പ്രധാനമന്ത്രിക്ക് കിട്ടിയ സമ്മാനങ്ങള്‍ ലേലത്തിൽ പോയത് റെക്കോഡ് തുകയ്ക്ക്

ഈ ലേലത്തില്‍ നിന്നുള്ള വരുമാനം നമാമി ഗംഗ പദ്ധതിക്കു വേണ്ടി ഉപയോഗിക്കും.

Last Updated : Feb 11, 2019, 01:15 PM IST
പ്രധാനമന്ത്രിക്ക് കിട്ടിയ സമ്മാനങ്ങള്‍ ലേലത്തിൽ പോയത് റെക്കോഡ് തുകയ്ക്ക്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരമേറ്റതു മുതല്‍ ലഭിച്ച മെമെന്റോകളുടെ രണ്ടാഴ്ച നീണ്ടുനിന്ന ലേലം ശനിയാഴ്ച സമാപിച്ചു. ലേലത്തിന് സജീവ പ്രതികരണമാണു ലഭിച്ചത്. 

നാഷണല്‍ ഗ്യാലറി ഓഫ് മോഡേണ്‍ ആര്‍ട്ടില്‍ നടന്ന രണ്ടു ദിവസത്തെ ലേലവും pmmementos.gov.in വെബ്‌സൈറ്റ് വഴിയുള്ള ഇ-ലേലവും ഉൾപ്പെടെ രണ്ട് ഘട്ടങ്ങളായാണ് ലേലം നടന്നത്. ആയിരത്തി എണ്ണൂറിലധികം മെമന്റോകള്‍ വിജയകരമായി ലേലം ചെയ്യപ്പെട്ടു.

ഈ ലേലത്തില്‍ നിന്നുള്ള വരുമാനം നമാമി ഗംഗ പദ്ധതിക്കു വേണ്ടി ഉപയോഗിക്കും. ലേലത്തില്‍ പ്രത്യേകം കരകൗശലപ്പണി നടത്തിയ മരത്തിന്റെ ബൈക്കിന് അഞ്ചു ലക്ഷം രൂപ ലഭിച്ചു. പ്രധാനമന്ത്രി മോദി റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുന്ന ചിത്രത്തിനും ഇതേ ലേലത്തുക ലഭിച്ചു. 

5000 രൂപ അടിസ്ഥാന വിലയുള്ള ശിവന്റെ ഒരു പ്രതിമ ലേലം ചെയ്യപ്പെട്ടതു 10 ലക്ഷം രൂപയ്ക്കാണ്. 4000 രൂപ വില വരുന്ന തടിയില്‍ നിര്‍മിച്ച അശോക സ്തംഭത്തിനു ലേലത്തില്‍ 13 ലക്ഷം രൂപ ലഭിച്ചു. 

അസമിലെ മജൂലിയില്‍നിന്നു ലഭിച്ച, 2000 രൂപ അടിസ്ഥാന വിലയുള്ള പരമ്പരാഗത ‘ഹൊറായ്’ (അസം സംസ്ഥാനത്തിന്റെ പരമ്പരാഗത ചിഹ്നമായ ഒരു സ്റ്റാന്‍ഡ്) 12 ലക്ഷം രൂപയ്ക്കാണു ലേലത്തില്‍ പോയത്.

എസ്.ജി.പി.സി. അമൃത്‌സറില്‍നിന്നു ലഭിച്ച 10,000 രൂപ വിലവരുന്ന ‘ദിവ്യത്വം’ എന്നു രേഖപ്പെടുത്തിയ മെമെന്റോയ്ക്കു ലേലത്തില്‍ 10.1 ലക്ഷം രൂപ ലഭിച്ചു. 4,000 രൂപ അടിസ്ഥാനവിലയുള്ള ഗൗതമബുദ്ധന്റെ പ്രതിമ ലേലം ചെയ്യപ്പെട്ടത് 7 ലക്ഷം രൂപയ്ക്കാണ്. 

നേപ്പാളിലെ മുന്‍ പ്രധാനമന്ത്രിയായ ശ്രീ. സുശീല്‍ കൊയ്‌രാളയില്‍ നിന്ന് ലഭിച്ച ഒരു സിംഹത്തിന്റെ പിച്ചളപ്രതിമയ്ക്ക് 5.20 ലക്ഷം രൂപ ലഭിച്ചു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തു പ്രധാനമന്ത്രി മോദി തനിക്കു ലഭിച്ച മെമെന്റോകള്‍ ലേലത്തിലൂടെ കൈമാറുകയും അതുവഴി ലഭിക്കുന്ന പണം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു നീക്കിവെക്കുകയും ആയിരുന്നു ചെയ്തിരുന്നത്. 

അതേ പാത പിന്‍തുടര്‍ന്ന അദ്ദേഹം ഇപ്പോള്‍ ലേലത്തിലൂടെ ലഭിക്കുന്ന തുക ഗംഗയെ വൃത്തിയാക്കാനുള്ള ഫണ്ടിലേക്കു കൈമാറാനാണു തീരുമാനിച്ചിരിക്കുന്നത്.

Trending News