പൗരത്വ ഭേദഗതി നിയമം: അസമില്‍ ബിജെപി നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുന്നു

നിയമം പാര്‍ലമെന്റില്‍ പാസാക്കിയതോടെ അസമില്‍ ബിജെപി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുകയാണ്.  

Ajitha Kumari | Updated: Dec 14, 2019, 09:44 AM IST
പൗരത്വ ഭേദഗതി നിയമം: അസമില്‍ ബിജെപി നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുന്നു

അസം: പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധവും ഭരണഘടനയെയും മാനിക്കാതെ പൗരത്വ ഭേദഗതി നിയമം പാസാക്കിയ നടപടി ബിജെപിയ്ക്കുതന്നെ തിരിച്ചടിയാകുന്നുവെന്ന് റിപ്പോര്‍ട്ട്. 

നിയമം പാര്‍ലമെന്റില്‍ പാസാക്കിയതോടെ അസമില്‍ ബിജെപി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുകയാണ്. അസം ഗണ പരിഷത്തുമായി സംസ്ഥാനം ഭരിക്കുന്ന ബിജെപിയുടെ പല നേതാക്കളും ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനവും പാര്‍ട്ടി അംഗത്വവും രാജിവെച്ചു.

സർക്കാർ നടത്തുന്ന അസം പെട്രോ കെമിക്കൽസ് ലിമിറ്റഡ് ചെയർമാനും മുതിർന്ന ബിജെപി നേതാവുമായ ജഗദീഷ് ഭൂയൻ പാർട്ടിയിൽ നിന്നും ബോര്‍ഡ് സ്ഥാനത്തു നിന്നും രാജിവെച്ചു. 

പുതുക്കിയ നിയമം അസമികൾക്കെതിരാണെന്ന് കണ്ടപ്പോൾ, ഞാൻ രാജിവെക്കാൻ തീരുമാനിച്ചു. ഈ നിമിഷം മുതൽ ഞാൻ പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുമെന്നും രാജിവെച്ച ശേഷം ജഗദീഷ് ഭൂയൻ പറഞ്ഞു.

നേരത്തെ അസം സ്റ്റേറ്റ് ഫിലിം ഫിനാൻസ് ആൻഡ് ഡവലപ്മെന്റ് കോർപ്പറേഷൻ ചെയർമാൻ കൂടിയായ പ്രശസ്ത നടൻ ജതിൻ ബോറയും രവി ശർമയും ബിജെപിയിൽ നിന്ന് രാജിവച്ച് പ്രതിഷേധത്തിൽ പങ്കുചേർന്നിരുന്നു അതിനു പിന്നാലെയാണ് ജഗദീഷ് ഭൂയനും പാര്‍ട്ടി വിട്ടത്.  

ഞാന്‍ ഞാനായതിന് കാരണം അസം ജനതയാണെന്നും എനിക്ക് ലഭിച്ച സ്ഥാനവും പാര്‍ട്ടി അംഗത്വും രാജിവെക്കുകയാണെന്നും ജനങ്ങള്‍ക്കൊപ്പം ഞാനുമുണ്ടാകുമെന്നുമാണ്  ജതിന്‍ ബോറ പറഞ്ഞത്.

മുൻ നിയമസഭാ സ്പീക്കർ പുലകേഷ് ബറുവ വെള്ളിയാഴ്ച ബിജെപിയിൽ നിന്ന് രാജിവച്ചതായി പ്രഖ്യാപിച്ചിരുന്നു. 

അസം ജനതയുടെ വികാരം മാനിക്കാതെയാണ് പൗരത്വ ഭേദഗതി നിയമവുമായി കേന്ദ്രസര്‍ക്കാരും ബിജെപി നേതൃത്വവും മുന്നോട്ടുപോയതെന്നാണ് സംസ്ഥാനത്തെ ബിജെപി നേതാക്കളില്‍ ഭൂരിഭാഗം പേരുടേയും അഭിപ്രായം.

പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്ക് പൗരത്വം അനുവദിക്കുന്ന പുതിയ നിയമത്തിനെതിരെ ജനങ്ങളുടെ മാനസികാവസ്ഥ കണക്കാക്കുന്നതിൽ ബിജെപി പരാജയപ്പെട്ടോയെന്ന്‍ ചിന്തിക്കേണ്ടിയിരിക്കുന്നു.