നില്‍ വച്ചാണ് ദേബ്‌നാഥിന് വെടിയേറ്റത്. 

വെള്ളിയാഴ്ച രാത്രിയാണ് ദാരുണമായ ഈ സംഭവം നടന്നത്. ഭാര്യയ്‌ക്കൊപ്പം രാത്രി കട അടച്ച് വീട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുമ്പോള്‍ കടയിലെത്തിയ രണ്ട് പേർ അദ്ദേഹത്തോട് സ്നാക്സ് ആവശ്യപ്പെട്ടു. രണ്ട് പാക്കറ്റ് സ്നാക്സ് വാങ്ങിയ ശേഷം തോക്കെടുത്ത് നിറയൊഴിക്കുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തെ അടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

എന്നാല്‍, തൃണമൂല്‍ കോണ്‍ഗ്രസാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.

ആക്രമണത്തിന് പിന്ന്ല്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന്‍ ആരോപിച്ച ബിജെപി ജില്ലാ  അദ്ധ്യക്ഷന്‍ ഡോ. മനോബേന്ദ്ര റോയ്, ദെബ്നാഥിനെ ഭാര്യയുടെ മുന്നില്‍ വച്ചാണ് വെടിവച്ച്‌ കൊലപ്പെടുത്തിയതെന്നും പറഞ്ഞു.

അതേസമയം, അക്രമികള്‍ ഭയമില്ലാതെ ആളുകളെ കൊല്ലുകയാണെന്നും എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും ദേബ്നാഥിന്‍റെ അയല്‍വാസിയായ പ്രദീപ്‌ റോയ് ആരോപിച്ചു.

കുറ്റവാളികളെ കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്നും കൊലപാതകത്തിന്‍റെ കാരണമെന്തെന്ന് കണ്ടെത്തുമെന്നും പൊലീസ് പറഞ്ഞു. 

പ്രതികളുടെ അറസ്റ്റ് ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ പ്രതിഷേധ പ്രകടനം നടത്തി. കഴിഞ്ഞ 81 ദിവസത്തിനിടെ കുറഞ്ഞത്‌ 8 അംഗങ്ങൾ കൊല്ലപ്പെട്ടുവെന്നും ബിജെപി അവകാശപ്പെട്ടു. 

 

 

Trending News