സെമി ഫൈനലില്‍ തളര്‍ന്ന് ബിജെപി; കൈ ഉയര്‍ത്തി കോണ്‍ഗ്രസ്!!

2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്‍റെ സെമിഫൈനലായി വിശേഷപ്പിക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ ഫലം പുറത്തുവന്നപ്പോള്‍ ശക്തമായ തിരിച്ചുവരവ് നടത്തി കോണ്‍ഗ്രസ്. 

Updated: Dec 11, 2018, 06:59 PM IST
സെമി ഫൈനലില്‍ തളര്‍ന്ന് ബിജെപി; കൈ ഉയര്‍ത്തി കോണ്‍ഗ്രസ്!!

ന്യൂഡല്‍ഹി: 2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്‍റെ സെമിഫൈനലായി വിശേഷപ്പിക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ ഫലം പുറത്തുവന്നപ്പോള്‍ ശക്തമായ തിരിച്ചുവരവ് നടത്തി കോണ്‍ഗ്രസ്. 

അഞ്ചു സംസ്ഥാനങ്ങളില്‍ നാല് സംസ്ഥാനങ്ങളിലേയും ഫലം വ്യക്തമായപ്പോള്‍ മധ്യപ്രദേശ് ഇപ്പോഴും ചാഞ്ചാട്ടം തുടരുകയാണ്. 

വാഗ്വാദങ്ങളും, വാദ പ്രതിവാദങ്ങളും കൊണ്ട് സമ്പന്നമായിരുന്നു തിരഞ്ഞെടുപ്പ്. അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കുവേണ്ടി പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത് പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്‍റെ പ്രചാരണ ചുമതല പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയിലായിരുന്നു.

അഞ്ചു സംസ്ഥാനങ്ങളിലെ ഫലം പുറത്തുവരുമ്പോള്‍ മിസോറമില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിന് അധികാരം നഷ്ടമായി. കൂടാതെ, മിസോറമില്‍ ബിജെപിയുടെ അക്കൗണ്ട് തുറക്കുകയും ചെയ്തു. മുൻ മന്ത്രിയും കോൺഗ്രസിന്‍റെ സിറ്റിംഗ് എം.എൽ.എയുമായ ബുദ്ധ ദാം ചക്മ പാർട്ടിയിൽ നിന്ന് രാജിവെച്ചാണ് ബിജെപിയില്‍ ചേര്‍ന്നത്‌. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി അദ്ദേഹത്തിന് തുയ്ച്വാങ് സീറ്റ് നല്‍കി. അദ്ദേഹം പാര്‍ട്ടിയ്ക്ക് വിജയവും സമ്മാനിച്ചു. 40 സീറ്റുള്ള മിസോറമില്‍ 26 സീറ്റ് നേടി എംഎന്‍എഫ് അധികാരത്തിലെത്തി. 

എന്നാല്‍ മിസോറ൦ നഷ്ടമായെങ്കിലും രാജസ്ഥാനും ഛത്തീസ്ഗഢും തിരിച്ചുപിടിച്ച് കോണ്‍ഗ്രസ് കരുത്ത് കാട്ടി. രാജസ്ഥാനില്‍ കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷമാണുള്ളത്. 199 സീറ്റില്‍ കോണ്‍ഗ്രസ്‌ 99 ഉം ബിജെപി 74 സീറ്റും നേടി.

ഛത്തീസ്ഗഢില്‍ കനത്ത പരാജയമാണ് ബിജെപിയ്ക്ക് നേരിടേണ്ടി വന്നത്. ബിജെപി കേന്ദ്ര നേതൃത്വം പരാജയ ചുമതല സംസ്ഥാന നേതാക്കളുടെമേല്‍ ചുമത്തുകയും ചെയ്തു. അതേസമയം, ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍ സിംഗ് പരാജയ ചുമതല സ്വയം ഏറ്റെടുക്കുകയും വിജയിച്ച കോണ്‍ഗ്രസിന് ആശംസകള്‍ നേരുകയും ചെയ്തു. 

തെലങ്കാനയില്‍ അവിശ്വസനീയമായ വിജയമാണ് കെ. ചന്ദ്രശേഖരറാവുവിന്‍റെ നേതൃത്വത്തില്‍ ടി.ആര്‍.എസ് കരസ്ഥമാക്കിയത്. കോണ്‍ഗ്രസും ടിഡിപിയും ഉള്‍പ്പെട്ട മഹാകൂടമി സഖ്യത്തെ തകര്‍ത്തെറിഞ്ഞാണ് ടിആര്‍എസ് അധികാരം നിലനിര്‍ത്തിയത്. 
 
മധ്യപ്രദേശില്‍ ബിജെപിക്കൊപ്പം ഇഞ്ചോടിഞ്ച് പോരാട്ടമാണ് കോണ്‍ഗ്രസ് നടത്തുന്നത്. വോട്ടെണ്ണല്‍ പൂര്‍ത്തിയാകാത്ത ഇവിടെ ഒരു പാര്‍ട്ടിക്കും തത്കാലം കേവല ഭൂരിപക്ഷമില്ല. ഒടുവിലത്തെ റിപ്പോര്‍ട്ട് അനുസരിച്ച്‌ കോണ്‍ഗ്രസ് 112 സീറ്റിലും ബിജെപി 110ഉം സീറ്റുകള്‍ വീതം നേടിയിട്ടുണ്ട്. ഇതോടെ ഇവിടെ സ്വതന്ത്രരും ബി.എസ്.പിയും നിര്‍ണ്ണായകമായി.

കോണ്‍ഗ്രസ് വിമുക്ത ഭാരതം എന്ന മുദ്രാവാക്യം ലക്ഷ്യമിട്ട് ബിജെപി പ്രവര്‍ത്തിച്ചപ്പോള്‍ ബിജെപിയുടെ കോട്ടകളില്‍ വിള്ളലുണ്ടാക്കി നഷ്ടമായ ജനപിന്തുണ കോണ്‍ഗ്രസ് തിരികെപ്പിടിക്കുന്ന കാഴ്ചയാണ് ഈ തിരഞ്ഞെടുപ്പില്‍ കാണുവാന്‍ കഴിഞ്ഞത്.

പയറും പരിപ്പും കണ്ടാല്‍ തിരിച്ചറിയാനാകാത്തവരാണ് ജനങ്ങളെ കൃഷി പഠിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നതെന്ന് രാജസ്ഥാനില്‍ കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പറഞ്ഞിരുന്നു. എന്നാല്‍, കര്‍ഷകപ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാണിച്ച കോണ്‍ഗ്രസിനെതന്നെയാണ് ജനങ്ങള്‍ തുണച്ചത്.