ഭീകരാക്രമണത്തിന് ഉപയോഗിച്ചത് 60 കിലോ ആര്‍ഡിഎക്സ്!!

പുൽവാമ ഭീകരാക്രമണത്തിന് ഉപയോഗിച്ചത് 60 കിലോ ആർഡിഎക്സ്; ഒരു ജവാന്‍റെ മൃതദേഹം 80 മീറ്റർ ദൂരത്തേക്ക് തെറിച്ചു

Last Updated : Feb 16, 2019, 12:36 PM IST
ഭീകരാക്രമണത്തിന് ഉപയോഗിച്ചത് 60 കിലോ ആര്‍ഡിഎക്സ്!!

പുൽവാമ ഭീകരാക്രമണത്തിന് ഉപയോഗിച്ചത് 60 കിലോ ആർഡിഎക്സ്; ഒരു ജവാന്‍റെ മൃതദേഹം 80 മീറ്റർ ദൂരത്തേക്ക് തെറിച്ചു

ശ്രീനഗർ: പുൽവാമ ജില്ലയിലെ അവന്തിപ്പോറയില്‍ നടന്ന ചാവേറാക്രമണത്തിൽ ഉപയോഗിച്ചത് ആര്‍ഡിഎക്സാനെന്ന് എൻഎസ്‍ജിയുടെ പ്രാഥമിക നിഗമനം.

ഭീകരാക്രമണ൦ നടന്ന സ്ഥലത്ത് എൻഎസ്‍ജിയും എൻഐഎയും പരിശോധന നടത്തി. ജയ്ഷെ മുഹമ്മദ് ഭീകരൻ ആദിൽ അഹമ്മദ് ധർ ആക്രമണം നടത്താനുപയോഗിച്ചത് 60 കിലോ ആർഡിഎക്സാണെന്നാണ് അനുമാനം. 

അതീവസ്ഫോടനശേഷിയുള്ള ആർഡിഎക്സിനൊപ്പം ക്വാറികളിൽ സ്ഫോടനത്തിന് ഉപയോഗിക്കുന്ന സൂപ്പർ ജെൽ 90ഉം ഉപയോഗിച്ചതായാണ് സൂചന. ഇത് രണ്ടും കൂട്ടിക്കലർത്തിയാണ് സ്ഫോടകവസ്തുക്കൾ നിർ‍മിച്ചതെന്നാണ് കണ്ടെത്തൽ. 

350 കിലോയോളം വരുന്ന സ്ഫോടകവസ്തുക്കൾ നിറച്ച സ്കോർപിയോ എസ്‍യുവി സിആർപിഎഫ് വാഹനവ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റിയെന്നാണ് ആദ്യം അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നത്. എന്നാൽ സെഡാൻ കാറിലാണ് ചാവേറായ ആദിൽ അഹമ്മദ് ധർ എത്തിയതെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. വാഹനവ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റിയായിരുന്നില്ല ആക്രമണം. പകരം സംശയം തോന്നാത്ത രീതിയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിന് സമാന്തരമായി സഞ്ചരിക്കുകയായിരുന്നു ധറിന്‍റെ കാർ. തുടർന്നാണ് സ്ഫോടനം നടത്തിയത്. ഏതാണ്ട് 78 ബസ്സുകളെ ഓവർടേക്ക് ചെയ്ത് എത്തിയാണ് ചാവേർ സ്ഫോടനം നടത്തിയത്. 

150 മീറ്റർ ചുറ്റളവിൽ സ്ഫോടനത്തിന്‍റെ ആഘാതമുണ്ടായി. ഒരു സൈനികന്‍റെ മൃതദേഹം ഏതാണ്ട് 80 മീറ്റർ ദൂരത്തേക്ക് വരെ തെറിച്ചു പോയി. പരമാവധി ശക്തിയിൽ പൊട്ടിത്തെറിക്കാൻ സ്ഫോടകവസ്തുക്കൾ പ്രത്യേക രീതിയിൽ സജ്ജീകരിച്ചിരുന്നു. ചാവേറിന്‍റെ കാറിനടുത്തുണ്ടായിരുന്ന ബസ് നാമാവശേഷമായി. നൂറ് മീറ്റർ ചുറ്റളവിൽ മൃതദേഹങ്ങളുടെ അവശിഷ്ടങ്ങൾ ചിന്നിച്ചിതറിക്കിടക്കുന്ന നിലയിലായിരുന്നു. 

ഈ ആക്രമണം രാജ്യ സുരക്ഷയെ സംബന്ധിക്കുന്ന നിരവധി ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. പുൽവാമയിൽ നിന്ന് 22 കിലോമീറ്റർ മാത്രം അകലെയാണ് ആദിൽ അഹമ്മദ് ധർ എന്ന ജയ്ഷെ മുഹമ്മദ് ഭീകരൻ കഴിഞ്ഞിരുന്നത്. ധറിന് ആരാണ് ഇത്ര മാരകശേഷിയുള്ള സ്ഫോടകവസ്തുക്കൾ എത്തിച്ചതെന്ന് വ്യക്തമല്ല. സിആർപിഎഫ് കടന്നു പോകുന്നതിന് മുമ്പ് പരിശോധന നടത്തിയിരുന്നെന്ന് പറയുമ്പോഴും ആ പരിശോധനയെ മറി കടന്ന് എങ്ങനെ ഇത്രയധികം ഉഗ്രശേഷിയുള്ള സ്ഫോടകവസ്തുക്കളുമായി ഇയാള്‍ അവിടെ കാത്തു നിന്നു എന്നതും ചോദ്യ ചിഹ്നമാണ്. 

വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 3.25നാണ്, ജമ്മു-കശ്മീരിന്‍റെ ചരിത്രത്തില്‍ ഇന്ത്യന്‍ സേനയ്ക്ക് നേരെയുണ്ടാകുന്ന ഏറ്റവും കനത്ത ഭീകരാക്രമണം നടന്നത്. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേയ്ക്ക് പോയ വാഹനവ്യൂഹത്തില്‍ 78 ബസുകളാണ് ഉണ്ടായിരുന്നത്. 2500 ലധികം ജവാന്മാരാണ് വാഹനങ്ങളിലുണ്ടായിരുന്നത്. പുലര്‍ച്ചെ മൂന്നരയ്ക്ക് ജമ്മുകശ്മീരില്‍നിന്ന് പുറപ്പെട്ട വാഹനവ്യൂഹം വൈകീട്ട് മൂന്നേകാലിന് അവന്തിപ്പോറയില്‍ എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. ശ്രീനഗറിലെത്താന്‍ വെറും 30 കിലോമീറ്റര്‍ മാത്രം ശേഷിക്കെയാണ് ആക്രമണം നടന്നത്. 

 

 

Trending News