അനര്‍ഥം പ്രവര്‍ത്തിച്ചാല്‍ പാക്കിസ്ഥാന് കനത്ത തിരിച്ചടി നേരിടേണ്ടി വരും: ബിപിന്‍ റാവത്ത്

പാക്കിസ്ഥാന് ശക്തമായ താക്കീത് നല്‍കി കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. 

Last Updated : Jul 13, 2019, 03:27 PM IST
അനര്‍ഥം പ്രവര്‍ത്തിച്ചാല്‍ പാക്കിസ്ഥാന് കനത്ത തിരിച്ചടി നേരിടേണ്ടി വരും: ബിപിന്‍ റാവത്ത്

ന്യൂഡല്‍ഹി: പാക്കിസ്ഥാന് ശക്തമായ താക്കീത് നല്‍കി കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. 

പാക് സൈന്യത്തിന്‍റെ ഭാഗത്തുനിന്ന് എന്തെങ്കിലും അനര്‍ത്ഥം ഉണ്ടായാല്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് കനത്ത തിരിച്ചടി തീര്‍ച്ചയായും ഉണ്ടാവുമെന്ന് ബിപിന്‍ റാവത്ത് പറഞ്ഞു. കാര്‍ഗില്‍ സംഘര്‍ഷത്തിന്‍റെ 20 ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന പ്രത്യേക പരിപാടിക്കിടെയാണ് കരസേനാ മേധാവി ഇപ്രകാരം പറഞ്ഞത്.

പാക്കിസ്ഥാന്‍ ഓരോതവണയും നിഴല്‍ യുദ്ധത്തിലൂടെയും ഭീകരവാദികളെ ഉപയോഗിച്ചും അനര്‍ത്ഥം വിളിച്ചുവരുത്തുന്നു. അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നു. ഇന്ത്യയുടെ അതിര്‍ത്തി സംരക്ഷിക്കാന്‍ സൈന്യം അചഞ്ചലമായി നിലകൊള്ളും. അതിനാല്‍ എന്തെങ്കിലും തെറ്റുകള്‍ കാണിച്ചാല്‍ അതിന് ശിക്ഷാ നടപടി ഉറപ്പായുമുണ്ടാകുമെന്നും ബിപിന്‍ റാവത്ത് പറഞ്ഞു. 

ഒപ്പം ഭാവിയില്‍ ഒരു ഇന്ത്യ-പാക്‌ സംഘര്‍ഷമുണ്ടാവുകയാണെങ്കില്‍ അത് കൂടുതല്‍ അക്രമാസക്തമാകുമെന്നും പ്രവചനാതീതമായിരിക്കുമെന്നും, എന്നാല്‍ മനുഷ്യരുടെ പ്രധാന്യം ഒട്ടും കുറയില്ലെന്നും ബിപിന്‍ റാവത്ത് പറഞ്ഞു. നമ്മുടെ സൈനികര്‍ക്ക് തന്നെയാകും എപ്പോഴും പ്രാധാന്യമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, നിയന്ത്രണരേഖ മറികടന്ന് ചൈനീസ് സൈന്യം ഇന്ത്യയിലേക്ക് കടന്നുകയറിയെന്ന വാര്‍ത്തകള്‍ കരസേനാ മേധാവി നിഷേധിച്ചു. അതിക്രമിച്ച്‌ കടക്കല്‍ ഉണ്ടായിട്ടില്ലെന്നും നിയന്ത്രണരേഖയ്ക്ക് സമീപം വരെ അവര്‍ എത്തിയെങ്കിലും നമ്മള്‍ അവരെ തടഞ്ഞെന്നും ബിപിന്‍ റാവത്ത് പറഞ്ഞു. ആ സമയത്ത് ഇന്ത്യയുടെ ഭാഗത്ത ഡെംചോക്കില്‍ ടിബറ്റുകാര്‍ പ്രദേശികമായി ആഘോഷം സംഘടിപ്പിച്ചിരുന്നു. ഇത് കണ്ടാണ് അവിടെ എന്താണ് സംഭവിക്കുന്നതെന്ന് അറിയാനായി ചൈനീസ് സൈന്യം അടുത്തേക്ക് വന്നത്. അല്ലാതെ അതിക്രമിച്ച്‌ കടക്കല്‍ നടന്നിട്ടില്ലെന്നും എല്ലാം സാധാരണ നിലയിലാണെന്നും അദ്ദേഹം പറഞ്ഞു.

ജൂലൈ ആറിനാണ് ചൈനീസ് സൈന്യം അതിര്‍ത്തി കടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ടിബറ്റന്‍ ആത്മീയ നേതാവായ ദലൈലാമയുടെ പിറന്നാള്‍ ആഘോഷിക്കുന്നതിനിടെ ചിലര്‍ ടിബറ്റന്‍ പതാക ഉയര്‍ത്തിയതാണ് ചൈനീസ് സൈന്യത്തെ പ്രകോപിപ്പിച്ചത്.

 

 

Trending News