കേജ്‌രിവാള്‍ CM ആണോ CP ആണോ?-ഗംഭീര്‍

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ പരിഹസിച്ച് ബിജെപി എംപി ഗൗതം ഗംഭീര്‍. 

Last Updated : Feb 5, 2020, 12:56 PM IST
  • അണ്ണാ ഹസാരയോടും സുഹൃത്തുക്കളോടും സര്‍ക്കാരുകളോടും കള്ളം പറഞ്ഞ കേജ്‌രിവാള്‍ ഇപ്പോള്‍ ഡല്‍ഹിയിലെ ആയിരക്കണക്കിന് ജനങ്ങളോടും കള്ള൦ പറയുകയാണെന്നും ഗംഭീര്‍ കുറ്റപ്പെടുത്തി.
കേജ്‌രിവാള്‍ CM ആണോ CP ആണോ?-ഗംഭീര്‍

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ പരിഹസിച്ച് ബിജെപി എംപി ഗൗതം ഗംഭീര്‍. 

ഷഹീന്‍ബാഗ് ആക്രമണം നടത്തിയത് ആം ആദ്മി പ്രവര്‍ത്തകനാണെന്ന വാര്‍ത്ത പുറത്ത് വന്നതിനു പിന്നാലെയാണ് ഗംഭീറിന്‍റെ പ്രതികരണം. ആശ്ചര്യപ്പെടുത്തുന്ന മുഖ്യമന്ത്രിയാണിതെന്നും കേജ്‌രിവാള്‍ മുഖ്യ കാപട്യക്കാരനാണെന്നും അദ്ദേഹം പരിഹസിച്ചു. 

അണ്ണാ ഹസാരയോടും സുഹൃത്തുക്കളോടും സര്‍ക്കാരുകളോടും കള്ളം പറഞ്ഞ  കേജ്‌രിവാള്‍ ഇപ്പോള്‍ ഡല്‍ഹിയിലെ ആയിരക്കണക്കിന് ജനങ്ങളോടും കള്ള൦ പറയുകയാണെന്നും ഗംഭീര്‍ കുറ്റപ്പെടുത്തി. ഇദ്ദേഹം മുഖ്യമന്ത്രിയോ മുഖ്യ നടനോ? -ട്വീറ്ററിലൂടെ ഗംഭീര്‍ ചോദിച്ചു. 

നേരത്തെ മറ്റൊരു ട്വീറ്റിലും ഗംഭീര്‍ കെജറിവാളിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. വിനോദിക്കുക അല്ലെങ്കില്‍ അധികാരം പിടിച്ചെടുക്കുക എന്നതാണ് ആം ആദ്മി പാര്‍ട്ടിയുടെ സന്ദേശമെന്നും ഗംഭീര്‍ ട്വീറ്റ് ചെയ്തിരുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടക്കുന്ന ഷഹീന്‍ബാഗില്‍, ആകാശത്തേക്ക് വെടിയുതിര്‍ത്തതിനു പിന്നാലെ അറസ്റ്റിലായ ആള്‍ ആം ആദ്മി പാര്‍ട്ടി അംഗമാണെന്നാണ് ഡല്‍ഹി പോലീസിന്‍റെ കണ്ടെത്തല്‍. 

കപില്‍ ഗുജ്ജര്‍ എന്ന ഇരുപത്തഞ്ചുകാരനാണ് കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ഷഹീന്‍ബാഗില്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തത്. പോലീസ് ബാരിക്കേടുകള്‍ക്ക് സമീപമാണ് വെടിവെപ്പുണ്ടായത്. ജയ്‌ ശ്രീരാം എന്ന് വിളിച്ചുകൊണ്ടായിരുന്നു ഇയാള്‍ വെടിവെച്ചത്.

2019ന്‍റെ ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ താനും അച്ഛനും ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നുവെന്ന് കപില്‍ സമ്മതിച്ചതായി ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കപിലും അച്ഛനും കഴിഞ്ഞവര്‍ഷം ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നുവെന്ന് തെളിയിക്കുന്ന ഫോട്ടോകള്‍ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി കപിലിന്റെ ഫോണില്‍നിന്ന് ലഭിച്ചുവെന്നും ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി കമ്മീഷണര്‍ രാജേഷ് ദിയോ വ്യക്തമാക്കി.

എന്നാല്‍ പൊലീസ് കണ്ടെത്തലിനെ പൂര്‍ണമായും തള്ളി ആം ആദ്മി പാര്‍ട്ടി രംഗത്തെത്തി. പ്രതി കപില്‍ ഗുജ്ജറുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി. 
 

Trending News