രാജ്യത്തെ ഭീകരതയുടെ കവാടമായിരുന്നു ആർട്ടിക്കിൾ 370, 35എ: അമിത് ഷാ

രാജ്യത്ത് ഭീകരതയുടെ കവാടമായി നിലകൊള്ളുകയായിരുന്നു ആർട്ടിക്കിൾ 370, 35എ. അത് റദ്ദാക്കിയതിലൂടെ ഭീകരതയ്ക്കുള്ള പ്രവേശനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇല്ലാതാക്കിയതെന്ന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ..

Last Updated : Oct 31, 2019, 11:46 AM IST
രാജ്യത്തെ ഭീകരതയുടെ കവാടമായിരുന്നു ആർട്ടിക്കിൾ 370, 35എ: അമിത് ഷാ

ന്യൂഡല്‍ഹി: രാജ്യത്ത് ഭീകരതയുടെ കവാടമായി നിലകൊള്ളുകയായിരുന്നു ആർട്ടിക്കിൾ 370, 35എ. അത് റദ്ദാക്കിയതിലൂടെ ഭീകരതയ്ക്കുള്ള പ്രവേശനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇല്ലാതാക്കിയതെന്ന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ..

ഇന്ത്യയുടെ ഉരുക്കു മനുഷ്യനും, പ്രഥമ ആഭ്യന്തര മന്ത്രിയുമായ  സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ 144ാം ജന്മാവാര്‍ഷികത്തോട് അനുബന്ധിച്ച് ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ദാര്‍ പട്ടേലിന്‍റെ എല്ലാ തീരുമാനങ്ങളും രാജ്യതാല്പര്യം മാത്രം മുന്‍നിര്‍ത്തിയായിരുന്നുവെന്നും റണ്‍ ഫോര്‍ യൂണിറ്റി തലസ്ഥാന നഗരിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

സര്‍ദാര്‍ പട്ടേലിന്‍റെ സ്വപ്‌നമായിരുന്നു ജമ്മു-കശ്മീരിന്‍റെ ലയനമെന്നും അത് പൂര്‍ത്തിയാക്കിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും അഭിപ്രായപ്പെട്ടു. ബ്രിട്ടീഷുകാര്‍ തുടര്‍ന്നുപോന്ന നയത്തെ ദീര്‍ഘകാലം പേറേണ്ടിവന്നവരാണ് നാം. ആ മനോഭാവത്തില്‍ നിന്ന്  മാറാന്‍ ജനങ്ങളുടെ മനസ്സില്‍ ശക്തമായ ഐക്യബോധവും ദേശസനേഹവും വളരണം. റണ്‍ ഫോര്‍ യൂണിറ്റി അതിനുള്ള ഫലപ്രദമായ സന്ദേശമാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി സൂചിപ്പിച്ചു.

രാജ്യതാല്പര്യം മാത്രമായിരുന്നു സര്‍ദാര്‍ പട്ടേലിന്‍റെ ലക്ഷ്യം. അത് മാത്രമാണ് അദ്ദേഹത്തിന്‍റെ മുന്‍പിലുണ്ടായിരുന്നത്. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ഭാരതത്തെ ഓരേ ചരടില്‍ കോര്‍ക്കാന്‍ സാധിച്ചതിന്‍റെ  മുഴുവന്‍ അംഗീകാരവും അദ്ദേഹത്തിന് മാത്രമുള്ളതാണ്. അദ്ദേഹത്തിന്‍റെ ദൃഢനിശചയവും, സാഹസികതയും ധീരതയും ഒപ്പം സംഘാടക മികവും നമുക്കേവര്‍ക്കും എന്നും പ്രേരണയാണ്. അമിത് ഷാ പറഞ്ഞു.

രാജ്യത്തിന്‍റെ ഐക്യത്തിനായി നിലകൊണ്ട ദേശീയ നേതാവായ സര്‍ദാര്‍ പട്ടേലിന്‍റെ സ്മരണയ്ക്കായി റണ്‍ ഫോര്‍ യൂണിറ്റി എന്ന പേരില്‍ കൂട്ടയോട്ടവും സമ്മേളനങ്ങളും സംഘടിപ്പിച്ചിരുന്നു. ന്യൂഡല്‍ഹിയിലെ മേജര്‍ ധ്യാന്‍ചന്ദ് സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങിലും തുടര്‍ന്നുള്ള കൂട്ടയോട്ടത്തിലും പതിനായിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു.

.ചടങ്ങില്‍ ഡല്‍ഹി ലഫ്റ്റനന്‍റ് ഗവര്‍ണര്‍ അനില്‍ ബായ്ജല്‍, കേന്ദ്ര ഭവനനിര്‍മ്മാണ-വ്യോമയാന വകുപ്പ് മന്ത്രി ഹര്‍ദീപ് സിംഗ് പുരി, വാണിജ്യകാര്യ മന്ത്രി പീയൂഷ് ഗോയല്‍, കായിക വകുപ്പ് മന്ത്രി കിരണ്‍ റിജിജു എന്നിവരും സന്നിഹിതരായിരുന്നു. ചടങ്ങുകള്‍ക്ക് മുന്‍പ് രാഷ്ട്രപതി രാംനാഥ് കോവിന്ദും ഡല്‍ഹി ലഫ്.ഗവര്‍ണറും സര്‍ദാര്‍ പട്ടേല്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി.

 

Trending News