അരുണ്‍ ജെയ്റ്റ്ലിയുടെ അന്തിമ സംസ്കാരം നിഗംബോധ് ഘട്ടില്‍ നടക്കും

രണ്ടാഴ്ചയായി ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്നു അദ്ദേഹം ഇന്നലെ ഉച്ചയ്ക്ക് 12.07 ഓടെ ഈ ലോകത്തോട്‌ വിട പറഞ്ഞു.  

Last Updated : Aug 25, 2019, 03:50 PM IST
അരുണ്‍ ജെയ്റ്റ്ലിയുടെ അന്തിമ സംസ്കാരം നിഗംബോധ് ഘട്ടില്‍ നടക്കും

ന്യൂഡല്‍ഹി: അന്തരിച്ച ബിജെപി നേതാവും മുന്‍ ധനകാര്യ മന്ത്രിയുമായ അരുണ്‍ ജെയ്റ്റ്ലിയുടെ ഭൗതികശരീരം നിഗംബോധ്ഘട്ടില്‍ സംസ്‌കരിക്കും. പൂർണ ഔദ്യോഗിക ബഹുമതികളോടെയാകും രാജ്യം ജെയ്റ്റ്‍‍ലിക്ക് യാത്രയയപ്പ് നൽകുക. 

രണ്ടാഴ്ചയായി ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്നു അദ്ദേഹം ഇന്നലെ ഉച്ചയ്ക്ക് 12.07 ഓടെ ഈ ലോകത്തോട്‌ വിട പറഞ്ഞു.

അരുണ്‍ ജെയ്റ്റലിക്ക് ആദരവര്‍പ്പിക്കാനായി പ്രമുഖ നേതാക്കളുടെ നീണ്ട നിരയാണ് എത്തുന്നത്‌. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര മന്ത്രിമാർ കൂടാതെ പ്രതിപക്ഷത്തെ നേതാക്കളും സംസ്കാര ചടങ്ങിനായി നിഗംബോധ്ഘട്ടില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. 

 

 

ഗുജറാത്ത് മുഖ്യമന്ത്രി വിജയ്‌ രൂപാണി, മഹാരാഷ്ട്ര മുഖ്യമന്ത്രി, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി, ഡല്‍ഹി മുഖ്യമന്ത്രി, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്നിവരും നിഗംബോധ്ഘട്ടില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. മുതിര്‍ന്ന ബിജെപി നേതാവ് ലാല്‍ കൃഷ്ണ അദ്വാനിയും എത്തിയിട്ടുണ്ട്.

വിദേശ സന്ദർശനം വെട്ടിച്ചുരുക്കി ഇന്ത്യയിലേക്ക് മടങ്ങാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരിമാനിച്ചിരുന്നെങ്കിലും സന്ദർശനം തുടരണമെന്നുള്ള ജെയ്റ്റ്‍‍ലിയുടെ കുടുംബത്തിന്‍റെ അഭ്യർത്ഥനയെ മാനിച്ച് സന്ദര്‍ശനം തുടരാന്‍ അദ്ദേഹം തീരുമാനിച്ചു. അതിനാൽ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തില്ല. 

ഒരാഴ്ചയിലേറെയായി വെന്റിലേറ്ററിന്‍റെ സഹായത്തോടെയായിരുന്നു ജെയ്റ്റ്ലിയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഈ മാസം ഒന്‍പതാം തീയതിയാണ് ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് ജെയ്റ്റ്ലിയെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

രണ്ട് വര്‍ഷത്തിലധികമായി വൃക്ക രോഗത്തിന് ചികിത്സയിലായിരുന്നു ജെയ്റ്റ്ലി. വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കടക്കം അദ്ദേഹം വിധേയനായിരുന്നു. ഒന്നാം മോദി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന ജെയ്റ്റ്ലി ആരോഗ്യനില മോശമായതിനാലാണ് ഇത്തവണത്തെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്നത്. 

Trending News