close

News WrapGet Handpicked Stories from our editors directly to your mailbox

അയോധ്യ ഭൂമി തര്‍ക്ക കേസ്: അന്തിമവാദം പൂര്‍ത്തിയായി

അയോധ്യ ഭൂമി തര്‍ക്ക കേസില്‍ അന്തിമ വാദം പൂര്‍ത്തിയായി. കേസ് വിധി പറയാനായി മാറ്റി.

Sheeba George | Updated: Oct 16, 2019, 04:35 PM IST
അയോധ്യ ഭൂമി തര്‍ക്ക കേസ്: അന്തിമവാദം പൂര്‍ത്തിയായി

ന്യൂഡല്‍ഹി: അയോധ്യ ഭൂമി തര്‍ക്ക കേസില്‍ അന്തിമ വാദം പൂര്‍ത്തിയായി. കേസ് വിധി പറയാനായി മാറ്റി.

അതേസമയം, അഭിഭാഷകര്‍ക്ക് തങ്ങളുടെ വാദം എഴുതി സമര്‍പ്പിക്കാന്‍ മൂന്ന് ദിവസം കൂടി സുപ്രീം കോടതി നല്‍കി. അയോധ്യ ഭൂമി തര്‍ക്ക കേസില്‍ 40 ദിവസമാണ് വാദം കേള്‍ക്കല്‍ നടന്നത്. 

മുന്‍പ് നിശ്ചയിച്ച പ്രകാരം ഒക്ടോബര്‍ 18 വരെയായിരുന്നു വാദം കേള്‍ക്കല്‍ നടക്കേണ്ടിയിരുന്നത്. പിന്നീട് ഒക്ടോബര്‍ 17നകം വാദം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. എന്നാല്‍, ഇപ്പോള്‍ നിശ്ചയിച്ചതിനും ഒരു ദിവസം മുന്‍പേ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാവുകയാണ്. കേസില്‍ 41 ദിവസമാണ് ആകെ വാദം കേള്‍ക്കലിനായി നിശ്ചയിച്ചിരുന്നത്. 

ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് അയോധ്യ ഭൂമി തര്‍ക്ക കേസില്‍ വാദം കേട്ടത്. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ എസ് എ ബോബ്ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ് ‌എ നസീര്‍ എന്നിവരാണ് അഞ്ചംഗ ഭരണഘടന ബഞ്ചിലെ മറ്റംഗങ്ങള്‍. 

അയോധ്യ ഭൂമി തര്‍ക്ക കേസിൽ ഉൾപ്പെട്ട എല്ലാ കക്ഷികളും ഒക്ടോബർ 18നകം വാദം പൂർത്തിയാക്കാൻ ശ്രമിക്കണമെന്ന് മുന്‍പ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിനായി അധിക സമയം വാദം കേട്ടിരുന്നു. എല്ലാ ദിവസവും ഒരു മണിക്കൂർ അധികവും, കൂടാതെ ശനിയാഴ്ചയും വാദം കേൾക്കല്‍ തുടര്‍ന്നിരുന്നു.

നിലവിലെ ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യ് ന​വം​ബ​ര്‍ 17ന് വിരമിക്കും. അതിന് മുന്‍പ് അയോധ്യ ഭൂമി തര്‍ക്ക കേസിൽ വി​ധി​ പ്രസ്താവിക്കും. ജ​സ്റ്റീ​സ് ഇ​ബ്രാ​ഹീം ഖ​ലീ​ഫു​ല്ലയുടെ അദ്ധ്യക്ഷതയിലുള്ള മ​ധ്യ​സ്ഥ സ​മി​തി​യു​ടെ നീ​ക്കം പ​രാ​ജ​യ​മാ​ണെ​ന്നു കണ്ടാണ്‌ ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യ് ഓ​ഗ​സ്റ്റ് ആ​ദ്യ​വാ​രം മു​ത​ല്‍ കേ​സി​ല്‍ അ​ന്തി​മ വാ​ദം കേള്‍ക്കല്‍ തു​ട​ങ്ങി​യ​ത്. 

2.77 ഏക്കർ തർക്ക ഭൂമി മൂന്നു തുല്യ ഭാഗങ്ങളായി വിധിച്ചുകൊണ്ടുള്ള അലഹബാദ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്യുന്ന 14 അപ്പീലുകളാണ് സുപ്രീംകോടതിയില്‍ ഉള്ളത്. സുന്നി വഖഫ് ബോർഡ്, നിർമോഹി അഖാര, രാം ലല്ല എന്നിവര്‍ക്കാണ് ഭൂമി തുല്യമായി വിഭജിച്ചു നല്‍കാന്‍ അലഹബാദ് ഹൈക്കോടതി വിധിച്ചത്.