ലഡാക്കിൽ കനത്ത ഹിമപാതം; 10 പേരെ കാണാതായി

ജമ്മുകശ്​മീരിലെ ലഡാക്കിൽ കനത്ത ഹിമപാതം, വാഹനത്തിനു മുകളിലേക്ക്​ മഞ്ഞുവീണ്​ 10 പേരെ കാണാതായി. കൂടാതെ, 4 വാഹനങ്ങള്‍ക്കൂടി മഞ്ഞിനടിയില്‍ അകപ്പെട്ടിട്ടുണ്ടെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. 

Updated: Jan 18, 2019, 11:44 AM IST
ലഡാക്കിൽ കനത്ത ഹിമപാതം; 10 പേരെ കാണാതായി

ലഡാക്ക്​: ജമ്മുകശ്​മീരിലെ ലഡാക്കിൽ കനത്ത ഹിമപാതം, വാഹനത്തിനു മുകളിലേക്ക്​ മഞ്ഞുവീണ്​ 10 പേരെ കാണാതായി. കൂടാതെ, 4 വാഹനങ്ങള്‍ക്കൂടി മഞ്ഞിനടിയില്‍ അകപ്പെട്ടിട്ടുണ്ടെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. 

ലഡാക്കിലെ ഖാര്‍ഡു൦ഗ് ലായിലാണ് ദുരന്തം സംഭവിച്ചിരിക്കുന്നത്. സമുദ്രനിരപ്പില്‍നിന്നും 17500 അടി ഉയരത്തിലാണ്​ ഖാര്‍ഡു൦ഗ് ലാ.

സേന, ജില്ലാ അധികൃതർ, പൊലീസ്​, ദുരന്ത നിവാരണ സേന എന്നിവർ സംയുക്തമായാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. 

കാണാതായ സംഘം സ്​കോർപിയോയിലായിരുന്നു യാത്ര ചെയ്​തിരുന്നത്​. യാത്രാമധ്യേ വൻ മഞ്ഞുമല വാഹനത്തിനു മുകളിൽ​ വീഴുകയായിരുന്നുവെന്ന്​ ദൃക്​സാക്ഷികൾ പറയുന്നു. 

കശ്മീർ ഡിവിഷനിലെ 9 ജില്ലകളില്‍ വ്യാഴാഴ്ച ഹിമപാത മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. അനന്ത്നാഗ്, കുൽഗാം, ബഡ്ഗാം, ബരാമുള്ള, കുപ്വാര, ബന്ദിപ്പോറ, ഗണ്ഡേര്‍ബൽ, കാർഗിൽ, ലേ ജില്ലകളിലാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നത്.

കശ്മീർ ഡിവിഷണൽ കമ്മീഷണർ ബേസർ ഖാൻ ഈ ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണർമാർക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതോടൊപ്പം ഈ പ്രദേശങ്ങളിൽ നിന്നും ആളുകളെ ഒഴിവാക്കാനുള്ള നിർദ്ദേശം നൽകിയിരിക്കുകയാണ്.