close

News WrapGet Handpicked Stories from our editors directly to your mailbox

വീര്‍ സവര്‍ക്കര്‍ക്ക് ഭാരത് രത്‌ന; പ്രകടനപത്രിക പുറത്തിറക്കി ബിജെപി

നിരവധി വാഗ്ദാനങ്ങളുമായി മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് പ്രകടന പത്രിക "സങ്കല്‍പ് പത്ര" ബിജെപി പുറത്തിറക്കി.

Sheeba George | Updated: Oct 15, 2019, 01:19 PM IST
വീര്‍ സവര്‍ക്കര്‍ക്ക് ഭാരത് രത്‌ന;  പ്രകടനപത്രിക പുറത്തിറക്കി ബിജെപി

മുംബൈ: നിരവധി വാഗ്ദാനങ്ങളുമായി മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് പ്രകടന പത്രിക "സങ്കല്‍പ് പത്ര" ബിജെപി പുറത്തിറക്കി.

മുംബൈയിലെ രംഗശാദാ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങില്‍ ബിജെപി നാഷണല്‍ എക്സിക്യൂട്ടീവ് ചെയർമാൻ ജെ പി നദ്ദ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ്, പാര്‍ട്ടിയുടെ മറ്റ് പ്രമുഖ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മറ്റ് തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ നിന്നും വ്യത്യസ്തമായി, 3 പേര്‍ക്ക് ഭാരത് രത്‌ന നല്‍കാന്‍ ശുപാര്‍ശ ചെയ്യുമെന്ന വാഗ്ദാനവും ബിജെപി പ്രകടന പത്രികയില്‍ നല്‍കുന്നു. വീര്‍ സവര്‍ക്കര്‍, ജ്യോതിബാ ഫൂലെ, സാവിത്രിഭായി ഫൂലെ എന്നിവര്‍ക്കാണ് ഭാരത് രത്‌ന നല്‍കാന്‍ ശുപാര്‍ശ ചെയ്യുന്നത്. 

ജനപ്രിയ പദ്ധതികള്‍ക്കൊപ്പം സമൂഹത്തിന്‍റെ അടിത്തട്ടിലുള്ളവരെ മുഖ്യധാരയിലേയ്ക്ക് എത്തിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുക. സാധാരണക്കാരെ കേന്ദ്രീകരിച്ചാണ് ബിജെപിയുടെ പ്രകടന പത്രിക തയ്യാറാക്കിയിട്ടുണ്ട്. ദരിദ്രർ, ഗ്രാമങ്ങൾ, കൃഷിക്കാർ, ഗോത്രവർഗക്കാർ, മറ്റ് പിന്നോക്ക വിഭാഗങ്ങൾ എന്നിവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്, പ്രകടന പത്രിക പ്രകാശനം ചെയ്ത് ജെ പി നദ്ദ പറഞ്ഞു. 

44 പേജുള്ള പ്രകടന പത്രികയില്‍ മറ്റു നിരവധി വാഗ്ദാനങ്ങള്‍ പാര്‍ട്ടി നല്‍കുന്നുണ്ട്. സംസ്ഥാനത്ത് ഒരു കോടി തൊഴിലവസരങ്ങള്‍, മെച്ചപ്പെട്ട ആരോഗ്യസേവന൦, 2022-ഓടെ എല്ലാവര്‍ക്കും വീട്, അടിസ്ഥാനസൗകര്യ വികസന൦, തുടങ്ങി വന്‍ വാഗ്ദാനങ്ങളാണ് ബിജെപിയുടെ പ്രകടന പത്രികയിലുള്ളത്. 

കൂടാതെ, അടുത്ത 5 വര്‍ഷത്തിനുള്ളില്‍ മഹാരാഷ്ട്രയെ വരള്‍ച്ചയില്‍നിന്ന് വിമുക്തമാക്കും, എല്ലാ വീടുകളിലും ശുദ്ധമായ കുടിവെള്ളം എത്തിക്കാനുള്ള പദ്ധതികള്‍ ആവിഷ്ക്കരിക്കുമെന്നും  പ്രകടന പത്രികയില്‍ പറയുന്നു. 

സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ്‌-എന്‍സിപി സഖ്യം കഴിഞ്ഞ 7ന് പ്രകടന പത്രിക പുറത്തിറക്കിയിരുന്നു.

288 അംഗ നിയമസഭയിലേയ്ക്ക് ഒക്ടോബര്‍ 21നാണ് തിരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ ഒക്ടോബര്‍ 24ന് നടക്കു൦.