പശ്ചിമ ബംഗാളില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്ക് വീണ്ടും തിരഞ്ഞെടുപ്പ് വേണ്ടെന്ന് സുപ്രീംകോടതി

 

Last Updated : Aug 24, 2018, 04:37 PM IST
പശ്ചിമ ബംഗാളില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്ക് വീണ്ടും തിരഞ്ഞെടുപ്പ് വേണ്ടെന്ന് സുപ്രീംകോടതി

 

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന് ആശ്വസിക്കാം. കഴിഞ്ഞ മേയ് മാസത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് സാധുവായി തന്നെ കണക്കാക്കുമെന്ന് സുപ്രീംകോടതി. തദ്ദേശ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിനെതിരായ കേസിലാണ് ഈ വിധി.

അതുകൂടാതെ, ഓണ്‍ലൈന്‍ വഴി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ കൊല്‍ക്കത്ത ഹൈക്കോടതി നല്‍കിയ അനുവാദവും സുപ്രീം കോടതി റദ്ദാക്കി. എന്നാല്‍, തിരഞ്ഞടുപ്പ് ഫലത്തില്‍ സന്തുഷ്‌ടരല്ലാത്ത സ്ഥാനാര്‍ഥികള്‍ക്ക് ഹര്‍ജി സമര്‍പ്പിക്കാന്‍ 30 ദിവസത്തെ സമയവും കോടതി അനുവദിച്ചു.

കഴിഞ്ഞ മേയ് മാസത്തിലാണ് ഗ്രാമ, ബ്ലോക്ക്‌, ജില്ല പഞ്ചായത്തുകളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്. ആകെയുള്ള 58,692  സീറ്റുകളില്‍ 20,159 സീറ്റുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിനെതിരെ ബിജെപിയും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയും നല്‍കിയ അപ്പീലാണ് സുപ്രീം കോടതി തള്ളിയത്. കൂടാതെ ഈ സീറ്റുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്നും സുപ്രിം കോടതി ഉത്തരവിട്ടു.  

അതിക്രമത്തിലൂടെയാണ് തൃണമൂല്‍ വിജയിച്ചതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം ആരോപിച്ചിരുന്നു. കൂടാതെ, നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതില്‍നിന്നും തൃണമൂല്‍ പ്രവര്‍ത്തകര്‍ ബലപ്രയോഗത്തിലൂടെ തങ്ങളെ തടയുന്നതായി പ്രതിപക്ഷ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

എന്നാല്‍,  33% സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത് ചിന്താജനകമല്ല എന്ന് തന്നെയാണ് തിരഞ്ഞടുപ്പ് പാനല്‍ അഭിപ്രായപ്പെട്ടത്. ഉത്തര്‍ പ്രദേശില്‍ നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ 57% സ്ഥാനാര്‍ഥികളും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നുവെന്നും തിരഞ്ഞടുപ്പ് പാനല്‍ ചൂണ്ടിക്കാട്ടി. 

 

 

Trending News