ബിജെപി ബ്രിട്ടീഷ്‌ ഭരണകാലം ഓര്‍മ്മിപ്പിച്ചു: രണ്‍ദിപ് സുര്‍ജെവാല

ഗാന്ധിജയന്തി ദിനത്തില്‍ ഡല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ കര്‍ഷക റാലിക്കെതിരെ നടന്ന അക്രമങ്ങളെ അപലപിച്ച് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാല. 

Updated: Oct 2, 2018, 04:36 PM IST
ബിജെപി ബ്രിട്ടീഷ്‌ ഭരണകാലം ഓര്‍മ്മിപ്പിച്ചു: രണ്‍ദിപ് സുര്‍ജെവാല

ന്യൂഡല്‍ഹി: ഗാന്ധിജയന്തി ദിനത്തില്‍ ഡല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ കര്‍ഷക റാലിക്കെതിരെ നടന്ന അക്രമങ്ങളെ അപലപിച്ച് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാല. 

നല്ലൊരു ദിനത്തെ ബിജെ.പി നശിപ്പിച്ചെന്ന് പ്രതികരിച്ച അദ്ദേഹം, കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാട് ബ്രിട്ടീഷ്‌ ഭരണകാലം ഓര്‍മ്മിപ്പിച്ചുവെന്നും അഭിപ്രായപ്പെട്ടു. ബ്രിട്ടീഷ്‌ നേതാക്കള്‍ കര്‍ഷകര്‍ക്കെതിരെ സ്വീകരിച്ച അതേ നടപടിയാണ് ബിജെപി. ഇപ്പോള്‍ കര്‍ഷകര്‍ക്ക് നേരെ സ്വീകരിച്ചത്. അവകാശങ്ങളേയും ആവശ്യങ്ങളേയും അധികാരമുപയോഗിച്ച് തകര്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്‍റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരേയും സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്നുമാവശ്യപ്പെട്ടാണ് ഭാരതീയ കിസാന്‍ യൂണിയന്‍ മാര്‍ച്ച് നടത്തിയത്. സെപ്റ്റംബര്‍ 23ന് ഉത്തര്‍ പ്രദേശിലെ ഹരിദ്വാറില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. ഉത്തര്‍ പ്രദേശ്‌, ഉത്തരാഖണ്ഡ്, പഞ്ചാബ്‌, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള 70,000ത്തോളം കര്‍ഷകരാണ് രാജ്ഘട്ട് ലക്ഷ്യമാക്കി നടത്തുന്ന കര്‍ഷകറാലിയില്‍ പങ്കെടുക്കുന്നത്. 
 
എന്നാല്‍ കര്‍ഷക മാര്‍ച്ച് ഡല്‍ഹിയിലേക്ക് പ്രവേശിക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും പൊലീസ് സ്വീകരിച്ചിരുന്നു. ഡല്‍ഹി അതിര്‍ത്തിയില്‍ ഗാസിയാബാദില്‍ എത്തിച്ചേര്‍ന്ന കര്‍ഷകര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. കര്‍ഷകരെ തടുക്കാന്‍ പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ഭാരതീയ കിസാന്‍ യൂണിയന്‍റെ നേതൃത്വത്തില്‍ നടത്തുന്ന മാര്‍ച്ച് പൊലീസ് ബാരിക്കേഡുകള്‍ തകര്‍ത്തു. 

ഗാന്ധി സ്മൃതി മണ്ഡപത്തില്‍ സമരം നടത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. അതേസമയം, സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ രംഗത്തെത്തി. കര്‍ഷകരെ ഡല്‍ഹിയിലേക്ക് കടത്തിവിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പൊലീസിന്‍റെയും സര്‍ക്കാരിന്‍റെയും നിലപാടില്‍ രൂക്ഷ വിമര്‍ശനവുമായി ഭാരതീയ കിസാൻ യൂണിയൻ പ്രസിഡന്‍റ് നരേഷ് തി​കൈതും  രംഗത്തെത്തിയിരുന്നു.