ഒറ്റയാനായി കേജരിവാൾ; പ്രധാനമന്ത്രിക്ക് സത്യപ്രതിജ്ഞയ്ക്ക് ക്ഷണം

ഫെബ്രുവരി 16ന് നടക്കാനിരിക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച്  നിയുക്ത മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. 

Updated: Feb 14, 2020, 04:41 PM IST
ഒറ്റയാനായി കേജരിവാൾ; പ്രധാനമന്ത്രിക്ക് സത്യപ്രതിജ്ഞയ്ക്ക് ക്ഷണം

ന്യൂഡല്‍ഹി: ഫെബ്രുവരി 16ന് നടക്കാനിരിക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച്  നിയുക്ത മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. 

ഡല്‍ഹി  രാംലീല മൈതാനത്തില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്കാണ് പ്രധാനമന്ത്രിയെ ഔദ്യോഗികമായി കേജരിവാള്‍ ക്ഷണിച്ചിരിക്കുന്നത്. സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്ത് വെള്ളിയാഴ്ച രാവിലെ പ്രധാനമന്ത്രിക്ക് അയച്ചതായി ആം ആദ്മി പാർട്ടി ഡല്‍ഹി യൂണിറ്റ് കൺവീനർ റായ് പറഞ്ഞു.

അതേസമയം, മോദി വിരുദ്ധ മുഖ്യമന്ത്രിമാർക്കും പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാക്കൾക്കും കേജരിവാളിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണമില്ല. ഡൽഹിയിലെ ജനങ്ങൾ മതി തനിക്കൊപ്പമെന്ന് വ്യക്തമാക്കിയ കേജരിവാൾ മറ്റ് സംസ്ഥാന മുഖ്യമന്ത്രിമാരെ ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നത് രാഷ്ട്രീയ രംഗത്ത് ചർച്ചയായിട്ടുണ്ട്. 

ചടങ്ങിലേക്ക് മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കോ രാഷ്ട്രീയ പാർട്ടി നേതാക്കൾക്കോ ക്ഷണമില്ലെന്ന കാര്യം എഎപിയുടെ മുതിർന്ന നേതാവ് ഗോപാൽ റായി ആണ് അറിയിച്ചത്. ഡൽഹിയിൽ എഎപി നേടിയ വിജയത്തോടെ മോദി വിരുദ്ധരുടെ നേതൃനിരയിലേക്ക് കേജരിവാൾ എത്തുകയാണ് എന്ന തരത്തിൽ റിപ്പോർട്ടുകളുണ്ടായിരുന്നു. 

എന്നാൽ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രതിപക്ഷ നിരയിലെ പ്രമുഖരെ ഒഴിവാക്കി കൊണ്ട് മോദി വിരുദ്ധരുടെ നേതാവാകാനില്ലെന്ന വ്യക്തമായ സന്ദേശമാണ് കേജരിവാൾ നൽകിയിരിക്കുന്നത്.

തന്റെ നേതൃത്വത്തിലുള്ള വിശ്വാസം ഒരിക്കൽകൂടി ഊട്ടി ഉറപ്പിച്ച ഡൽഹിയിലെ ജനങ്ങൾക്കൊപ്പം കേജരിവാൾ സത്യപ്രതിജ്ഞെ ചെയ്യുമെന്ന് ഗോപാൽ റായി പറഞ്ഞു.

 70-ൽ 62 സീറ്റുകൾ നേടിയാണ് ആം ആദ്മി പാർട്ടി ഡൽഹിയിൽ അധികാരം നിലനിർത്തിയത്. ബിജെപി എട്ട് സീറ്റുകളിലൊതുങ്ങി.