ദില്ലി: ചരിത്രപരമായ നീക്കവുമായി സുപ്രീം കോടതി. സുപ്രീം കോടതി ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങള്‍ പരസ്യപ്പെടുത്തിക്കൊണ്ടാണ് നിര്‍ണായക നടപടി. ആകെ 33 ജഡ്ജിമാരില്‍ 21 പേരുടെ സ്വത്ത് വിവരങ്ങള്‍ ആണ് കോടതി വെളിപ്പെടുത്തിയിരിക്കുന്നത്. സുപ്രീം കോടതി വെബ്‌സൈറ്റില്‍ ആണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്.
മലയാളിയായ സുപ്രീം കോടതി ജഡ്ജി, ജസ്റ്റിസ് വിനോദ് ചന്ദ്രന്റെ നിക്ഷേപ വിവരങ്ങള്‍ ആണ് ഇപ്പോള്‍ ഏറെ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന് മ്യൂച്വല്‍ ഫണ്ടുകളിലാണ് നിക്ഷേപങ്ങളുള്ളത്. ഇതിന്റെ ഇപ്പോഴത്തെ മൂല്യം വെറും 7.94 ലക്ഷം രൂപ മാത്രമാണ്. അദ്ദേഹത്തിന്റെ പത്‌നിയ്ക്കും മ്യൂച്വല്‍ ഫണ്ടുകളില്‍ തന്നെയാണ് നിക്ഷേപങ്ങളുള്ളത്. ഇവയുടെ ഇപ്പോഴത്തെ മൂല്യം വെറും 5.09 ലക്ഷം രൂപയും. ഇത് കൂടാതെ അദ്ദേഹത്തിന് മൂന്ന് സ്ഥലങ്ങളിലായി വസ്തുവകകളും ഉണ്ട് എന്നാണ് സുപ്രീം കോടതി വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്ത രേഖകള്‍ വ്യക്തമാക്കുന്നത്.
സുപ്രീം കോടതി ജഡ്ജിമാരില്‍ ഏറ്റവും ഉയര്‍ന്ന നിക്ഷേപമുള്ളത് ജസ്റ്റിസ് കെവി വിശ്വനാഥനാണ്. 120.96 കോടി രൂപയാണ് ഇത്. 2023 ല്‍ മാത്രമാണ് അദ്ദേഹം സുപ്രീം കോടതി ജഡ്ജിയായി നിയമിതനായത്. അതിന് മുമ്പ് സുപ്രീം കോടതി അഭിഭാഷകന്‍ ആയിരുന്നു. 2009 ല്‍ ആണ് അദ്ദേഹം സുപ്രീം കോടതി സീനിയര്‍ അഭിഭാഷകനായി ഡെസിഗ്നേറ്റ് ചെയ്യപ്പെടുന്നത്. കഴിഞ്ഞ 14 വര്‍ഷത്തിനിടെ ഇദ്ദേഹം 91.47 കോടി രൂപ നികുതിയായി മാത്രം അടച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ പൊള്ളാച്ചി സ്വദേശിയാണ്. പാലക്കാട് ജില്ലയില്‍ കുടുംബവേരുകളും ഉണ്ട്.
നിലവിലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ സ്വത്ത് വിവരങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. പബ്ലിക് പ്രോവിഡന്റ് ഫണ്ടില്‍ (പിപിഎഫ്) ആണ് ഇദ്ദേഹത്തിന് പ്രധാനമായും നിക്ഷേപമുള്ളത്. 1989 മുതലുള്ള ഇദ്ദേഹത്തിന്റെ നിക്ഷേപം 1.06 കോടി രൂപയാണ്. അദ്ദേഹത്തിന്റെ ഭാര്യക്കും 64.51 ലക്ഷത്തിന്റെ പിപിഎഫ് നിക്ഷേമുണ്ട്. മൊത്തം നിക്ഷേപം 3.38 കോടി രൂപ വരും.
സഞ്ജീവ് ഖന്നയ്ക്ക് ശേഷം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആകാന്‍ പോകുന്ന ജസ്റ്റിസ് ബിആര്‍ ഗവായ്ക്ക് നിക്ഷേപത്തേക്കാള്‍ അധികം കടബാധ്യതയാണുള്ളത്. 1.31 കോടി രൂപയാണ് ബാധ്യതയാണ് അദ്ദേഹത്തിനുള്ളത്. ഓഹരി വിപണിയിലെ നിക്ഷേപവും പ്രോവിഡന്റ് ഫണ്ടിലെ നിക്ഷേപവും ഒക്കെയായി 42.77 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്. മഹാരാഷ്ട്രയിലും ഡല്‍ഹിയിലും ആയി മൂന്ന് അപ്പാര്‍ട്ടുമെന്റുകളുണ്ട്. മഹാരാഷ്ട്രയില്‍ രണ്ടിടത്തായി കൃഷി ഭൂമിയും ഇദ്ദേഹത്തിന് സ്വന്തമായിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









